ഡല്‍ഹിയിലും മുംബൈയിലും നടക്കുന്ന ലോകകപ്പ് മത്സരങ്ങളില്‍ കരിമരുന്ന് പ്രയോഗം ഉണ്ടാകില്ലെന്ന് പ്രഖ്യാപിച്ച് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് (ബിസിസിഐ). അന്തരീക്ഷ മലിനീകരണത്തിന്റെ അളവ് ഉയരുമെന്നതിനാലാണ് ഇത്തരമൊരു തീരുമാനമെടുത്തത്. ബിസിസിഐ സെക്രട്ടറി ജയ് ഷാ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
‘ഡൽഹിയിലും മുംബൈയിലും വായുവിന്റെ ഗുണനിലവാരം സംബന്ധിച്ചുള്ള ആശങ്കകൾ ബിസിസിഐ. മനസിലാക്കുന്നു. അതുകൊണ്ട് തന്നെ ഈ സ്ഥലങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ കരിമരുന്ന് പ്രയോഗം ഉണ്ടാകില്ല. ക്രിക്കറ്റിന്റെ ആഘോഷമെന്ന നിലയിൽ ലോകകപ്പ് നടത്തും. തങ്ങളുടെ ആരാധകരുടെയും പങ്കാളികളുടെയും താത്പര്യങ്ങൾക്കാണ് എപ്പോഴും ബിസിസിഐ മുൻഗണന നൽകുന്നത്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കും’ എന്നാണ് ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചത്.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്ക് അനുസരിച്ച് ചൊവ്വാഴ്ച മുംബൈയിലെ വായു ഗുണനിലവാര സൂചിക 172 ആണ്. ഈ സാഹചര്യത്തിൽ കരിമരുന്ന് പ്രകടനം അന്തരീക്ഷത്തെ ദോഷകരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. നാളെ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് ഇന്ത്യ-ശ്രീലങ്കയെ മത്സരം നടക്കുക.