വളരെ കാലത്തെ ഇടവേളയ്ക്ക് ശേഷം തന്റെ മകളെ കണ്ട സന്തോഷം പങ്കുവെച്ച് ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. മകൾ ഐറയെ കണ്ട നിമിഷം സമയം പോലും നിലച്ചുപോയെന്നും അവളോടുള്ള തൻ്റെ സ്നേഹം വാക്കുകൾക്ക് നിർവചിക്കാൻ കഴിയില്ലെന്നുമാണ് വികാരനിർഭരനായി ഷമി പറഞ്ഞത്. സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
ഇരുവരും സന്തോഷത്തോടെ ഷോപ്പിങ് മാളിൽ കറങ്ങുന്ന വീഡിയോ ഉൾപ്പെടെ ഷമി ആരാധകർക്കായി പങ്കുവെച്ചിരുന്നു. ‘ഒരുപാട് നാളത്തെ ഇടവേളയ്ക്ക് ശേഷം അവളെ വീണ്ടും കണ്ടപ്പോൾ സമയം നിലച്ചുപോയി. വാക്കുകൾക്ക് നിർവചിക്കാൻ കഴിയുന്നതിനുമപ്പുറം ഞാൻ നിന്നെ സ്നേഹിക്കുന്നു ബേബോ’ എന്നാണ് ഷമി കുറിച്ചത്. ഷമിയുടെ വീഡിയോ ഇതിനോടകം വൈറലാകുകയും ചെയ്തു.
മുൻ ഭാര്യ സഹിൻ ജഹാനിൽ ഷമിക്ക് പിറന്ന മകളാണ് ഐറ. വിവാഹബന്ധം വേർപെടുത്തിയതോടെ ഐറ അമ്മ ഹസിൻ ജഹാനൊപ്പമാണ് താമസിക്കുന്നത്. രണ്ട് വർഷത്തെ പ്രണയത്തിന് ശേഷം 2014-ലായിരുന്നു തന്നേക്കാൾ 10 വയസിന് മൂത്ത ഹസിൻ ജഹാനുമായുള്ള ഷമിയുടെ വിവാഹം. ഹസിന് മുൻ വിവാഹത്തിൽ വേറെയും മക്കളുണ്ട്. വിവാഹം കഴിഞ്ഞ് നാല് വർഷങ്ങൾക്കിപ്പുറം ഇരുവരും വിവാഹമോചിതരുമായി.