ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റൻ എം.എസ് ധോണിയുടെ ആസ്തി 1000 കോടി കടന്നു. ചെന്നൈ സൂപ്പർ കിങ്സ് ടീമിന്റെ ക്യാപ്റ്റനായ ധോണിക്ക് ഒരു സീസണിൽ കിട്ടുന്നത് 12 കോടി രൂപയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ജനപ്രിയ ബ്രാന്റുകളുമായുള്ള പങ്കാളിത്തം, നിക്ഷേപങ്ങൾ, സമൂഹമാധ്യമങ്ങളിൽ നിന്നുള്ള വരുമാനം എന്നിവയാണ് രാജ്യാന്തര ക്രിക്കറ്റിൽനിന്നും വിരമിച്ച ധോണിയുടെ സമ്പത്ത് വർധിപ്പിക്കുന്നത്.
സ്വന്തമായി മൂന്ന് ബ്രാന്റുകളുള്ള ധോണി റിയൽ എസ്റ്റേറ്റ് ബിസിനസിലും സജീവമാണ്. സമൂഹമാധ്യമങ്ങളിലെ പരസ്യങ്ങൾക്കായി മാത്രം ധോണി ഒരു കോടി മുതൽ രണ്ട് കോടി രൂപവരെ വാങ്ങുന്നുണ്ടെന്നാണ് സ്റ്റോക് ഗോ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്. കൂടാതെ 20 ഓളം ബ്രാന്റുകൾക്ക് വേണ്ടി ധോണി ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. അവരിൽ ഓരോരുത്തരിൽ നിന്നും വാങ്ങുന്നത് നാല് മുതൽ ആറ് കോടി രൂപവരെയാണെന്നാണ് റിപ്പോർട്ട്.
ഡെറാഡൂണിലെ ധോണിയുടെ ആഡംബര വീടിന്റെ വില 17.8 കോടി രൂപയാണ്. കൂടാതെ ജന്മനാടായ റാഞ്ചിയിൽ താരത്തിന് ഫാം ഹൗസുമുണ്ട്. ഇവിടെ ബൈക്കുകളുടേയും ആഡംബര കാറുകളുടേയും ശേഖരം തന്നെയാണുള്ളത്. ഇതിനുപുറമെ ധോണി എന്റർടെയിൻമെന്റ് എന്ന സിനിമാ പ്രൊഡക്ഷൻ കമ്പനിയും മഹി റെസിഡൻസി എന്ന പേരിൽ ഹോട്ടലും താരത്തിന് സ്വന്തമായുണ്ട്. നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ മാത്രമാണ് ധോണി കളിക്കുന്നത്.