ഇന്ത്യൻ ക്രിക്കറ്റിലെ മഹേന്ദ്ര ജാലം

Date:

Share post:

2011 ഏപ്രിൽ 2, മുംബൈയിലെ വാങ്കഡെ സ്റ്റേഡിയം. ക്രിക്കറ്റ് ലോകകപ്പിലെ കലാശപ്പോരാട്ടത്തിനുള്ള ആരവങ്ങൾ മുഴങ്ങി. ഒരു തലയ്ക്കൽ മഹേന്ദ്ര സിങ് ധോണി നയിക്കുന്ന ഇന്ത്യൻ പടയും മറുതലയ്ക്കൽ കുമാർ സങ്കക്കാര നയിക്കുന്ന ശ്രീലങ്കൻ ടീമും. 1983ലെ ലോകകപ്പ് വിജയത്തിന് ശേഷം കിരീടമുയർത്തണമെന്ന അതിയായ ആ​ഗ്രഹത്താൽ ധോണിപ്പട ശ്രീലങ്കയോട് കൊമ്പുകോർക്കാനിറങ്ങി. ടോസ് നേടി ശ്രീലങ്ക ബാറ്റിങ് തിരഞ്ഞെടുത്തു. 88 പന്തിൽ നിന്ന് 103 റൺസ് നേടിയ മഹേള ജയവർധനെയുടെ സെഞ്ച്വറിയുടെ പിൻബലത്തിൽ ശ്രീലങ്ക 275 റൺസ് നേടി.

മത്സരത്തിന്റെ തുടക്കത്തിൽ ഇന്ത്യയ്ക്ക് അത്രയങ്ങ് തിളങ്ങാൻ സാധിച്ചില്ല. 31 റൺസ് എടുക്കുന്നതിനിടെ ഇന്ത്യയുടെ ശക്തികേന്ദ്രങ്ങളായ സച്ചിനെയും സെവാ​ഗിനെയും നഷ്ടമായി. എന്നാൽ കോലിയും ​ഗൗതം ​ഗംഭീറും ചേർന്ന് മൂന്നാം വിക്കറ്റിൽ 83 റൺസ് നേടിയെടുത്തു. പിന്നാലെ കോലിയും പുറത്തേയ്ക്ക്. മൂന്നാം വിക്കറ്റ് നഷ്ടമായപ്പോൾ ജയം വിദൂരത്താകുമെന്ന് മുൻകൂട്ടി കണ്ട നായകൻ ധോണി സധൈര്യം മുന്നോട്ടുവന്ന് ​ഗംഭീറിനൊപ്പം വാങ്കടെയിൽ ഇന്ത്യക്കാരുടെ സ്വപ്നങ്ങളിലേയ്ക്ക് ബാറ്റ് വീശി.

പാതി വഴിയിൽ ​ഗംഭീർ വീണെങ്കിലും യുവരാജിനെ കൂട്ടുപിടിച്ച് ധോണി തന്റെ അശ്വമേധം തുടർന്നു. നാല് റൺ മാത്രം വേണ്ടിയിരിക്കെ ഒരു സിക്സറിലൂടെ ധോണി ഇന്ത്യയെ വിജയകിരീടം ചൂടിച്ചു. വാങ്കടെയിൽ ആഹ്ലാദാരവങ്ങൾ അണപൊട്ടി ഒഴുകി. അതെ, 28 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ധോണി എന്ന നായകനിലൂടെ ഇന്ത്യ വീണ്ടും ലോകചാമ്പ്യൻമാരായി. എന്നാൽ ലോകം കീഴടക്കിയ നായകന്റെ അതിവൈകാരികതകളൊന്നും മുഖത്തില്ലാതെ ഒരു ചെറുപുഞ്ചിരിയോടെ കൂൾ ക്യാപ്റ്റൻ ബാറ്റൊന്ന് ചുഴറ്റി എപ്പോഴത്തെയും പോലെ തന്റെ ടീമംഗങ്ങൾക്കിടയിലേയ്ക്ക് നടന്നടുത്തു. ധോണി എന്ന ക്രിക്കറ്റർ ലോകത്തിന് മുന്നിൽ ഒരു ഇതിഹാസമായി മാറിയ മൂഹൂർത്തമായിരുന്നു അത്.

ധോണി എന്ന ക്രിക്കറ്ററുടെ ഉദയം

ഒരു സിനിമാക്കഥ പോലെയാണ് ധോണിയുടെ ജീവിതം. 1981 ജൂലൈ 7-ന് ജാർഖണ്ഡിലെ റാഞ്ചിയിലായിരുന്നു എം.എസ് ധോണിയുടെ ജനനം. ഒരിടത്തരം കുടുംബത്തിലാണ് ധോണി ജനിച്ചത്. ഒരു ശരാശരി വിദ്യാർ‍ത്ഥിയായിരുന്ന മഹിക്ക് കുട്ടിക്കാലത്ത് ക്രിക്കറ്റിനേക്കാൾ താൽപര്യം ബാഡ്മിന്റണും ഫുട്ബോളുമായിരുന്നു. ആറിലും ഏഴിലുമൊക്കെ പഠിക്കുന്ന കാലത്ത് ജില്ലാതലത്തിൽ മികവ് പുലർത്തിയിരുന്ന ഒരു ജൂനിയർ ബാഡ്മിന്റൺ താരവുമായിരുന്നു മഹി. പിന്നീട് ക്രിക്കറ്റിൽ മനസുറപ്പിച്ച ധോണി പത്താം ക്ലാസിന് ശേഷമാണ് ക്രിക്കറ്റിനേക്കുറിച്ച് സീരിയസായി ചിന്തിക്കുന്നത്.

ക്ലബ് ക്രിക്കറ്റിലൂടെ പേരെടുത്ത ധോണി സി.സി.എൽ എന്ന ടീമിന് വേണ്ടി കളത്തിലിറങ്ങി. 1998-99 കാലഘട്ടത്തിൽ ബീഹാറിന്റെ അണ്ടർ 19 ടീമിൽ അം​ഗമാകുകയും ചെയ്തു. ആഭ്യന്തര ക്രിക്കറ്റിലെ മികവിലൂടെയാണ് താരം ഇന്ത്യൻ അണ്ടർ 19 ടീമിലിടം നേടിയത്. ​പിന്നീട് 1999-2000 സീസണിലായിരുന്നു ധോണി ആദ്യമായി രഞ്ജി ട്രോഫി കളിക്കാനിറങ്ങുന്നത്. അന്ന് പുറത്താകാതെ അർധ സെഞ്ച്വറിയുമായി താരം തന്റെ അരങ്ങേറ്റം ശക്തമാക്കി. അണ്ടർ 19 ടീമിലം​ഗമായിരിക്കെ ഇന്ത്യ, കെനിയ, പാക്കിസ്ഥാൻ എന്നിവരുൾപ്പെട്ട ട്രൈ സീരീസിലാണ് ധോണി തന്റെ മികവ് പുറത്തെടുത്തത്. അക്കാലത്ത് വിക്കറ്റ് കീപ്പിങ്ങിലും ധോണി അസാമാന്യ പ്രകടനം കാഴ്ചവെച്ചിരുന്നു.

എന്നാൽ ഇടത്തരം കുടുംബത്തിലെ അം​ഗമായതുകൊണ്ടുതന്നെ ധോണിയുടെ പിതാവിന് മകൻ ക്രിക്കറ്റ് കളിക്കുന്നതിനേക്കാൾ താത്പര്യം സ്വന്തമായി ഒരു വരുമാനമുള്ള ജോലി നേടണമെന്നതായിരുന്നു. അങ്ങനെ കുടുംബത്തിന് വേണ്ടിയും പിതാവിന്റെ ആ​ഗ്രഹം സാധിക്കുന്നതിനുമായി 2001 മുതൽ 2003 വരെയുള്ള കാലഘട്ടത്തിൽ അദ്ദേഹം ഖരക്പൂർ റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് എക്സാമിനറായി ജോലി ചെയ്തു. ജോലിക്കിടയിലും ക്രിക്കറ്റ് മഹിയുടെ മനസിനെ ചുറ്റിവരിഞ്ഞുകൊണ്ടിരുന്നു. അതിനാൽ ജോലിക്ക് ശേഷം തന്റെ ഇഷ്ട വിനോദമായ ക്രിക്കറ്റ് കളിക്കാൻ അദ്ദേഹം സമയവും കണ്ടെത്തി.

എന്നാൽ പിന്നീട് തന്റെ ഭാവി ക്രിക്കറ്റാണെന്ന് തിരിച്ചറിഞ്ഞ ധോണി യാതൊരു മടിയും കൂടാതെ തന്റെ ജോലി രാജിവെച്ചു. ഇതായിരുന്നു മഹിയുടെ ജീവിതത്തിലെ വഴിത്തിരിവ്. തുടർന്ന് തന്റെ തീരുമാനം ശരിയായിരുന്നു എന്ന് തെളിയിക്കുന്ന വിധത്തിൽ 2004-ൽ മഹി ഇന്ത്യൻ എ ടീമിൽ അംഗമായി. പിന്നീടങ്ങോട്ട് ഒരു ക്രിക്കറ്റർ എന്ന നിലയിലെ എം.എസ് ധോണിയുടെ വളർച്ചയാണ് ക്രിക്കറ്റ് ലോകം കണ്ടത്. അധികം വൈകാതെ ഇന്ത്യൻ ദേശീയ ടീമിലേയ്ക്കും ധോണിക്ക് പ്രവേശനം ലഭിച്ചു.

കരിയറിലേയ്ക്ക് ഒരു തിരിഞ്ഞുനോട്ടം

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകൻ, എത്ര വലിയ സമ്മർദ്ദമുണ്ടായാലും ശാന്തത കൈവിടാത്തവൻ, ഓസീസ് ആധിപത്യത്തിന് അന്ത്യം കുറിച്ചുകൊണ്ട് ഇന്ത്യയെ ലോകചാമ്പ്യന്മാരാക്കിയ നായകൻ, ഇന്ത്യൻ ടീമിന്റെ എല്ലാമെല്ലാമായ ക്യാപ്റ്റൻ കൂൾ അങ്ങനെ വിശേഷണങ്ങൾ ഒരുപാടുണ്ട് ഈ റാഞ്ചിക്കാരന്. എന്നാൽ ഇതൊന്നും അത്ര പെട്ടെന്ന് ഉണ്ടായതല്ല. കഠിനാധ്വാനത്തിന്റെയും അർപ്പണ ബോധത്തിന്റെയും ഫലമായാണ് ഈ നേട്ടങ്ങളൊക്കെ ധോണിയെന്ന് താരത്തെ തേടിയെത്തിയത്.

2004 ഡിസംബർ 23ന് ബം​ഗ്ലാദേശുമായുള്ള എകദിനത്തിലായിരുന്നു ദേശീയ ടീമിനായി ധോണി അരങ്ങേറ്റം കുറിച്ചത്. എന്നാൽ അന്ന് നിർഭാഗ്യവശാൽ ധോണിക്ക് മത്സരത്തിൽ തിളങ്ങാൻ സാധിച്ചില്ല. റണ്ണൗട്ടായി മടങ്ങുമ്പോൽ ഒരു പന്തിൽ പൂജ്യം ആയിരുന്നു അന്ന് ധോണിയുടെ സ്കോർ. എങ്കിലും പാക്കിസ്ഥാനുമായുള്ള ഏകദിന പരമ്പരയിലും ധോണിക്ക് പയറ്റാൻ ഒരവസരം ലഭിച്ചു. അത് ധോണി എന്ന പ്രതിഭയെ ക്രിക്കറ്റ് ലോകം വിലയിരുത്തിയ മത്സരം കൂടിയായിരുന്നു. ആ പരമ്പരയിലെ രണ്ടാം എകദിനത്തിലാണ് ധോണി എന്താണെന്ന് ലോകം തിരിച്ചറിയുന്നത്. അന്നത്തെ കളിയിൽ തുടക്കത്തിൽ തന്നെ ഇന്ത്യയ്ക്ക് സച്ചിൻ തെണ്ടുൽക്കറെ നഷ്ടപ്പെട്ടു. മൂന്നാമനായി കളത്തിലിറങ്ങിയ ധോണി ഏവരെയും അമ്പരപ്പിച്ചുകൊണ്ട് 123 പന്തിൽ നിന്ന് 148 റൺസായിരുന്നു അടിച്ചുകൂട്ടിയത്.

അവിടംകൊണ്ടും തീർന്നില്ല. 2005-ലെ ഇന്ത്യ – ശ്രീലങ്ക ഏകദിന പരമ്പരയിൽ ധോണി വീണ്ടും തിളങ്ങി. ഇവിടെയും മൂന്നാമനായി ഇറങ്ങിയ ധോണി കളത്തിൽ ആറാടുകയായിരുന്നു. 145 പന്തിൽ 183 റൺസാണ് താരം ബാറ്റ് ചുഴറ്റി കരസ്ഥമാക്കിയത്. അന്ന് ലോകശ്രദ്ധ പിടിച്ചുപറ്റി പരമ്പരയിലെ ഹാറോയായി മഹി മാറി. പിന്നീടങ്ങോട്ട് താരം ഒരു അക്രമകാരിയായ ക്രിക്കറ്ററായി മാറുകയായിരുന്നു. റിക്കി പോണ്ടിങ്ങിന്റെ കയ്യിലായിരുന്ന അക്കാലത്തെ ഏകദിനത്തിലെ ഒന്നാം റാങ്ക് അദ്ദേഹത്തെ പിന്നിലാക്കി ധോണി അനായാസം കരസ്ഥമാക്കുകയും ചെയ്തു. വെറും 42 ഏകദിനം മാത്രമേ ഒന്നാം റാങ്കിലെത്താൻ ധോണിക്ക് വേണ്ടിവന്നുള്ളു എന്നതാണ് എടുത്തുപറയേണ്ടത്.

തുടർന്ന് വന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ഇന്ത്യയ്ക്ക് പ്രോട്ടീസിന് മുന്നിൽ ദയനീയമായി മുട്ടുമടക്കേണ്ടി വന്നു. ആ പരമ്പരയിൽ 25 എന്ന ശരാശരിയിൽ ബാറ്റ് വീശിയ ധോണി വിക്കറ്റ് കീപ്പിങ്ങിലും മോശമായതോടെ ക്രിക്കറ്റ് ലോകം ഒന്നടങ്കം അദ്ദേഹത്തെ കുറ്റപ്പെടുത്തി. എന്നാൽ ആ കുറ്റപ്പെടുത്തലുകൾക്കുള്ള മറുപടി എന്ന നിലയിൽ ശ്രീലങ്ക, വെസ്റ്റിൻഡീസ് എന്നവരുമായുള്ള പരമ്പര ഇന്ത്യ 3-1ന് ​ഗംഭീരമായി നേടി. 100ന് മുകളിലായിരുന്നു രണ്ട് സീരീസുകളിലും ധോണിയുടെ സ്കോർ.

എന്നാൽ വീണ്ടും നിർഭാ​ഗ്യങ്ങൾ മഹിയെ ചുറ്റിവരിഞ്ഞുകൊണ്ടിരുന്നു. 2007-ലെ ഏകദിന ലോകകപ്പിൽ ഇന്ത്യ അതിദാരുണമായി പരാജയപ്പെട്ടു. ഒപ്പം പൂജ്യത്തിന് ധോണിയും പുറത്തായി. ധോണിക്കും ഇന്ത്യയ്ക്കും അത് വലിയ നാണക്കേട് തന്നെയായിരുന്നു സമ്മാനിച്ചത്. അന്നത്തെ കളിയിൽ മോശം പ്രകടനം കാഴ്ചവെച്ചതിന്റെ പേരിൽ ധോണിയുടെ റാഞ്ചിയിലെ വീടിന് നേരെ ആരാധകർ കല്ലെറിയുകവരെയുണ്ടായി. എന്നാൽ പരാജയങ്ങളെ വിജയത്തിലേയ്ക്കുള്ള പടികളായി കണ്ട ധോണി തിരിച്ചുവരാൻ തന്നെ തീരുമാനിച്ചു. അങ്ങനെ ബം​ഗ്ലാദേശുമായുള്ള ഏകദിന പരമ്പരയിൽ തോൽവിയിലേയ്ക്ക് കൂപ്പുകുത്താൻ പോയ ഇന്ത്യയെ 91 റൺസ് നേടി ധോണി വിജയത്തിലേയ്ക്ക് നയിച്ചു. പിന്നീട് നടന്ന ആഫ്രോ- ഏഷ്യൻ കപ്പിലും ധോണി തന്റെ ക്രിക്കറ്റിലെ തനിസ്വരൂപം പുറത്തെടുത്തു. അതോടെ ധോണി എന്ന പ്രതിഭ ഇന്ത്യൻ ക്രിക്കറ്റിലെ അഭിഭാജ്യ ഘടകമായി മാറുകയായിരുന്നു.

ക്രിക്കറ്ററിൽ നിന്ന് കൂൾ ക്യാപ്റ്റനിലേയ്ക്ക്

ക്രിക്കറ്റിൽ അസാധ്യമായതൊന്നുമില്ലെന്ന് ഇന്ത്യൻ താരങ്ങളെ പറഞ്ഞുപഠിപ്പിച്ച നായകനാണ് ധോണി. സ്കൂൾ ഫുട്ബോളിലും റാഞ്ചിയിലെ ലോക്കൽ ക്ലബ്ബ് മത്സരങ്ങളിലും ​ഗോൾ കീപ്പറായിരുന്ന ധോണി കഠിനാധ്വാനത്തിലൂടെയും പരിശ്രമത്തിലൂടെയുമാണ് തന്റെ ക്രിക്കറ്റഅ കരിയറിലെ പടവുകൾ കയറിയത്. താൻ ഏറെ സ്നേഹിച്ച് വളർത്തിയ സ്വർണ തലമുടി വരെ ക്രിക്കറ്റിന് വേണ്ടി മുറിച്ച് നായകന്റെ മുഴുവൻ സമയ ചുമതലയിലേയ്ക്കും അദ്ദേഹം കടന്നുവന്നു.

2007-ലെ ഏകദിനത്തിന് ശേഷം നടന്ന ഇന്ത്യ – ദക്ഷിണാഫ്രിക്ക, ഇന്ത്യ – ഇം​ഗ്ലണ്ട് എന്നീ പരമ്പരകളിലാണ് ധോണി ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനായി ചുമതല വഹിക്കുന്നത്. പിന്നീട് ഇന്ത്യൻ ടീമിന്റെ നായകനുമായി. സച്ചിനും ദ്രാവിഡുമുൾപ്പെടെയുള്ള സീനിയർ താരങ്ങൾ ഇറങ്ങാതിരുന്ന മത്സരത്തിൽ സച്ചിന്റെ നിർദേശപ്രകാരം ധോണിയെ ഇന്ത്യൻ ടീമിന്റെ നായകനായി അവരോധിക്കുകയായിരുന്നു. 2007-ലെ പ്രഥമ ടി20 ലോകകപ്പ് ധോണി എന്ന നായകന് കീഴിൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് ഇന്ത്യ കിരീടം ചൂടി. ടീമിലെ യുവതാരങ്ങളെ പിന്നീട് നായകനെന്ന നിലയിൽ ധോണി നന്നായി പാകപ്പെടുത്തി. സമ്മർദ്ദങ്ങളിൽ നഖം കടിച്ച് മാറി നിൽക്കുന്ന നായകന്മാരെ അന്നുവരെ കണ്ടിരുന്ന ക്രിക്കറ്റ് ലോകത്തിന് സമ്മർദ്ദങ്ങൾ ലെവലേശം ഏൽക്കാത്ത ധോണി ഒരു അത്ഭുത കാഴ്ചയായിരുന്നു.

പിന്നീട് 2008-ലാണ് ധോണി ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായക സ്ഥാനം ഏറ്റെടുക്കുന്നത്. 2009-ലെ ഇന്ത്യ – ശ്രീലങ്ക ടെസ്റ്റ് പരമ്പരയിലും ധോണി നായകനായി മിന്നിത്തിളങ്ങി. അന്ന് ധോണിയുടെ രണ്ട് സെഞ്ച്വറികളോടെ ഇന്ത്യ ടെസ്റ്റ് പരമ്പര തൂത്തുവാരുകയും ആദ്യമായി ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമതെത്തുകയും ചെയ്തു. ധോണിയുടെ കരിയറിലെ പ്രധാന പൊൻതൂവലായിരുന്നു 2011-ലെ ലോകകപ്പിലെ ഇന്ത്യയുടെ വിജയം. 28 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ധോണി എന്ന നായകനിലൂടെ ഇന്ത്യ ലോകചാമ്പ്യൻമാരായി കരുത്ത് തെളിയിച്ചത്. പിന്നീട് 2013-ലെ ചാമ്പ്യൻസ് ട്രോഫിയും ധോണിയിലൂടെ ഇന്ത്യ കരസ്ഥമാക്കി. ഐ.സി.സിയുടെ മൂന്ന് ടൂർണമെന്റിലും ടീമിനെ ചാമ്പ്യന്മാരാക്കിയ ഏകനായകൻ കൂടിയാണ് ധോണി.

ഏറ്റവും കൂടുതൽ തവണ ടീമിനെ നയിച്ച നായകൻ, ഇന്ത്യയ്ക്ക് വേണ്ടി എല്ലാ ഫോർമാറ്റിലും ഏറ്റവുമധികം വിജയം സമ്മാനിച്ച നായകൻ, ഏറ്റവുമധികം സിക്സർ നേടിയ നായകൻ എന്നിങ്ങനെ അനവധി റെക്കോർഡുകൾ ധോണിയുടെ പേരിലുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ കിരീട നേട്ടങ്ങളുടെ സുവർണ കാലഘട്ടത്തിന്റെ നായകനായി എം.എസ് ധോണി എന്ന പ്രതിഭ മാറി.

ക്രിക്കറ്റിൽ നിന്നുള്ള പടിയിറക്കം

ഏതൊരു കടുത്ത സാഹചര്യത്തെയും വ്യക്തമായ മുൻവിധികളോടെ നോക്കിക്കണ്ടിരുന്നു ധോണി. നിർണായക മൂഹൂർത്തങ്ങളിൽ ധോണിയെടുക്കുന്ന തീരുമാനങ്ങൾ പൂർണ്ണമായും ശരിയുമായിരുന്നു. ടൂർണമെന്റുകളിൽ നേടുന്ന കിരീടം ടീമംഗങ്ങൾക്ക് കൈമാറി ടീമിനുള്ളിൽ എവിടെയെങ്കിലുമായി ഒതുങ്ങിക്കൂടുകയായിരുന്നു ധോണിയുടെ പതിവ്. ഒരു നായക പരിവേഷമില്ലാതെ.. വിജയങ്ങളും കിരീടങ്ങളും ഓരോന്നായി അദ്ദേഹത്തിന്റെ നായകനിലൂടെ ഇന്ത്യ വെട്ടിപ്പിടിച്ചു. ലിമിറ്റഡ് ഓവർ ക്രിക്കറ്റിലെ ഏക്കാലത്തെയും മികച്ച നായകനായും ധോണി പേരെടുത്തു. എന്നാൽ ആരാധകരെയും ക്രിക്കറ്റ് ലോകത്തെയും ഞെട്ടിച്ച് ഒരു ദിവസം അദ്ദേഹം ക്രിക്കറ്റ് കരിയർ അവസാനിപ്പിച്ചു.

2014-ലെ ഒസീസുമായുള്ള ടെസ്റ്റ് പരമ്പരയിലായിരുന്നു ധോണി തന്റെ ടെസ്റ്റ് കരിയർ അവസാനിപ്പിച്ചത്. എങ്കിലും മറ്റ് ഫോർമാറ്റുകളിൽ നിറസാന്നിധ്യമായിരുന്ന അദ്ദേഹം 2015-ലെ ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്കായി ഉജ്ജ്വല പ്രകടനം കാഴ്ചവെച്ചു. സെമിയിലെ പരാജയത്തോടെ ഇന്ത്യ പുറത്തായെങ്കിലും ​ഗ്രൂപ്പ് ഘട്ടത്തിൽ ടോപ്പറായാണ് ഇന്ത്യ മടങ്ങിയത്. ടീമിന് വേണ്ടി എന്തും ചെയ്യുന്ന നായകനായിരുന്ന ധോണി 2017-ലാണ് നായകസ്ഥാനം ഒഴിയുന്നത്. തുടർന്ന് നടന്ന 2019 ലോകകപ്പിലെ സെമിയിലേറ്റ പരിജയത്തിന് ശേഷം ധോണി ഇന്ത്യയ്ക്ക് വേണ്ടി കളത്തിലിറങ്ങിയിട്ടില്ല. സ്വന്തം ക്രിക്കറ്റ് ജീവിതം ഏറ്റവും മനോഹരമായി അദ്ദേഹം ഉപസംഹരിച്ചു.

എങ്കിലും ഐ.പി.എൽ മത്സരങ്ങളിൽ സജീവമാണ് ധോണി. 90 ടെസ്റ്റിലും 350 ഏകദിനത്തിലും 98 ടി20യിലും ധോണി ഇന്ത്യയ്ക്ക് വേണ്ടി കളത്തിലിറങ്ങി. ടെസ്റ്റിൽ 4,876 റൺസും ഏകദിനത്തിൽ 10,773 റൺസും ടി20യിൽ 1,617 റൺസുമാണ് താരം നേടിയത്. ഐ.പി.എല്ലിലും മികച്ച പ്രകടനമാണ് ധോണി കാഴ്ചവെക്കുന്നത്. അതിന്റെ ഭാ​ഗമായി അഞ്ച് തവണ ചെന്നൈ സൂപ്പർ കിങ്സിന് കിരീടം സമ്മാനിക്കാനും ധോണിക്ക് സാധിച്ചു.

പകരക്കാരനില്ലാത്ത പ്രതിഭ

അവസാന ഓവറിലെ അവസാന പന്തുവരെ കളിച്ചുതീർത്തശേഷം മാത്രമേ ക്രിക്കറ്റിലെ പ്രതീക്ഷ കൈവിടാവുവെന്ന് ഇന്ത്യൻ ടീമിനെ പഠിപ്പിച്ച ക്യാപ്റ്റനാണ് എം.എസ്. ധോണി. മുൻനിര തകർന്നാൽ കളി തോൽക്കുമെന്ന് വിശ്വസിച്ചിരുന്ന ഒരു തലമുറയെ അവസാന നിമിഷം വരെ ആത്മവിശ്വാസം കൈവിടരുതെന്ന് പഠിപ്പിച്ച കൂൾ ക്യാപ്റ്റൻ. ധോണിക്ക് ഒരു പിൻ​ഗാമി എന്നത് അത്ര എളുപ്പമല്ല. ഇന്ത്യയ്ക്ക് വെറുമൊരു നായകൻ, ബാറ്റ് മാൻ, വിക്കറ്റ് കീപ്പർ എന്നിവ മാത്രമായിരുന്നില്ല ധോണി. ഒരു കാലഘട്ടത്തെ ക്രിക്കറ്റിന്റെ എല്ലാമെല്ലാമായിരുന്നു. അതുകൊണ്ടുതന്നെയാണ് ധോണിയോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ ഏഴാം നമ്പർ ജേഴ്സി ഇനി ആർക്കും നൽകില്ലെന്ന് കഴിഞ്ഞ ദിവസം ബി.സി.സി.ഐ തീരുമാനിച്ചത്. നിലവിൽ സച്ചിൻ തെണ്ടുൽക്കറിന് ശേഷം ഇത്തരമൊരു ബഹുമതി ലഭിക്കുന്ന താരമായും ധോണി മാറി.

എണ്ണിയാൽ തീരാത്തത്ര മത്സരങ്ങളിൽ ഹെലികോപ്റ്റർ ഷോട്ടുകളിലൂടെ ആരാധകരെ ത്രസിപ്പിച്ച ഫിനിഷർ എന്ന പേരിലും ക്രിക്കറ്റ് ലോകത്തെ വിസ്‌മയിപ്പിച്ച താരമാണ് അദ്ദേഹം. ലോകക്രിക്കറ്റിൽ എക്കാലവും സ്വയം നവീകരിച്ചുകൊണ്ടിരുന്ന താരം. ആരാധക മനസിൽ എം.എസ് ധോണിയെന്ന പ്രതിഭ എന്നുമുണ്ടാകും.. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകനായി… കൂൾ ക്യാപ്റ്റനായി.

ലിറ്റി ജോസ്
ലിറ്റി ജോസ്
ഏഷ്യ ലൈവ് റിപ്പോർട്ടർ

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദുബായിലെ ബസ് ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി ആർടിഎ

ദുബായിലെ ബസ് ​ഗതാ​ഗത ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി റോഡ്‌സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). യുഎഇയിലുടനീളമുള്ള യാത്രക്കാർക്ക് സുഗമവും കാര്യക്ഷമവുമായ ദൈനംദിന...

ഹിറ്റായി ‘പെരിയോനേ…’; ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയാ പുരസ്കാരം നേടി എ.ആർ റഹ്മാൻ

മലയാള സിനിമാ പ്രേക്ഷകരെ ഏറെ ആവേശത്തിലാഴ്ത്തിയ ചിത്രമാണ് ബ്ലെസി സംവിധാനം ചെയ്‌ത ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഇപ്പോൾ 2024-ലെ...

‘സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭ’; മേഘനാഥന്റെ വിയോ​ഗത്തില്‍ വേദനയോടെ മമ്മൂട്ടിയും മോഹന്‍ലാലും

നടൻ മേഘനാഥൻ്റെ വിയോ​ഗത്തിൽ അനുശോനം രേഖപ്പെടുത്തി താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. അഭിനയത്തിൽ സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭയുള്ള നടനായിരുന്നു മേഘനാഥനെന്ന് മോഹൻലാൽ കുറിച്ചപ്പോൾ മേഘനാഥന്റെ...

അക്ഷരപ്രേമികളുടെ സം​ഗമം; 47-ാമത് കുവൈത്ത് ഇന്റർനാഷണൽ പുസ്തകമേളക്ക് തുടക്കം

47-ാമത് കുവൈത്ത് ഇൻ്റർനാഷണൽ പുസ്‌തകമേളക്ക് തുടക്കമായി. മിഷ്റിഫ് അന്താരാഷ്ട്ര ഫെയർ ഗ്രൗണ്ടിൽ സാംസ്‌കാരിക - യുവജനകാര്യ മന്ത്രി അബ്‌ദുൽ റഹ്‌മാൻ അൽ മുതൈരിയാണ് പ്രദർശനം...