മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി 200 കോടി ക്ലബ്ബിൽ ഇടംനേടിയ സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്. കേരളത്തിന് പുറത്ത് തമിഴ്നാട്ടിലും കർണ്ണാടകയിലുമായി ചിത്രം റെക്കോർഡുകളാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. റിലീസ് ചെയ്ത് ഒരു മാസം പിന്നിടുന്ന ചിത്രം ആഗോളതലത്തിലാണ് ശ്രദ്ധ നേടുന്നത്. അതുകൊണ്ടുതന്നെ തിയേറ്ററിലേയ്ക്ക് ഒഴുകിയെത്തുന്ന സിനിമാ പ്രേമികളുടെ എണ്ണവും വർധിക്കുകയാണ്.
ഇപ്പോൾ കൂൾ ക്യാപ്റ്റൻ സാക്ഷാൽ എം.എസ് ധോണിയാണ് മഞ്ഞുമ്മൽ ബോയ്സ് കാണാനെത്തിയത്. ഐപിഎല്ലിൽ ബംഗളൂരുവിനെതിരായ വിജയം ധോണി ആഘോഷിച്ചത് തിയേറ്ററിൽ പോയി മഞ്ഞുമ്മൽ ബോയ്സ് കണ്ടാണ്. ചെന്നൈയിലെ പിവിആർ സത്യം സിനിമാസിലെത്തിയാണ് ക്യാപ്റ്റൻ സിനിമ കണ്ടത്. ചെന്നൈ സൂപ്പർ കിങ്സിലെ സഹതാരം ദീപക് ചാഹറിനൊപ്പമാണ് മാഹി തിയേറ്ററിലെത്തിയത്.
ധോണി സിനിമ കണ്ടിറങ്ങിയപ്പോഴാണ് ആരാധകർ അദ്ദേഹത്തെ കാണുന്നത്. അതോടെ പ്രിയ താരത്തിനൊപ്പം ഫോട്ടോയെടുക്കാനുള്ള തിക്കും തിരക്കും ആരംഭിച്ചു. മാഹി..മാഹി.. എന്ന ജയ് വിളികളോടെയാണ് താരത്തെ ആരാധകർ പൊതിഞ്ഞത്. തങ്ങളുടെ ഇഷ്ട താരത്തെ ഒരു നോക്ക് കാണാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകർ.