ഐപിഎല്ലിൽ രണ്ടാം സെഞ്ച്വറി നേടിയിട്ടും നിരാശ നിറഞ്ഞ മുഖവുമായി കളംവിട്ടിറങ്ങി മുംബൈ ഇന്ത്യൻസ് താരം രോഹിത് ശർമ്മ. ചെന്നൈ സൂപ്പർ കിങ്സിനെതിരേ ടീം പരാജയപ്പെട്ടതോടെ വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ലഭിച്ച സെഞ്ച്വറി ആഘോഷിക്കാൻ പോലും രോഹിത്തിന് മനസുവന്നില്ല. അർധ സെഞ്ച്വറി നേടിയാൽ പോലും കാണികളെ അഭിവാദ്യം ചെയ്യുന്ന മറ്റ് താരങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരു ചെറുപുഞ്ചിരി പോലും താരത്തിന്റെ മുഖത്തുണ്ടായിരുന്നില്ല.
2012 മേയ് 12-ന് കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നൈറ്റ് റൈഡേഴ്‌സിനെതിരെയായിരുന്നു മുംബൈ ഇന്ത്യൻസ് താരം രോഹിത് ശർമയുടെ കരിയറിലെ ആദ്യ ഐപിഎൽ സെഞ്ച്വറി. പിന്നീട് 11 വർഷങ്ങൾക്ക് ശേഷമാണ് കഴിഞ്ഞ ദിവസം വാങ്കെഡെ സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരേ രോഹിത് സെഞ്ച്വറി നേടുന്നത്. തന്റെ 37–ാം വയസിലാണ് രോഹിത് ഐപിഎല്ലിലെ രണ്ടാം സെഞ്ച്വറി പൂർത്തിയാക്കിയത്.
ചെന്നൈക്കെതിരെ അവസാന ഓവറിൽ സെഞ്ച്വറി തികച്ചെങ്കിലും നോൺ സ്ട്രൈക്കേഴ്സ് എൻഡിലുണ്ടായിരുന്ന മുഹമ്മദ് നബിക്കരികിലെത്തി ഷേക്ക് ഹാൻഡ് നൽകുക മാത്രമാണ് രോഹിത് ചെയ്‌തത്. 63 പന്തിൽ നിന്ന് അഞ്ച് സിക്സും 11 ഫോറുമടക്കം 105 റൺസോടെ പുറത്താകാതെ രോഹിത് നിന്നു. ചെന്നൈ ഉയർത്തിയ 207 റൺസ് പിന്തുടർന്ന മുംബൈ ഇന്ത്യൻസിന് 186 റൺസെടുക്കാനേ സാധിച്ചുള്ളൂ. മത്സരശേഷം അധികം ആർക്കും ഹസ്‌തദാനം നൽകാതെ മടങ്ങാൻ ശ്രമിച്ച രോഹിത്തിനെ ആശ്വസിപ്പിക്കാൻ എം.എസ്. ധോണിയുടെ പാടുപെട്ടു. രോഹിത്തിൻ്റെ പുറത്തുതട്ടി ധോണി ആശ്വസിപ്പിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു.