കുറച്ച് നാളുകളായി ക്രിക്കറ്റ് ആരാധകർ ഒന്നടങ്കം പ്രിയപ്പെട്ട താരം മുഹമ്മദ് ഷമിക്ക് വേണ്ടിയുള്ള പ്രാർത്ഥനയിലാണ്. ഇടത് കണങ്കാലിനേറ്റ പരിക്കിനെത്തുടർന്ന് ചികിത്സയിലായ താരം യുകെയിൽ ശസ്ത്രക്രിയയ്ക്കായുള്ള തയ്യാറെടുപ്പിലായിരുന്നു. ഇപ്പോൾ ആശുപത്രി ചിത്രത്തോടൊപ്പം തന്റെ ശസ്ത്രക്രിയ വിജയകരമാണെന്നും തിരിച്ചുവരുമെന്നും കുറിച്ചിരിക്കുകയാണ് താരം.
“ശസ്ത്രക്രിയ വിജയകരമാണ്, പരിക്ക് ഭേദമാവാൻ സമയമെടുക്കും. എങ്കിലും ഞാൻ തിരിച്ചുവരവിന്റെ പാതയിലാണ്” എന്നാണ് ഷമി എക്സിൽ കുറിച്ചത്. ഇതോടെ നിരവധി പേരാണ് ആരോഗ്യവാനായി മടങ്ങിവരൂ എന്ന് താരത്തിനോട് പറയുന്നത്.
കഴിഞ്ഞ നവംബറിൽ നടന്ന ഏകദിന ലോകകപ്പ് ഫൈനലിലാണ് 33-കാരനായ ഷമി ഇന്ത്യയ്ക്കായി ഒടുവിൽ കളത്തിലിറങ്ങിയത്. ജനുവരിയിൽ പരുക്ക് മാറാനുള്ള കുത്തിവയ്പ്പെടുക്കാൻ ലണ്ടനിലേക്ക് പോയ ഷമി കളം നിറയാനായി തിരിച്ചുവരാനുള്ള ഒരുക്കത്തിലായിരുന്നു. എന്നാൽ ഇത് ഫലം കാണാതിരുന്നതോടെയാണ് ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചത്. തന്റെ കാലിലെ വേദന സഹിച്ചാണ് ഷമി ഏകദിന ലോകകപ്പിലെ മത്സരങ്ങളിൽ നിറഞ്ഞാടിയതെന്ന വാർത്തകൾ ഇതിനോടകം ക്രിക്കറ്റ് ലോകത്ത് ചർച്ചയായിരുന്നു. തന്റെ ആരോഗ്യത്തേക്കാൾ ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഷമി തിരിച്ചുവരുന്നതും കാത്തിരിക്കുകയാണ് ആരാധകർ.