ക്രിക്കറ്റ് ആരാധകർ നെഞ്ചിലേറ്റിയ താരമാണ് മുഹമ്മദ് ഷമി. വിക്കറ്റ് വീഴ്ത്തുന്നതിൽ വിരുതനായ ഷമിയെ ആരാധനയോടെയാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. ഇപ്പോൾ ആരാധകരെ ദു:ഖത്തിലാഴ്ത്തുന്ന ഒരു വാർത്തയാണ് പുറത്തുവരുന്നത്. ഇടതു കാലിന് പരുക്കേറ്റ താരം യുകെയിൽ ശസ്ത്രക്രിയ നടത്താൻ ഒരുങ്ങുകയാണ്. അതിനാൽ താരത്തിന് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ കളിക്കാനാകില്ല.
കഴിഞ്ഞ നവംബറിൽ നടന്ന ഏകദിന ലോകകപ്പ് ഫൈനലിലാണ് 33-കാരനായ ഷമി ഇന്ത്യയ്ക്കായി ഒടുവിൽ കളത്തിലിറങ്ങിയത്. ജനുവരിയിൽ പരുക്ക് മാറാനുള്ള കുത്തിവയ്പ്പെടുക്കാൻ ലണ്ടനിലേക്ക് പോയ ഷമി കളം നിറയാനായി തിരിച്ചുവരാനുള്ള ഒരുക്കത്തിലായിരുന്നു. എന്നാൽ ഇത് ഫലം കാണാതിരുന്നതോടെയാണ് ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചത്. അധികം വൈകാതെ താരം ശസ്ത്രക്രിയയ്ക്കായി യുകെയിലേയ്ക്ക് പോകുമെന്നാണ് ബിസിസിഐ വൃത്തങ്ങൾ നൽകുന്ന സൂചന.
തന്റെ കാലിലെ വേദന സഹിച്ചാണ് ഷമി ഏകദിന ലോകകപ്പിലെ മത്സരങ്ങളിൽ നിറഞ്ഞാടിയതെന്ന വാർത്തകൾ ഇതിനോടകം ക്രിക്കറ്റ് ലോകത്ത് ചർച്ചയായിരുന്നു. തന്റെ ആരോഗ്യത്തേക്കാൾ ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഷമി തിരിച്ചുവരുന്നതും കാത്തിരിക്കുകയാണ് ആരാധകർ.