ഐപിഎല്ലിലെ കിരീട നേട്ടത്തിന് പിന്നാലെ ആരാധകരെ ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക്. ദേശീയ ടീമിലെ ഏതെങ്കിലുമൊരു ഫോർമാറ്റിൽ നിന്ന് വിരമിച്ചേക്കുമെന്നും ഫ്രാഞ്ചൈസി ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്നും താരം വെളിപ്പെടുത്തി. ഐപിഎല്ലിൽ കൊൽക്കത്തയുടെ കിരീടനേട്ടത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു സ്റ്റാർക്കിന്റെ പ്രഖ്യാപനം.
ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കാനാണ് സാധ്യതയെന്നായിരുന്നും സ്റ്റാർക്ക് വ്യക്തമാക്കി. ‘കഴിഞ്ഞ ഒമ്പത് വർഷമായി ഓസ്ട്രേലിയൻ ക്രിക്കറ്റിനാണ് ഞാൻ കൂടുതൽ പ്രാധാന്യം നൽകിയത്. ശരീരത്തിന് ആവശ്യമായ വിശ്രമം നൽകാനും കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവിടാനുമായി ഫ്രാഞ്ചൈസി ക്രിക്കറ്റിൽ നിന്ന് പലപ്പോഴും പിൻമാറിയിട്ടുണ്ട്. ഇനി മുന്നോട്ട് പോകുമ്പോൾ കരിയറിന്റെ അവാസനത്തോട് അടുക്കുന്ന ഞാൻ ഏതെങ്കിലും ഒരു ഫോർമാറ്റ് ഉപേക്ഷിക്കാനാണ് സാധ്യത. ഏകദിന ലോകകപ്പ് ഏറെ ദൂരെ ആയതിനാൽ ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്ന കാര്യം ആലോചിക്കുമെന്നും അതോടെ ഫ്രാഞ്ചൈസി ക്രിക്കറ്റിൽ കളിക്കാൻ കൂടുതൽ സമയം ലഭിക്കും’ എന്നാണ് സ്റ്റാർക്ക് പറഞ്ഞത്.
ഐപിഎല്ലിൽ കളിക്കാൻ സാധിച്ചത് ടി20 ലോകകപ്പിനുള്ള മികച്ച മുന്നൊരുക്കമായെന്നും അടുത്തവർഷത്തെ മത്സരക്രമത്തെക്കുറിച്ച് ഇപ്പോൾ അറിയില്ലെങ്കിലും കൊൽക്കത്തക്കായി കളിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും സ്റ്റാർക്ക് വ്യക്തമാക്കി. ഐപിഎൽ താരലേലത്തിൽ 24.75 കോടി എന്ന റെക്കോർഡ് തുകയ്ക്കാണ് കൊൽക്കത്ത സ്റ്റാർക്കിനെ ടീമിലെത്തിച്ചത്.