അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങളിൽ ഒരു ചരിത്ര നേട്ടം കൂടി സ്വന്തമാക്കി ലയണൽ മെസ്സി. കഴിഞ്ഞ ദിവസം കുറസാവോയ്‌ക്കെതിരെ നടന്ന മത്സരത്തിൽ 100 ഗോളെന്ന നേട്ടം മെസ്സി മറികടന്നു. മത്സരത്തിൻ്റെ 20ആം മിനുട്ടിലായിരുന്നു മെസ്സി ഗോൾ വല ചലിപ്പിച്ച് മെസ്സി സെഞ്ച്വറി ഗോൾ സ്വന്തമാക്കിയത്. തൻ്റെ 174-മത്തെ മത്സരത്തിലാണ് മെസ്സി നേട്ടം കുറിച്ചത്.
ലോക ഫുട്ബോൾ ചരിത്രത്തിൽ നൂറ് ഗോൾ തികയ്‌ക്കുന്ന മൂന്നാമത്തെ താരമാണ് ലയണൽ മെസ്സി. പോർച്ചുഗലിൻ്റെ ക്രിസ്റ്റ്യാനോ റൊണാൾഡോ,ഇറാൻ്റെ അലി ദേയി എന്നിവരാണ് മറ്റ് രണ്ടുപേർ. റൊണാൾഡോ 122 ഗോളുകൾ നേടിയിട്ടുണ്ട്.109 ഗോളാണ് അലി ദേയിയുടെ ഇതുവരെയുളള സമ്പാദ്യം.
2004ൽ അർജൻ്റീന അണ്ടർ 20 ടീമിലെത്തിയ മെസ്സി 2005മുതലാണ് ദേശീയ കുപ്പായം അണിഞ്ഞുതടുങ്ങിയത്. 2006 മുതൽ 2022 വരെ അഞ്ച് ലോകകപ്പ് ഫുട്‌ബോൾ ടൂർണമെൻ്റുകളിലും മെസ്സി അർജൻ്റീനയ്ക്കായി കളത്തിലിറങ്ങി. 2005 ഓഗസ്റ്റ് 17ന് ഹംഗറിക്കെതിരേയായിരുന്നു അരങ്ങേറ്റം.2006 മാർച്ച് ഒന്നിന് ക്രൊയേഷ്യക്കെതിരേയാണ് ഫുട്ബോൾ മിശിഹയുടെ ആദ്യ ഗോൾ പിറന്നത്.
അതേസമയം മത്സരത്തില്‍ കുറസാവോയെ അര്‍ജൻ്റീന എതിരില്ലാത്ത ഏഴു ഗോളുകള്‍ക്ക് തോൽപ്പിച്ചു. കളിയിൽ മെസ്സി ഹാട്രിക്കും സ്വന്തമാക്കി.