മെസി മാജിക്കിലൂടെ 2023 ലീഗ്സ് കപ്പ് ഫൈനലിൽ പ്രവേശിച്ച് ഇന്റർ മിയാമി. സെമി ഫൈനലിൽ ഫിലാഡൽഫിയ യൂണിയനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്താണ് ഇന്റർ മിയാമി ലീഗ്സ് കപ്പിന്റെ ഫൈനലിൽ പ്രവേശിച്ചത്. ഇതാദ്യമായാണ് ഇന്റർ മിയാമി ലീഗ്സ് കപ്പിന്റെ ഫൈനലിലെത്തുന്നത്. മെസിയുടെ വരവോടെ ടീം അതിഗംഭീരമായ കുതിപ്പാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ലീഗ്സ് കപ്പിൽ നിലവിൽ മെസിയാണ് ഗോൾവേട്ടക്കാരിൽ ഒന്നാമത് നിൽക്കുന്ന താരം.
മെസി ടീമിലെത്തിയ ശേഷം ഇന്റർ മിയാമി ഒരു മത്സരത്തിൽപ്പോലും പരാജയപ്പെട്ടിട്ടില്ല. ഈ വിജയത്തോടെ 2024-ലെ കോൺകകാഫ് ചാമ്പ്യൻസ് കപ്പിനുള്ള യോഗ്യതയും മിയാമി സ്വന്തമാക്കി. ഇതാദ്യമായാണ് ഇന്റർ മിയാമി ചാമ്പ്യൻസ് കപ്പിന് യോഗ്യത നേടുന്നത്. ജോസഫ് മാർട്ടിനെസ്, ജോർഡി ആൽബ, ഡേവിഡ് റൂയിസ് എന്നിവരും മെസിക്കൊപ്പം ഇന്റർ മിയാമിയ്ക്ക് വേണ്ടി ലക്ഷ്യം കണ്ടു. മത്സരം തുടങ്ങി മൂന്നാം മിനിറ്റിൽ തന്നെ മാർട്ടിനെസിലൂടെ ഇന്റർ മിയാമി ലീഡ് നേടി. മത്സരത്തിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത മെസി 20-ാം മിനിറ്റിൽ ടീമിനായി ഗോളടിച്ചു. മിയാമിയിലേയ്ക്ക് എത്തിയതിന് ശേഷം ആറുമത്സരങ്ങളിൽ നിന്നായി മെസി നേടുന്ന ഒൻപതാമത്തെ ഗോളാണിത്.
പിന്നാലെ ആദ്യപകുതിയുടെ ഇൻജുറി ടൈമിൽ ജോർഡി ആൽബ ഇന്റർ മിയാമിയുടെ ലീഡ് മൂന്നാക്കി ഉയർത്തി. 73-ാം മിനിറ്റിൽ ബെഡോയ ഒരു ഗോൾ ഫിലാഡൽഫിയയ്ക്ക് വേണ്ടി തിരിച്ചടിച്ചെങ്കിലും 84-ാം മിനിറ്റിൽ റൂയിസിലൂടെ ഇന്റർമിയാമി നാലാം ഗോളടിച്ചു. ഇതോടെയാണ് മിയാമി ഫൈനലിലേക്ക് പ്രവേശിച്ചത്. ഫൈനലിൽ മോണ്ടെറിയോ നാഷ്വില്ലെയോ ആയിരിക്കും ഇന്റർമിയാമിയുടെ എതിരാളി.