മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും പശ്ചിമ ബംഗാൾ കായിക മന്ത്രിയുമായ മനോജ് തിവാരി ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു. നല്ലൊരു കളിക്കാരനും അതിലുപരി മികച്ചൊരു രാഷ്ട്രീയക്കാരനുമായ തിവാരി 2015-ലാണ് അവസാനമായി ദേശീയ ടീമിന്റെ ജേഴ്സിയണിഞ്ഞത്. ആഭ്യന്തര ക്രിക്കറ്റിൽ ബംഗാളിനായി കളിതുടർന്ന അദ്ദേഹം 2023 ഫെബ്രുവരി വരെ കളത്തിൽ സജീവമായിരുന്നു. ഇത്തവണ പശ്ചിമ ബംഗാളിനെ രഞ്ജി ട്രോഫി ഫൈനലിലെത്തിച്ച ക്യാപ്റ്റൻ കൂടിയാണ് തിവാരി. ക്രിക്കറ്റിന് പുറമെ രാഷ്ട്രീയത്തിലും താത്പര്യമുണ്ടായിരുന്ന അദ്ദേഹം 2021-ൽ തൃണമൂൽ കോൺഗ്രസിൽ ചേരുകയും അതേ വർഷം അവസാനം പശ്ചിമ ബംഗാൾ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. നിലവിൽ ബംഗാളിലെ കായിക മന്ത്രിയാണ് മനോജ് തിവാരി.
‘ക്രിക്കറ്റിനോട് വിട. ഈ കളിയാണ് എനിക്ക് എല്ലാം തന്നത്, എനിക്ക് സ്വപ്നം പോലും കാണാനാകാത്ത പലതും. പ്രത്യേകിച്ചും എന്റെ ജീവിതം വിവിധ പ്രതിസന്ധികളാൽ വെല്ലുവിളി നേരിട്ട കാലം മുതൽ. ഈ കളിയോട് ഞാൻ എന്നും നന്ദിയുള്ളവനായിരിക്കും. എപ്പോഴും എനിക്കൊപ്പം ഉണ്ടായിരുന്ന ദൈവത്തിനും നന്ദി’ എന്നാണ് അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.
ബംഗാളിനായി ആഭ്യന്തര ക്രിക്കറ്റിൽ അരങ്ങേറിയ തിവാരി ഐപിഎല്ലിൽ ഡൽഹി ഡെയർഡെവിൾസ് (ഡൽഹി ക്യാപ്പിറ്റൽസ്), കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, കിങ്സ് ഇലവൻ പഞ്ചാബ് (പഞ്ചാബ് കിങ്സ്), റൈസിങ് പൂന സൂപ്പർജയന്റ്സ് തുടങ്ങിയ ടീമുകൾക്കായും കളത്തിലിറങ്ങിയിട്ടുണ്ട്. 2007-2008 കോമൺവെൽത്ത് ബാങ്ക് സീരീസിൽ ഓസ്ട്രേലിയക്കെതിരെയായിരുന്നു തിവാരിയുടെ ഇന്ത്യൻ അരങ്ങേറ്റം. പിന്നാലെ 2011-ലെ വിൻഡീസിനെതിരായ പരമ്പരയിലെ അഞ്ചാം മത്സരത്തിൽ സെഞ്ച്വറിയും നേടിയിരുന്നു.