ഇംഗ്ലീഷ് ക്ലബ് സീസണിലെ ആദ്യകിരീടമായ യുവേഫ സൂപ്പർ കപ്പ് സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി. ഷൂട്ടൗട്ടിൽ അടിപതറിയ സ്പാനിഷ് ക്ലബ് സെവിയ്യയെ തകർത്താണ് സിറ്റി വിജയം ഉറപ്പിച്ചത്. പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ 5–4നായിരുന്നു സിറ്റിയുടെ ജയം. കഴിഞ്ഞ സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ്, എഫ്എ കപ്പ്, യുവേഫ ചാംപ്യൻസ് ലീഗ് ട്രോഫികൾ സിറ്റി സ്വന്തമാക്കിയിരുന്നു.
മത്സരത്തിന്റെ തുടക്കത്തിൽ ഇരുടീമുകളും സമനിലയിലായിരുന്നുവെങ്കിലും കളിയുടെ 25-ാം മിനിറ്റിൽ സെവിയ്യ ലീഡ് ചെയ്യുകയായിരുന്നു. മൊറോക്കൻ താരം യൂസഫ് എൻ നസീരിയായിരുന്നു ഗോൾ സ്കോറർ. എന്നാൽ 63-ാം മിനിറ്റിൽ ഇംഗ്ലീഷ് യുവതാരം കോൾ പാമറിലൂടെ സിറ്റി തിരിച്ചടിച്ചു. ഷൂട്ടൗട്ടിൽ സിറ്റിയുടെ 5 കിക്കുകളും ഗോളായി പിറക്കുകയായിരുന്നു.
സെവിയ്യയുടെ 5-ാം കിക്കെടുത്ത നെമാഞ്ച ഗുഡെജിന്റെ ബോൾ ക്രോസ് ബാറിൽ ഇടിച്ചതോടെ സിറ്റി ജയം ഉറപ്പിക്കുകയായിരുന്നു. യുവേഫ ചാംപ്യൻസ് ലീഗ് ജേതാക്കളും യുവേഫ യൂറോപ്പ ലീഗ് ജേതാക്കളും തമ്മിൽ നടക്കുന്ന സൂപ്പർ കപ്പിൽ മാഞ്ചസ്റ്റർ സിറ്റിയുടെ ആദ്യ കിരീടനേട്ടമാണിത്. കോച്ച് പെപ് ഗ്വാർഡിയോളയ്ക്ക് കീഴിൽ സിറ്റിയുടെ 15-ാം മേജർ ട്രോഫിയാണ് യുവേഫ സൂപ്പർ കപ്പ്.