വീണ്ടും ഇരട്ട ഗോൾ മാജിക്കിലൂടെ ആരാധകരെ ഞെട്ടിച്ച് ലയണൽ മെസി. ഇന്റർ മിയാമിക്ക് വേണ്ടിയാണ് വീണ്ടും താരം തന്റെ ഇരട്ട ഗോൾ മാജിക്ക് ആവർത്തിച്ചത്. ഇതോടെ ലീഗ്സ് കപ്പിലെ നിർണായക മത്സരത്തിൽ എഫ്സി ഡാലസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കി ഇന്റർ മിയാമി ക്വാർട്ടറിൽ പ്രവേശിച്ചു. 85-ാം മിനിറ്റിൽ ലയണൽ മെസി നേടിയ ഫ്രീകിക്ക് ഗോളിലൂടെയാണ് മത്സരത്തിൽ മിയാമി സമനില പിടിച്ചത്.
മത്സരത്തിന്റെ ആറാം മിനിറ്റിലും 85-ാം മിനിറ്റിലുമാണ് മെസി ഗോളുകൾ നേടിയത്. 85-ാം മിനിറ്റിലെ ഫ്രീകിക്ക് ഗോളോടെ ഫ്രീകിക്ക് ഗോളുകളുടെ എണ്ണത്തിൽ മറഡോണയെ പിന്തള്ളിയിരിക്കുകയാണ് താരം. മറഡോണ 62 ഫ്രീകിക്ക് ഗോളുകൾ നേടിയപ്പോൾ മെസി 63 ഗോളുകളാണ് സ്വന്തമാക്കിയത്. തുടർച്ചയായ കളികളിൽ മെസി തന്റെ ഇരട്ട ഗോൾ മാജിക് അവർത്തിക്കുകയാണ്.
65-ാം മിനിറ്റിൽ ബെഞ്ചമിൻ കമേഷിയുടെ ഗോളും ഡാലസ് താരം മാർകോ ഫർഫാന്റെ സെൽഫ് ഗോളും ഇന്റർ മിയാമിക്ക് തുണയായി. ഡാലസിനായി ഫകുൻഡോ ക്വിഗ്നോൺ (37), ബെർണാഡ് കമുംഗോ (45), അലൻ വെലാസ്കോ (63) എന്നിവരാണ് ലക്ഷ്യം കണ്ടത്. ഇന്റർ മിയാമി താരം റോബർട്ട് ടെയ്ലർ 68-ാം മിനിറ്റിൽ സെൽഫ് ഗോളടിച്ചതും മിയാമിക്ക് തിരിച്ചടിയായി. എന്നാൽ മെസിയുടെ ഗോളോടെ മിയാമി കളിയിലേക്ക് തിരിച്ചെത്തി. പെനൽറ്റി ഷൂട്ടൗട്ടിൽ 3-5നായിരുന്നു മിയാമിയുടെ ജയം. ഇതോടെ നാല് മത്സരങ്ങളിൽനിന്ന് മിയാമിക്കായി മെസി നേടിയ ഗോളുകളുടെ എണ്ണം ഏഴായി.