ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന, ട്വൻ്റി 20 പരമ്പരകളിൽ നിന്ന് വിശ്രമം വേണമെന്ന് ബിസിസിഐയോട് ആവശ്യപ്പെട്ട് വിരാട് കോലി. എന്നാൽ താൻ ടെസ്റ്റ് പരമ്പരയിൽ കളിക്കാൻ തയ്യാറാണെന്നും കോലി ബിസിസിഐയെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ. ഡിസംബർ 10 മുതലാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം ആരംഭിക്കുന്നത്.
ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ കളിക്കുന്നത് സംബന്ധിച്ച് ക്യാപ്റ്റൻ രോഹിത് ശർമയും ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ടെസ്റ്റ് പരമ്പരയിൽ ടീമിനൊപ്പം ചേരുമെങ്കിലും ഏകദിന, ട്വൻ്റി 20 പരമ്പരയിൽ നിന്ന് രോഹിത്തും വിട്ടുനിന്നേക്കുമെന്നാണ് സൂചന. അജിത് അഗാർക്കറിൻ്റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി വരും ദിവസങ്ങളിൽ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിക്കും. മൂന്ന് ട്വന്റി 20 മത്സരങ്ങളും മൂന്ന് ഏകദിനവും രണ്ട് ടെസ്റ്റും ഉൾപ്പെട്ടതാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം.
ലോകകപ്പ് ഫൈനലിന് ശേഷം കോലി ലണ്ടനലും രോഹിത് യുകെയിലും നിലവിൽ അവധിക്കാലം ആഘോഷിക്കുകയാണ്. ഓസീസിനെതിരെ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ട്വന്റി 20 പരമ്പരയിലും കോലിയും രോഹിത്തുമുൾപ്പെടെയുള്ള മുതിർന്ന താരങ്ങൾ കളിക്കുന്നില്ല. സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിൽ യുവതാരങ്ങളാണ് ഓസീസിനെതിരെ മാറ്റുരയ്ക്കുന്നത്.