വനിതാ ലോകകപ്പ് സമ്മാനദാന ചടങ്ങിനിടെ സ്പെയിൻ താരങ്ങളെ ചുംബിച്ചതിന്റെ പേരിൽ വിവാദത്തിൽപ്പെട്ട സ്പാനിഷ് സോക്കർ ഫെഡറേഷൻ പ്രസിഡന്റ് ലൂയിസ് റുബിയാലസ് രാജിവച്ചു. യൂറോപ്യൻ ഫുട്ബോൾ ഭരണസമിതിയായ യുവേഫയുടെ വൈസ് പ്രസിഡന്റ് സ്ഥാനവും താൻ രാജിവയ്ക്കുന്നതായി റുബിയാലസ് വ്യക്തമാക്കി. ലോക ഫുട്ബോൾ ഭരണസമിതിയായ ഫിഫ റുബിയാലസിനെ നേരത്തേത്തന്നെ 90 ദിവസത്തേക്ക് ഫുട്ബോൾ സംബന്ധമായ പ്രവർത്തനങ്ങളിൽ നിന്ന് വിലക്കിയിരുന്നു.
ഓഗസ്റ്റ് 20-ന് സിഡ്നിയിൽ നടന്ന ലോകകപ്പ് ഫൈനലിന് ശേഷം സമ്മാനദാന ചടങ്ങിനിടെയായിരുന്നു റുബിയാലസ് സ്പെയിൻ താരങ്ങളെ ചുംബിച്ചത്. തന്റെ സമ്മതമില്ലാതെയാണ് റുബിയാലസ് തന്നെ ചുംബിച്ചതെന്ന് സ്പെയിൻ താരം ജെന്നിഫർ ഹെർമോസോ പിന്നീട് പറഞ്ഞതോടെയാണ് റുബിയാലസ് വിവാദത്തിലായത്. അതിനിടെ തന്റെ മകനെ അകാരണമായി വേട്ടയാടുന്നു എന്നാരോപിച്ച് റുബിയാലസിന്റെ അമ്മ നിരാഹാരസത്യഗ്രഹവും നടത്തിയിരുന്നു. മൂന്നാഴ്ചത്തെ സമ്മർദ്ദങ്ങൾക്ക് ശേഷമാണ് റുബിയാലസ് രാജി പ്രഖ്യാപിച്ചിരിക്കുന്നത്.