സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ഏഴാം കിരീട നേട്ടം. ഫൈനലില്‍ വെസ്റ്റ് ബംഗാളിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ 5-4ന് തോല്‍പ്പിച്ചാണ് കേരളം കപ്പിൽ മുത്തമിട്ടത്. കേരളം 2018 ന് ശേഷം ആദ്യ കിരീടനേട്ടമാണിത്. 1973ൽ കൊച്ചിയിലും 1993ലും ആതിഥേയരെന്ന നിലയിൽ കേരളം കിരീടം നേടി.
പെനല്‍റ്റി ഷൂട്ടൗട്ടില്‍ ബംഗാളിന്‍റെ സജലിന്‍റെ കിക്ക് പുറത്തേക്ക് പോയപ്പോള്‍ കേരളത്തിന്‍റെ കിക്കുകള്‍ എല്ലാം ഗോളാവുകയായിരുന്നു. നിശ്ചിത സമയത്ത് ഗോള്‍രഹിത മത്സരത്തില്‍ എക്സ്ട്രാ ടൈമിന്‍റെ ഏഴാം മിനിറ്റില്‍ ദിലീപ് ഓര്‍വനിലൂടെയാണ് ബംഗാള്‍ മുന്നിലെത്തിയത്. എക്സ്ട്രാ ടൈം തീരാന്‍ നാലു മിനിറ്റ് ബാക്കിയിരിക്കെയാണ് സഫ്‌നാദിലൂടെ കേരളവും ഒപ്പമെത്തിയത്.
ഫൈനൽ മത്സരം ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. 18–ാം മിനിറ്റിൽ കേരളത്തിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചെങ്കിലും ക്യാപ്റ്റൻ ജിജോ ജോസഫിന്റെ കിക്ക് ബംഗാൾ ഗോൾ കീപ്പർ പിടിച്ചെടുത്തു. 37–ാം മിനിറ്റിൽ മൊഹിതേഷ് റോയിയുടെ ഗോൾ എന്നുറപ്പിച്ച കിക്ക് തട്ടിമാറ്റി ഗോൾ കീപ്പർ മിഥുൻ. ആവേശോജ്വലമായ പോരാട്ടമാണ് കേരളത്തിന്റെ മണ്ണിൽ അരങ്ങേറിയത്.