പാരിസ് ഒളിംപിക്സ് ഹോക്കിയിൽ വെങ്കല മെഡൽ നേടിയ മലയാളി താരം പി.ആർ ശ്രീജേഷിന് സംസ്ഥാന സർക്കാർ നൽകാനിരുന്ന സ്വീകരണം ഒക്ടോബർ 19ന് നടത്തും. മന്ത്രി വി.അബ്ദുറഹിമാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യാതിഥിയാകും. വേദിയിൽ വെച്ച് സർക്കാർ പാരിതോഷികമായി പ്രഖ്യാപിച്ച 2 കോടി രൂപ സമ്മാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കായിക വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായാണ് ശ്രീജേഷിന് സ്വീകരണം ഒരുക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 26ന് ശ്രീജേഷിന് സർക്കാർ സ്വീകരണം നൽകാൻ തീരുമാനിച്ചിരുന്നതാണ്. എന്നാൽ പരിപാടി മാറ്റിവെക്കുകയായിരുന്നു. സ്വീകരണത്തിൽ പങ്കെടുക്കാനായി ശ്രീജേഷ് കുടുംബ സമേതം തിരുവന്തപുരത്ത് എത്തിയ ശേഷമാണ് പരിപാടി മാറ്റിയ വിവരം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അദ്ദേഹത്തെ അറിയിച്ചത്.
ശ്രീജേഷിനെ വിളിച്ചുവരുത്തി അപമാനിച്ചു എന്ന തരത്തിൽ അന്ന് വ്യാപക പ്രചരണങ്ങളും പരന്നിരുന്നു. ഇതോടെയാണ് സർക്കാർ മറ്റൊരു ദിവസം സ്വീകരണം നൽകാൻ തീരുമാനിച്ചത്.