ഐപിഎൽ ആവേശം ദിവസങ്ങൾ കഴിയുംതോറും വർധിച്ചുകൊണ്ടിരിക്കുകയാണ്. അപ്രതീക്ഷിത വിജയങ്ങൾക്കും പരാജയങ്ങൾക്കും ശേഷം ആര് കിരീടമുയർത്തുമെന്ന ആശങ്കയിലാണ് ക്രിക്കറ്റ് ആരാധകർ. ഇതിനിടെ പുതിയ ചരിത്രങ്ങളും കളിക്കളത്തിൽ സൃഷ്ടിക്കപ്പെടുന്നുണ്ട്. ഇന്നലെ നടന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും രാജസ്ഥാൻ റോയൽസും തമ്മിലുള്ള മത്സരത്തിൽ ഐപിഎൽ കരിയറിൽ തന്റെ ഏഴാം സെഞ്ച്വറി നേടിയിരിക്കുകയാണ് സൂപ്പർ താരം ജോസ് ബട്‌ലർ. അതോടൊപ്പം രാജസ്ഥാൻ അവിശ്വസനീയമായ ജയവും സ്വന്തമാക്കിയിരുന്നു.
സെഞ്ച്വറിയുടെ നേട്ടത്തിൽ മുൻ താരം ക്രിസ് ഗെയ്‌ലിനെയാണ് ബട്‌ലർ മറികടന്നത്. ഇതോടെ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന വിദേശ താരമെന്ന നേട്ടവും ബട്‌ലർ സ്വന്തമാക്കി. ക്രിസ് ഗെയ്‌ലിൻ്റെ പേരിൽ ആറ് സെഞ്ച്വറികളാണുള്ളത്. മറുപടി ബാറ്റിങ്ങിൽ രാജസ്ഥാന്റെ വിജയശില്‌പിയായതും ജോസ് ബട്ലറാണ്. 60 പന്തിൽ പുറത്താകാതെ 107 റൺസാണ് താരം നേടിയത്.
കളിക്കളത്തിൽ എപ്പോഴും മിന്നുന്ന പ്രകടനം കാഴ്ചവെക്കുന്ന ജോസ് ബട്‌ലർ കരിയറിലെ 102 ഐപിഎൽ മത്സരങ്ങളിൽ നിന്നും 19 അർധ സെഞ്ച്വറികളും അടിച്ചെടുത്തിട്ടുണ്ട്. അതേസമയം ഐപിഎലിലെ ആകെ സെഞ്ച്വറികളുടെ എണ്ണത്തിൽ സൂപ്പർ താരം വിരാട് കോലിക്ക് പിന്നിൽ രണ്ടാമതാണ് ബട്ലർ. 236 ഇന്നിങ്സിൽ നിന്ന് എട്ട് സെഞ്ച്വറികളാണ് കോലി നേടിയിട്ടുള്ളത്. 52 അർധ സെഞ്ച്വറികളും താരം ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്.