ബിസിസിഐ സെക്രട്ടറി ജയ് ഷായെ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ (എസിസി) പ്രസിഡൻ്റായി വീണ്ടും നിയമിച്ചു. ഇൻഡൊനേഷ്യയിലെ ബാലിയിൽ നടന്ന എസിസി വാർഷിക പൊതുയോഗത്തിലായിരുന്നു തീരുമാനം. തുടർച്ചയായി മൂന്നാം തവണയാണ് ജയ് ഷാ പ്രസിഡന്റ് പദവിയിലേക്ക് തിരിഞ്ഞെടുക്കപ്പെടുന്നത്.
2021 ജനുവരിയിലാണ് ജയ് ഷാ ആദ്യമായി എസിസി പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്. 2022ലും 2023ലും ഏഷ്യാകപ്പ് ടൂർണമെൻ്റുകൾ സംഘടിപ്പിച്ചത് അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. 2022ൽ ട്വന്റി20 ഫോർമാറ്റിലും 2023ൽ ഏകദിന ഫോർമാറ്റിലുമാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്.
ജയ് ഷായെ വീണ്ടും തിരഞ്ഞെടുക്കുന്നതിനായി ശ്രീലങ്കൻ ക്രിക്കറ്റ് പ്രസിഡൻ്റ് ഷമ്മി സിൽവ മുന്നോട്ടുവെച്ച നിർദേശം മറ്റംഗങ്ങൾ ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു. എസിസി അംഗങ്ങൾക്ക് നന്ദി അറിയിച്ച ജയ് ഷാ ക്രിക്കറ്റിനെ കൂടുതൽ പരിപോഷിപ്പിക്കാനുള്ള ശ്രമം തുടരുമെന്ന് വ്യക്തമാക്കി.