വനിതാ ഫുട്ബോൾ ലോകകപ്പിൽ സ്പെയ്നിനെ തകർത്ത് പ്രീ ക്വാർട്ടറിൽ സീറ്റുറപ്പിച്ച് ജപ്പാൻ. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ജപ്പാൻ ഗ്രൂപ്പ് ചാമ്പ്യൻമാരായി മാറിയത്. തോറ്റെങ്കിലും ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ സ്പെയ്നും നോക്കൗട്ടിലെത്തി. ഗ്രൂപ്പ് സിയിൽ നടന്ന മത്സരത്തിൽ ജപ്പാൻ കളിയിലുടനീളം സ്പാനിഷ് നിരയെ തരിപ്പണമാക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.
ജപ്പാന്റെ ഹിനറ്റ മിയാസാവ ഇരട്ട ഗോളുകളുമായി കളിയിൽ തിളങ്ങി. 12-ാം മിനിറ്റിൽ തന്നെ മിയാസാവയിലൂടെ ജപ്പാൻ മുന്നിലെത്തിയിരുന്നു. പിന്നാലെ 29-ാം മിനിറ്റിൽ റികോ ഉയെകി ജപ്പാന്റെ ലീഡുയർത്തി. 40-ാം മിനിറ്റിൽ മിയാസാവ തന്റെ രണ്ടാം ഗോളും നേടി. 82-ാം മിനിറ്റിൽ മിന ടനാക ജപ്പാന്റെ ഗോൾപട്ടിക തികച്ചു. ജയത്തോടെ മൂന്ന് കളികളിൽ മൂന്നും ജയിച്ച് ഒമ്പത് പോയന്റുമായാണ് ജപ്പാൻ നോക്കൗട്ടിലെത്തിയത്.
മൂന്ന് കളികളിൽ നിന്ന് രണ്ട് ജയവുമായി ആറ് പോയന്റോടെയാണ് സ്പെയ്നിന്റെ നോക്കൗട്ട് പ്രവേശനം. ജപ്പാൻ, സ്പെയ്ൻ, ഓസ്ട്രേലിയ, നൈജീരിയ, സ്വിറ്റ്സർലൻഡ്, നോർവെ എന്നീ ടീമുകളാണ് ഇതുവരെ പ്രീ ക്വാർട്ടറിൽ സീറ്റുറപ്പിച്ചത്.