നിലവിൽ ക്രിക്കറ്റ് ലോകത്തെ ഏറ്റവും വലിയ ചർച്ചാ വിഷയം ഇഷാൻ കിഷനും ശ്രേയസ് അയ്യരുമാണ്. ബിസിസിഐയുടെ ശക്തമായ നടപടി നേരിടേണ്ടിവന്ന ഇരുവരുടെയും ക്രിക്കറ്റ് ഭാവിയാണ് ആരാധകർ ഉറ്റുനോക്കുന്നത്. ബിസിസിഐയുടെ വാർഷിക കരാറിൽ നിന്ന് ഒഴിവാക്കപ്പെട്ട ഇഷാനും ശ്രേയസിനും കൂടുതൽ മത്സരങ്ങൾ നഷ്‌ടപ്പെടാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ. 2024ലെ ട്വന്റി20 ലോകകപ്പിനുള്ള ടീമിൽ ഇഷാൻ കിഷനും ശ്രേയസ് അയ്യർക്കും സ്ഥാനം ലഭിക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ മടിച്ചുനിന്ന താരങ്ങൾക്ക് ശക്തമായ മറുപടിയാണ് കഴിഞ്ഞ ദിവസം ബിസിസിഐ നൽകിയത്. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിൻ്റെ വിക്കറ്റ് കീപ്പർ ബാറ്ററാണ് ഇഷാൻ കിഷൻ. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമാണ് ശ്രേയസ് അയ്യർ. ദേശീയ ടീമിൽ കളിക്കണമെങ്കിൽ എല്ലാ താരങ്ങളും ആഭ്യന്തര ക്രിക്കറ്റിന്റെ ഭാഗമാകണമെന്ന ബിസിസിഐ നിർദേശം ലംഘിച്ചതോടെയാണ് ഇരുവരെയും ബിസിസിഐ വാർഷിക കരാറിൽ നിന്ന് ഒഴിവാക്കിയത്.
കുറച്ച് നാളായി ചില മാനസിക വിഷമങ്ങൾ മുൻനിർത്തി ഇഷാൻ ഇന്ത്യൻ ടീമിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ഇതോടെ ഇന്ത്യൻ ടീമിലേയ്ക്ക് തിരിച്ചെത്താൻ രഞ്ജി ട്രോഫി കളിച്ച് ഫോം തെളിയിക്കണമെന്ന് ബിസിസിഐ താരത്തെ അറിയിച്ചു. എന്നാൽ താരം ഇത് ഗൗനിക്കാതെ വന്നതോടെ രഞ്ജി ട്രോഫി കളിക്കുന്നവരെ മാത്രമേ ഐപിഎലിലേക്ക് പരിഗണിക്കൂവെന്ന് ബിസിസിഐ അന്ത്യശാസനമിറക്കിയെങ്കിലും അത് ചെവിക്കൊള്ളാൻ ഇഷൻ തയ്യാറായില്ല. ശ്രേയസ് അയ്യർ നിലവിൽ രഞ്ജി ട്രോഫിയിൽ മുംബൈയ്ക്ക് വേണ്ടി കളിക്കുന്നുണ്ട്. എന്നാൽ പുറം വേദനയാണെന്ന് പറഞ്ഞ് രഞ്ജിയിൽ നിന്ന് വിട്ടുനിൽക്കാൻ ശ്രേയസും ശ്രമിച്ചിരുന്നു. ഇതോടെയാണ് ഇരുവരും പ്രതിസന്ധിയിലായത്.