മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാൻ. ചെന്നൈ സൂപ്പർ കിങ്സിനെതിരെ ഹാർദിക് പാണ്ഡ്യയുടെ ബോളിങ് പ്രകടനത്തിലാണ് ഇർഫാൻ പഠാൻ കടുത്ത അതൃപ്‌തി അറിയിച്ചത്. ഡെത്ത് ഓവർ ബോളറെന്ന നിലയിൽ പാണ്ഡ്യയുടെ കഴിവില്ലായ്‌മയാണ് അവസാന ഓവറിൽ കണ്ടതെന്നാണ് ഇർഫാൻ കുറ്റപ്പെടുത്തിയത്. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് താരം പാണ്ഡ്യയ്ക്കെതിരെ തുറന്നടിച്ചത്.
മത്സരത്തിൽ മുംബൈ ഇന്ത്യൻസ് 20 റൺസിൻ്റെ തോൽവിക്കാണ് വഴങ്ങിയത്. ആദ്യം ബാറ്റ് ചെയ്‌ത ചെന്നൈയ്ക്കെതിരെ പാണ്ഡ്യ മൂന്ന് ഓവറുകൾ പന്തെറിഞ്ഞ് രണ്ട് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. എന്നാൽ 43 റൺസാണ് താരം 18 പന്തുകളിൽ വഴങ്ങിയത്. മുംബൈ നിരയിൽ കൂടുതൽ റൺസ് വഴങ്ങിയ ബോളറും പാണ്ഡ്യയാണ്. ഹാർദിക് പാണ്ഡ്യയെറിഞ്ഞ 20-ാം ഓവർ കളിയിൽ നിർണായകമായി. പാണ്ഡ്യയെറിഞ്ഞ ആറു പന്തുകളിൽ നിന്ന് ചെന്നൈ ബാറ്റർമാർ അടിച്ചെടുത്തത് 26 റൺസായിരുന്നു.
പാണ്ഡ്യയുടെ അവസാന ഓവറിൽ ധോണി മൂന്ന് സിക്‌സറുകളാണ് പായിച്ചത്. മറുപടി ബാറ്റിങ്ങിൽ ആറ് പന്തിൽ പാണ്ഡ്യ നേടിയത് വെറും രണ്ട് റൺസ് മാത്രമാണ്. തുടർന്ന് തുഷാർ ദേശ്‌പാണ്ഡെയുടെ പന്തിൽ രവീന്ദ്ര ജഡേജ ക്യാച്ചെടുത്ത് പാണ്ഡ്യയെ പുറത്താക്കുകയായിരുന്നു. ഐപിഎല്ലിന്റെ തുടക്കം മുതൽ മുംബൈ ദയനീയ പരാജയം ഏറ്റുവാങ്ങുന്നതിനാൽ ആരാധകർ ഉൾപ്പെടെ കടുത്ത അതൃപ്തിയിലാണ്.