ഐപിഎല്ലിലെ 17-ാം സീസണിൽ തിരിച്ചടി നേരിട്ടിരിക്കുകയാണ് മുംബൈ ഇന്ത്യൻസ്. പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീമായി മുംബൈ മാറി. ഇതോടെ ടീമിന്റെ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ. മുംബൈ ഇന്ത്യൻസ് കടലാസിൽ കരുത്തരായ ടീമാണെങ്കിലും നയിക്കാൻ മികച്ച ക്യാപ്റ്റനില്ലാത്തതാണ് പ്രശ്നമെന്നാണ് ഇർഫാൻ പഠാൻ ആരോപിച്ചത്.
‘നൈറ്റ് റൈഡേഴ്സ് 57-ന് അഞ്ച് എന്ന നിലയിലേക്ക് കൂപ്പുകുത്തിയ സമയത്ത് നമൻ ഥിറിനെ തുടർച്ചയായി മൂന്ന് ഓവറുകൾ എറിയിക്കാനുള്ള പാണ്ഡ്യയുടെ തീരുമാനമാണ് മത്സരത്തിൽ നിർണായകമായത്. ഈ സമയം, സമ്മർദം ഇല്ലാതെ ബാറ്റ് ചെയ്ത മനീഷ് പാണ്ഡെയും വെങ്കടേഷ് അയ്യരും കൊൽക്കത്തയെ തകർച്ചയിൽ നിന്ന് കരകയറ്റി. പ്രധാന ബോളർമാരെ ഉപയോഗിച്ച് വിക്കറ്റ് എടുത്തിരുന്നെങ്കിൽ കൊൽക്കത്ത 150 കടക്കില്ലായിരുന്നു. ഹാർദിക്കിൻ്റെ ഈ തീരുമാനം കാരണം കൊൽക്കത്ത 20 റൺസെങ്കിലും അധികം നേടിയിട്ടുണ്ടാകും.
ഒരു ടീമിനെ സംബന്ധിച്ചിടത്തോളം ക്യാപ്റ്റനാകണം അവസാന വാക്ക്. ക്യാപ്റ്റൻ്റെ തീരുമാനം മറ്റ് കളിക്കാർ അംഗീകരിക്കുകയാണ് വേണ്ടത്. എന്നാൽ മുബൈ താരങ്ങൾ ഹാർദിക്കിനെ അംഗീകരിക്കുന്നില്ല. ഗ്രൗണ്ടിൽ അവർ ഒറ്റക്കെട്ടായല്ല കളിക്കുന്നത്. ടീമിനകത്ത് ഗ്രൂപ്പിസം ഉണ്ടാകുന്നുണ്ട്’ എന്നാണ് ഇർഫാൻ പഠാൻ തുറന്നടിച്ചത്. ഇതോടെ പലരും താരത്തിന്റെ വാക്കുകൾ ശരിയാണെന്ന് സമ്മതിക്കുകയും ചെയ്തു. ഐ.പി.എല്ലിന്റെ വിവിധ ഘട്ടങ്ങളിൽ ഹാർദിക് പാണ്ഡ്യയെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരുന്ന താരമാണ് ഇർഫാൻ പഠാൻ.