ഐപിഎല്ലിന്റെ പുതിയ സീസണിന്റെ ആരംഭം മുതൽ വിമർശനങ്ങളിൽ മുങ്ങുന്ന താരമാണ് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ. ഇപ്പോൾ മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാനാണ് താരത്തിനെതിരെ രൂക്ഷവിർശനവുമായി എത്തിയിരിക്കുന്നത്. ഹാർദിക്കിന് എന്തിനാണ് ബിസിസിഐ ഇത്രയും പരിഗണന നൽകുന്നതെന്നാണ് ഇർഫാൻ ചോദിക്കുന്നത്. ഹർദിക് പാണ്ഡ്യയെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനാക്കിയതാണ് ഇർഫാൻ പഠാനെ ചൊടിപ്പിച്ചത്.
“കളിക്കാർക്ക് പരിക്ക് പറ്റുന്നത് സ്വാഭാവികമാണ്. എന്നാൽ പരിക്ക് മാറി താരങ്ങൾ ഇന്ത്യൻ ടീമിലേക്ക് സാധാരണയായി തിരിച്ചെത്താറുള്ളത് എങ്ങനെയാണ്? അവർ ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നു. മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുന്നു. തങ്ങൾ ദേശീയ ടീമിൽ കളിക്കാൻ ഫിറ്റാണെന്ന് സെലക്ടർമാരെ ബോധ്യപ്പെടുത്തുന്നു. എന്നാൽ പാണ്ഡ്യക്ക് ഇതിന്റെയൊന്നും ആവശ്യമില്ല. പരിക്ക് മാറി അയാൾ തിരികെയെത്തുന്നു. ആഭ്യന്തര ക്രിക്കറ്റിൽ ഒരു മത്സരം പോലും കളിക്കാതെ ദേശീയ ടീമിൽ കയറിപ്പറ്റുന്നു.
ഇത് ടീമിലെ മറ്റുള്ളവർക്ക് നൽകുന്ന സന്ദശമെന്താണ്? ഒരാൾക്ക് മാത്രം എപ്പോഴും പ്രത്യേക പരിഗണന ലഭിക്കുന്നത് ടീമിന്റെ അന്തരീക്ഷത്തെ തന്നെ ബാധിക്കും. ക്രിക്കറ്റ് ടെന്നീസ് പോലെയല്ല എന്നോർത്താൽ നല്ലത്. ഇതൊരു ടീം ഗെയിമാണ്. എല്ലാ കളിക്കാർക്കും തുല്യ പരിഗണനയാണ് ലഭിക്കേണ്ടത്. ഇതുവരെ ദേശീയ ടീമിന്റെ വിജയങ്ങളിൽ വലിയ സംഭാവനകളൊന്നും നൽകാതിരുന്നിട്ടും ബിസിസിഐ പാണ്ഡ്യക്ക് ഇത്രയധികം മുൻഗണന നൽകുന്നതെന്തിനാണ് എന്ന് മനസിലാവുന്നില്ല. പലരുടേയും കൺസിസ്റ്റൻസിയെ കുറിച്ച് ചോദ്യമുന്നയിക്കുന്ന ബിസിസിഐക്ക് പാണ്ഡ്യയുടെ കൺസിസ്റ്റൻസിയെ കുറിച്ച് എന്താണ് പറയാനുള്ളത്. ഹർദികിന് പകരം ബുമ്രയെ വൈസ് ക്യാപ്റ്റനാക്കാതിരുന്നത് എന്താണ്” എന്നാണ് ഇർഫാൻ പഠാൻ ചോദിച്ചത്.
ഇന്ത്യൻ ടീം സെലക്ഷന് പിന്നിൽ നടക്കുന്ന ആസൂത്രണങ്ങളെക്കുറിച്ച് തനിക്ക് സംശയമുണ്ടെന്ന് കഴിഞ്ഞ ദിവസം ഇർഫാൻ പഠാൻ തുറന്നടിച്ചിരുന്നു. നേരത്തേയും ഹർദികിന് ബിസിസിഐ നൽകുന്ന പ്രിവിലേജുകളെക്കുറിച്ച് പത്താൻ ചോദ്യമുന്നയിച്ചിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാത്തതിനെ തുടർന്ന് ഇഷാൻ കിഷനേയും ശ്രേയസ് അയ്യരേയും ബിസിസിഐ വാർഷിക കരാറിൽ നിന്ന് ഒഴിവാക്കിയപ്പോൾ പാണ്ഡ്യയെ ഒഴിവാക്കിയിരുന്നില്ല. ആഭ്യന്തര ക്രിക്കറ്റ് കളിക്കാതെയും പാണ്ഡ്യ കരാറിൽ തുടരുന്നതെങ്ങനെയാണ് എന്നും ഇന്ത്യൻ ടീമിൽ പലർക്കും പല പരിഗണനകളാണ് എന്നുമായിരുന്നു പത്താൻ്റെ വിമർശനം.