ഇനി ഇറാനിലെ സ്ത്രീകൾക്ക് സ്റ്റേഡിയത്തിലിരുന്ന് ഫുട്ബോൾ മത്സരങ്ങൾ കാണാൻ അവസരം. സ്ത്രീകൾക്ക് സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ അനുമതി നൽകിയിരിക്കുകയാണ് ഇറാൻ ഫുട്ബോൾ ഫെഡറേഷൻ. ഫെഡറേഷന്റെ തലവൻ മെഹ്ദി താജാണ് ഇറാൻ ടോപ് ലെവൽ ഫുട്ബോൾ ലീഗിന്റെ ഉദ്ഘാടന ചടങ്ങിൽ വെച്ച് ഇതുസംബന്ധിച്ച ചരിത്ര പ്രഖ്യാപനം നടത്തിയത്.
1979 മുതൽ ഇറാനിൽ ഫുട്ബോളും മറ്റ് കായിക മത്സരങ്ങളും നേരിട്ട് കാണുന്നതിൽ നിന്ന് സ്ത്രീകളെ വിലക്കിയിരുന്നു. എന്നാൽ 2019 ഒക്ടോബറിൽ ലോകകപ്പ് യോഗ്യതാ മത്സരം കാണാനും 2022 ഓഗസ്റ്റിൽ ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് കാണാനും സ്ത്രീകൾക്ക് പ്രത്യേക അനുമതി നൽകിയിരുന്നു. എന്നാൽ എല്ലാ മത്സരങ്ങളും കാണാൻ അനുമതി ലഭിച്ചിരുന്നില്ല.
എന്നാൽ സ്ത്രീകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് ഇറാൻ ഫുട്ബോൾ ഫെഡറേഷൻ വലിയ വിവാദത്തിലകപ്പെട്ടിരുന്നു. ഫുട്ബോൾ മത്സരം കാണാനായി സ്റ്റേഡിയത്തിൽ പുരുഷന്റെ വേഷം ധരിച്ചെത്തിയ സഹർ ഖോദയാരി എന്ന പെൺകുട്ടിയെ പോലീസ് അറസ്റ്റുചെയ്ത് ജയിലിലടച്ചതിന് പിന്നാലെ മനംനൊന്ത് പെൺകുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു. ഇതേത്തുടർന്ന് ഇറാനിൽ വലിയ പ്രക്ഷോഭങ്ങൾതന്നെ അരങ്ങേറിയിരുന്നു. ഇവ കണക്കിലെടുത്താണ് ഇറാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഇപ്പോൾ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്.