ഐപിഎല്ലിലെ 17-ാം സീസണിൽ ശക്തമായ തിരിച്ചടി നേരിട്ട് മുംബൈ ഇന്ത്യൻസ്. പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീമായി മാറിയിരിക്കുകയാണ് മുംബൈ. അവസാന പ്രതീക്ഷ അർപ്പിച്ചിരുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സുമായുള്ള മത്സരത്തിൽ 24 റൺസിന്റെ തോൽവി ഏറ്റുവാങ്ങേണ്ടി വന്നതോടെയാണ് മുംബൈയുടെ സ്വപ്നങ്ങളെല്ലാം അസ്തമിച്ചത്.
നീണ്ട 12 വർഷങ്ങൾക്ക് ശേഷമാണ് വാങ്കഡെ സ്റ്റേഡിയത്തിൽ വെച്ച് കൊൽക്കത്ത മുംബൈയെ പരാജയപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ മുംബൈക്ക് ഈ പരാജയം വലിയ നാണക്കേട് കൂടിയാണ് സമ്മാനിച്ചിരിക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത് 169 റൺസ് മാത്രം നേടിയ കൊൽക്കത്ത മുംബൈയുടെ ബാറ്റിങ് നിരയെ 145 റൺസിൽ ഓൾ ഔട്ടാക്കിയാണ് വിജയം കരസ്ഥമാക്കിയത്. കൊൽക്കത്ത – 19.5 ഓവറിൽ 169, മുംബൈ- 18.5 ഓവറിൽ 145 എന്നിങ്ങനെയാണ് ടീം സ്കോർ. ഇതോടെ ഹാർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസിയിലെ ആദ്യ സീസൺ മുംബൈ ഇന്ത്യൻസിന് വലിയ നിരാശയാണ് സമ്മാനിച്ചിരിക്കുന്നത്.
ഐപിഎല്ലിന്റെ പുതിയ സീസണിന്റെ തുടക്കം മുതൽ ക്യാപ്റ്റൻസിയുടെ കാര്യത്താൽ ചർച്ചകളിൽ നിറഞ്ഞ ടീമാണ് മുംബൈ ഇന്ത്യൻസ്. കരിയറിലെ മോശം പ്രകടനത്താൽ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ തുടരെത്തുടരെ വാർത്തകളിലും നിറയുന്നുണ്ടായിരുന്നു. ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് മുംബൈ ടീമിലേക്ക് എത്തിയ ഹാർദിക്കിനെ രോഹിത് ശർമയ്ക്ക് പകരം ടീമിന്റെ ക്യാപ്റ്റനാക്കിയതോടെയാണ് താരത്തിനെതിരെ ക്രിക്കറ്റ് ആരാധകർ പ്രതിഷേധ സ്വരം ഉയർത്താൻ തുടങ്ങിയത്. പിന്നീട് ആദ്യമായി കളിച്ച മൂന്ന് മത്സരങ്ങളിലും മുംബൈ ദയനീയമായി പരാജയപ്പെടുകയും ചെയ്തിരുന്നു.
പിന്നീട് കളിക്കളത്തിലെത്തുന്ന ഹാർദിക്കിനെ കൂകിവിളികളോടെയാണ് ഗ്യാലറി എതിരേറ്റത്. ഹാർദിക്കിനെ മാറ്റി പകരം രോഹിത്തിനെ തന്നെ നായകനാക്കണമെന്ന് ടീമിന്റെ ആരാധകർ അവശ്യപ്പെടാനും ആരംഭിച്ചു. തുടർന്നും കളിക്കളത്തിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാൻ മുംബൈ ടീമിനും നായകൻ ഹാർദിക്കിനും സാധിച്ചിരുന്നില്ല എന്നതാണ് മറ്റൊരു വാസ്തവം. മത്സരം അവസാനത്തോടടുക്കും തോറും മുംബൈ തകർച്ചയുടെ വക്കിലേയ്ക്കായിരുന്നു പോയിരുന്നത്. ഇതോടെ ടീം സ്കോർ വളരെ കുറവായ മുംബൈ പ്ലേ ഓഫിലെത്തുമോ എന്ന തരത്തിലുള്ള വാർത്തകളും പ്രചരിച്ചിരുന്നു. ആ വാർത്തകളാണ് ഇപ്പോൾ സത്യമായി വന്നിരിക്കുന്നത്.