ഐപിഎൽ പതിനേഴാം സീസണിന് ഇന്ന് തുടക്കമാകും. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലാണ് കൊമ്പുകോർക്കുക. ചെന്നൈ ടീമിൻ്റെ ഹോം ഗ്രൗണ്ടായ ചിദംബരം സ്റ്റേഡിയത്തിൽ വെച്ച് രാത്രി എട്ട് മണിക്കാണ് മത്സരം ആരംഭിക്കുക.
അതിഗംഭീര പരിപാടികളോടെയാണ് ഐപിഎല്ലിന് തുടക്കം കുറിക്കുന്നത്. ക്രിക്കറ്റ് മാമാങ്കത്തിന്റെ മാറ്റ് കൂട്ടാൻ ഓസ്കാർ ജേതാവ് എ.ആർ റഹ്മാനും സോനുനിഗവും അണിനിരക്കുന്ന സംഗീത നിശയുമുണ്ടാകും. കൂടാതെ ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാർ ടൈഗർ ഷറോഫ് എന്നിവരുടെ സാന്നിധ്യവും ചടങ്ങിന്റെ പകിട്ട് വർധിപ്പിക്കും. ഇന്ന് എം.എസ്. ധോണിയുടെ നേതൃത്വത്തിലുള്ള ചെന്നൈയും വിരാട് കോലിയുടെ ടീമായ ബാംഗ്ലൂരും ഏറ്റുമുട്ടുമ്പോൾ ഇന്ത്യയുടെ മുൻ നായകൻമാരുടെ പോരാട്ടത്തിന് കൂടിയാകും ക്രിക്കറ്റ് ആരാധകർ സാക്ഷ്യം വഹിക്കുക.
സാധാരണയായി മുൻവർഷത്തെ ജേതാക്കളും റണ്ണറപ്പും തമ്മിലാണ് ഉദ്ഘാടനമത്സരത്തിൽ ഏറ്റുമുട്ടാറുള്ളത്. എന്നാൽ ഇക്കുറി അതിന് മാറ്റം വരുത്താൻ തീരുമാനിക്കുകയായിരുന്നു. ഗുജറാത്ത് ടൈറ്റൻസ് ആയിരുന്നു കഴിഞ്ഞ വർഷത്തെ റണ്ണറപ്പ്.