ഐപിഎൽ പോരാട്ടം മുറുകുകയാണ്. ആര് വാഴും ആര് വീഴുമെന്ന് പ്രവചിക്കാൻ സാധിക്കാത്ത വിധത്തിലാണ് മത്സരം മുന്നോട്ട് പോകുന്നത്. കരുത്തരെന്ന് മുദ്രകുത്തിയിരുന്ന പല ടീമുകളും പ്ലേഓഫ് കാണാതെ പുറത്താകുകയും ദുർബലരെന്ന് കരുതിയിരുന്നവർ പടയോട്ടം തുടരുകയുമാണ്. ആദ്യഘട്ടം പൂർത്തിയാകുമ്പോൾ 14 മത്സരങ്ങളിൽ നിന്ന് 20 പോയിന്റുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഒന്നാം സ്ഥാനത്തെത്തി നിൽക്കുകയാണ്.
സൺറൈസേഴ്സ് ഹൈദരാബാദും രാജസ്ഥാൻ റോയൽസും പോയന്റ് നിലയിൽ തുല്യരാണ്. ഇരു ടീമുകൾക്കും 17 പോയിന്റാണുള്ളത്. എന്നാൽ നിലവിൽ ഐപിഎല്ലിൽ രണ്ടാം സ്ഥാനത്തുള്ളത് ഹൈദരാബാദാണ്. കഴിഞ്ഞ ദിവസം കൊൽക്കത്ത – രാജസ്ഥാൻ മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ നെറ്റ് റൺറേറ്റിൻ്റെ ബലത്തിൽ ഹൈദരാബാദ് മുന്നിലെത്തിയിരുന്നു. ഇതോടെ 14 മത്സരങ്ങളിൽ നിന്ന് 17 പോയിന്റ് നേടിയ രാജസ്ഥാൻ മൂന്നാം സ്ഥാനത്തേയ്ക്കും പിൻതള്ളപ്പെട്ടു.
അതേസമയം, നാളെയാണ് ഒന്നാം ക്വാളിഫയർ നടത്തപ്പെടുക. ആദ്യ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, സൺറൈസേഴ്സ് ഹൈദരാബാദിനെയാണ് നേരിടുക. ബുധനാഴ്ച നടക്കുന്ന എലിമിനേറ്ററിൽ രാജസ്ഥാൻ റോയൽസും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും തമ്മിൽ ഏറ്റുമുട്ടും.