ഐപിഎൽ പോരാട്ടം അവസാന ലാപ്പിലേയ്ക്ക് അടുക്കുമ്പോൾ കാലിടറി വീണ് രാജസ്ഥാൻ റോയൽസ്. രണ്ടാം ക്വാളിഫയറിൽ സഞ്ജുവിനെയും സംഘത്തെയും മറികടന്ന് സൺറൈസേഴ്സ് ഹൈദരാബാദ് ഫൈനലിലേക്ക് ടിക്കറ്റെടുത്തു. 36 റൺസിനാണ് കമ്മിൻസും സംഘവും രാജസ്ഥാനെ തോൽപിച്ചത്. ഇതോടെ നാളെ നടക്കുന്ന ഫൈനലിൽ ഹൈദരാബാദും കൊൽക്കത്തയും തമ്മിൽ കൊമ്പുകോർക്കും.
ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്‌ടത്തിൽ 175 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് 7 വിക്കറ്റ് നഷ്‌ടത്തിൽ 139 റൺസേ എടുക്കാനായുള്ളൂ. ഇതോടെ ഹൈദരാബാദ് 36 റൺസിൻ്റെ ജയം ഉറപ്പിക്കുകയായിരുന്നു. മൂന്ന് വിക്കറ്റ് നേടിയ ഷഹബാസ് അഹ്‌മദും രണ്ട് വിക്കറ്റ് നേടിയ അഭിഷേക് ശർമയുമാണ് രാജസ്ഥാനെ തകർത്തത്. 176 വിജയ ലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് വേഗത വളരെ കുറവായിരുന്നു. 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 139 റൺസെടുക്കാനേ
സഞ്ജുവിനും സംഘത്തിനും സാധിച്ചുള്ളു.
ഹൈദരാബാദിനുവേണ്ടി ഹെൻ്റിച്ച് ക്ലാസൻ 34 പന്തിൽ 50 റൺസ് നേടി. രാജസ്ഥാനുവേണ്ടി ധ്രുവ് ജുറേൽ ഒരറ്റത്ത് പൊരുതിയെങ്കിലും (35 പന്തിൽ 56) വിജയം കണ്ടില്ല. ഹൈദരാബാദ് ക്യാപ്റ്റൻ പാറ്റ് കമിൻസെറിഞ്ഞ നാലാം ഓവറിൽ കോലർ കാഡ്‌മർ (16 പന്തിൽ 10) ആദ്യം പുറത്തായി. ആദ്യ അഞ്ചോവറിൽ 32 റൺസ് മാത്രമാണ് രാജസ്ഥാന്റെ സമ്പാദ്യം. പവർപ്ലയിലെ അവസാന ഓവറിൽ ഭുവനേശ്വർ കുമാറിനെ ജയ്‌സ്വാൾ അടിച്ചുതകർത്തതോടെ (19 റൺസ്) സ്കോർ വേഗം കൂടി. എന്നാൽ പിന്നീട് അത് സാവധാനത്തിലായി.
എട്ടാം ഓവറിൽ യശസ്വി ജയ്സ്വാളും (21 പന്തിൽ 42) ഒൻപതാം ഓവറിൽ ക്യാപ്റ്റൻ സഞ്ജു സാംസണും (11 പന്തിൽ 10) വീണു. പത്തോവറിൽ 73-ന് മൂന്ന്. ഷഹബാസ് അഹ്‌മദെറിഞ്ഞ 12-ാം ഓവറില് റിയാൻ പരാഗും (10 പന്തിൽ 6) രവിചന്ദ്രൻ അശ്വിനും (0) മടങ്ങിയതോടെ കളി രാജസ്ഥാന്റെ വരുതിയിലെത്തി. ടീം സ്കോർ 92-ൽ നിൽക്കേ, ഇംപാക്ട് പ്ലെയറായെത്തിയ ഷിംറോൺ ഹെറ്റ്‌മയറും (പത്ത് പന്തിൽ നാല്) 124-ൽ നിൽക്കേ റോവ്‌മാൻ പവലും (12 പന്തിൽ 6) പുറത്തായതോടെ കളി സമ്പൂർണമായി ഹൈദരാബാദിന്റെ വരുതിയിലായി. രണ്ട് സിക്‌സും ഏഴ് ഫോറും ചേർന്നതാണ് ജുറേലിന്റെ ഇന്നിങ്സ്. ഹൈദരാബാദിനുവേണ്ടി ഷഹബാസ് അഹ്‌മദ് നാലോവറിൽ 23 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. അഭിഷേക് നാലോവറിൽ 24 റൺസ് വഴങ്ങി രണ്ട് വിക്കറ്റും കമിൻസ്, നടരാജൻ എന്നിവർ ഓരോ വിക്കറ്റും നേടി.
നേരത്തെ മൂന്ന് വീതം വിക്കറ്റ് നേടിയ ട്രെൻ്റ് ബോൾട്ടും ആവേശ് ഖാനുമാണ് ഹൈദരാബാദ് കുതിപ്പിന് കടിഞ്ഞാണിട്ടത്. യുസ്വേന്ദ്ര ചാഹലിൻ്റെ മൂന്ന് ക്യാച്ചുകൾ കളിയിൽ നിർണായകമായി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്‌ടത്തിൽ 175 റൺസ് നേടി. വിക്കറ്റ് കീപ്പർ ഹെൻ്റിച്ച് ക്ലാസൻ്റെ അർധ സെഞ്ചുറിയാണ് (34 പന്തിൽ 50) ഹൈദരാബാദിനെ തകർച്ചയിൽനിന്ന് രക്ഷിച്ചത്. അഭിഷേക് ശർമയെ ആദ്യ ഓവറിൽത്തന്നെ ബോൾട്ട് തകർത്തു. ഓവറിൽ ഓരോന്നുവീതം സിക്സും ബൗണ്ടറിയും ഡബിളും നേടിയപ്പോൾ അവസാന പന്തിലാണ് അഭിഷേക് ഔട്ടായത് (5 പന്തിൽ 12). പവർപ്ലേയിൽ രണ്ടോവർ എറിഞ്ഞ സ്പിന്നർ അശ്വിൻ 25 റൺസ് വഴങ്ങി.
പവർപ്ലേയിലെ തൻ്റെ മൂന്നാം ഓവറിൽ ബോൾട്ട് രാഹുൽ ത്രിപാഠിയെയും (15 പന്തിൽ 37) എയ്‌ഡൻ മാർക്രമിനെയും (1) തിരികെയയച്ചതോടെ കാര്യമായ ഭീഷണി ഒഴിവായി. ഇരുവരും ചാഹലിൻ്റെ ക്യാച്ചിലൂടെയാണ് പുറത്തായത്. ഇതോടെ സീസണിൽ പവർപ്ലേയിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരമായി ബോൾട്ട് മാറി (12). പവർപ്ലേയിൽ 68, ആദ്യ പത്തോവറിൽ 99 എന്നിങ്ങനെയായിരുന്നു സ്കോർ. ട്രാവിസ് ഹെഡ് (28 പന്തിൽ 34) പത്താം ഓവറിലാണ് പുറത്തായത്. ഹെഡ് മടങ്ങിയതിനു പിന്നാലെ റണ്ണൊഴുക്ക് കുറഞ്ഞു. 14-ാം ഓവറിൽ ആവേശ് ഖാൻ നിതീഷ് റെഡ്ഡിയെയും (10 പന്തിൽ 5) അബ്‌ദുൽ സമദിനെയും (0) അടുത്തടുത്ത പന്തുകളിൽ പുറത്താക്കിയത് രാജസ്ഥാൻ ടീമംഗങ്ങളെ ആവേശഭരിതമാക്കി. ഇതോടെ 120 റൺസിന് ആറു വിക്കറ്റെന്ന നിലയിലേക്ക് ഹൈദരാബാദ് പതിച്ചു.
തുടർന്ന് ഹെന്റിച്ച് ക്ലാസനും ഷഹബാസ് അഹ്‌മദും ചേർന്ന് ഏഴാം വിക്കറ്റിൽ 43 റൺസിന്റെ കൂട്ടുകെട്ട് ഉയർത്തിയതോടെ ടീം ഭേദമെന്നു പറയാവുന്ന സ്കോറിലെത്തി. 19-ാം ഓവറിൽ ക്ലാസനാണ് ഏഴാമതായി പുറത്തായത് (34 പന്തിൽ 50). നാല് സിക്‌സ് ചേർന്നതാണ് ക്ലാസൻ്റെ ഇന്നിങ്സ്. പിന്നാലെ ഷഹബാസ് അഹ്‌മദ് (18 പന്തിൽ 18), ജയദേവ് ഉനദ്‌കട്ട് (2 പന്തിൽ 5, റണ്ണൗട്ട്) എന്നിവരും മടങ്ങി. ക്യാപ്റ്റൻ പാറ്റ് കമിൻസ് പുറത്താവാതെ അഞ്ച് റൺസ് നേടി.