ഐപിഎല്ലിലെ കിരീട നേട്ടത്തിന് പിന്നാലെ കോടികൾ സമ്മാനമായി സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. അവസാന പോരാട്ടത്തിൽ വിജയിച്ചതോടെ 20 കോടി രൂപയാണ് ടീമിന് ലഭിച്ചത്. അതേസമയം, ഫൈനലിൽ തോറ്റ സൺറൈസേഴ്‌സ് ഹൈദരാബാദിന് ലഭിച്ചത് 13 കോടി രൂപയാണ്. 46.5 കോടി രൂപയായിരുന്നു ടൂർണമെന്റിലെ ആകെ സമ്മാനത്തുക.
ഫൈനലിൽ പ്രവേശിക്കാൻ സാധിക്കാതെ രണ്ടാം ക്വാളിഫയറിൽ പുറത്തായ രാജസ്ഥാൻ റോയൽസിന് ലഭിച്ചത് 7 കോടി രൂപയും നാലാം സ്ഥാനക്കാരായ ബംഗളൂരു റോയൽ ചാലഞ്ചേഴ്‌സിന് 6.5 കോടിയും ലഭിച്ചു. മാത്രമല്ല, ഓറഞ്ച് ക്യാപ് ജേതാവായ വിരാട് കോലിക്കും പർപ്പിൾ ക്യാപ് നേടിയ ഹർഷൽ പട്ടേലിനും 10 ലക്ഷം രൂപ വീതവും ലഭിച്ചു. മോസ്‌റ്റ് വാല്യുബിൾ പ്ലെയർ ആയി തിരഞ്ഞെടുക്കപ്പെട്ട കൊൽക്കത്തയുടെ സുനിൽ നരെയ്‌ന് 12 ലക്ഷം രൂപയാണ് ലഭിച്ചത്.
താരങ്ങൾക്ക് പുറമെ ഐപിഎല്ലിലെ ഗ്രൗണ്ട് സ്‌റ്റാഫിനും ബിസിസിഐ പാരിതോഷികം പ്രഖ്യാപിച്ചു. ഐപിഎല്ലിലെ സ്ഥിരം വേദികളായ 10 ഗ്രൗണ്ടുകളിലെ ജീവനക്കാർക്കും 25 ലക്ഷം രൂപ വീതം നൽകുമെന്നാണ് സെക്രട്ടറി ജയ് ഷാ വ്യക്തമാക്കിയത്. അതേസമയം മറ്റ് മൂന്ന് ഗ്രൗണ്ടുകളിലെ സ്‌റ്റാഫിന് 10 ലക്ഷം രൂപ വീതവും നൽകും.