മെസി മാജിക്കിൽ ലീഗ്സ് കപ്പ് കിരീടം ചൂടി ഇന്റർ മിയാമി. ലീഗ്സ് കപ്പ് ഫൈനലിൽ നാഷ്‍വില്ലിനെ ഷൂട്ടൗട്ടിൽ കീഴടക്കിയാണ് ഇന്റർ മിയാമി കിരീടം സ്വന്തമാക്കിയത്. നിശ്ചിത സമയത്ത് 1-1ന് സമനിലയിൽ പിരിഞ്ഞ മത്സരം ഷൂട്ടൗട്ടിലേക്ക് കടക്കുകയായിരുന്നു. പോരാട്ടത്തിൽ 9-10നാണ് ഇന്റർ മിയാമി വിജയമുറപ്പിച്ചത്.
23-ാം മിനിറ്റിൽ മെസിയിലൂടെ ഇന്റർ മിയാമി മത്സരത്തിൽ ലീഡെടുത്തിരുന്നു. എന്നാൽ നാഷ്‍വില്ലിനായി ഫഫ പികോട്ട് 57-ാം മിനിറ്റിൽ സമനില ഗോൾ നേടി. ഇതോടെയാണ് കളി ഷൂട്ടൗട്ടിലേയ്ക്ക് നീങ്ങിയത്. ഇന്റർ മിയാമിക്കായി കളിക്കുന്ന ഏഴാം മത്സരത്തിൽ പത്താം ഗോളാണ് മെസി നാഷ്‍വില്ലിനെതിരെ നേടിയത്. 23-ാം മിനിറ്റിൽ മിയാമി താരം റോബർട്ട് ടെയ്ലറുടെ പാസ് ബ്ലോക്ക് ചെയ്തതോടെയാണ് പന്ത് മെസിയിലേയ്ക്കെത്തുന്നത്.
നാഷ്‍വിൽ പ്രതിരോധ താരം വാക്കർ സിമ്മർമാനെ ഡ്രിബിൾ ചെയ്ത മെസി പന്ത് പോസ്റ്റിന്റെ ഇടതുമൂലയിലേക്ക് തൊടുത്തുവിട്ടപ്പോൾ തടയാൻ നാഷ്‍വിൽ ഗോളി ഇലിയറ്റ് പാനിക്കോ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പെനൽറ്റി ഷൂട്ടൗട്ടിലെ ആദ്യ കിക്കും മെസി ലക്ഷ്യത്തിലെത്തിച്ചു. 71-ാം മിനിറ്റിൽ മയാമിക്കായി ലീഡെടുക്കാൻ മെസിക്ക് ലഭിച്ച അവസരം ബോൾ പോസ്റ്റിലിടിച്ചതോടെ നഷ്ടപ്പെട്ടു. മെസി ടീമിലെത്തിയതിന് ശേഷം ഇന്റർ മിയാമിയുടെ ആദ്യ കിരീട നേട്ടമാണിത്.