നേട്ടങ്ങൾ കൊയ്തെടുത്ത കായിക ലോകം

Date:

Share post:

ഇന്ത്യൻ കായികരംഗത്തെ നാഴികക്കല്ലായ ഒരു വർഷം കൂടി വിടവാങ്ങാനൊരുങ്ങുന്നു. അതെ, 2023. മികച്ച പോരാട്ടങ്ങൾക്കും വലിയ നേട്ടങ്ങൾക്കും അപ്രതീക്ഷിത നിരാശകൾക്കും വഴിവെച്ച ഒരു വർഷം. ലോകകപ്പിൽ ഉൾപ്പെടെ ഇന്ത്യ അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങിയപ്പോൾ മറുഭാ​ഗത്ത് വ്യക്തിഗത റെക്കോർഡുകളുടെ രൂപത്തിൽ നിരവധി നേട്ടങ്ങൾ ഇന്ത്യയെ തേടിയെത്തി. പല വിജയങ്ങളും കയ്പേറിയ അനുഭവങ്ങളെ മറയ്ക്കുന്നതുമായിരുന്നു. 2024 പടിവാതിൽക്കൽ കാത്തുനിൽക്കുമ്പോൾ പിന്നിലേയ്ക്കൊന്ന് തിരിഞ്ഞുനോക്കാം…

ഗുസ്തി താരങ്ങളുടെ പ്രതിഷേധം

​ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ മുൻ മേധാവി ബ്രിജ്ഭൂഷൻ ശരൺ സിങ്ങിനെതിരായ ​ഗുസ്തി താരങ്ങളുടെ പ്രക്ഷോഭത്തോടെയായിരുന്നു കായിക ലോകത്ത് 2023-ന്റെ തുടക്കം. ബ്രിജ്ഭൂഷനെതിരെ ലൈം​ഗികാരോപണം ഉന്നയിച്ച രാജ്യത്തെ മുൻനിര ഗുസ്തി താരങ്ങൾ പ്രതിഷേധം ആരംഭിച്ചു. പ്രക്ഷോപം ശക്തമായതോടെ പ്രതിഷേധക്കാരെ പൊലീസ് ജയിലിലടച്ചു. എങ്കിലും അവർ പിന്മാറാൻ തയ്യാറായില്ല. തെരുവിലെ മാസങ്ങൾ നീണ്ട പ്രതിഷേധത്തിനൊടുവിൽ വീണ്ടും ഡബ്ല്യുഎഫ്‌ഐ തിരഞ്ഞെടുപ്പ് നടക്കുകയും ബ്രിജ്ഭൂഷന്റെ അടുത്ത അനുയായി ആയ സഞ്ജയ് സിംഗ് വിജയിക്കുകയും ചെയ്തു. ഇതോടെ കണ്ണീരണിഞ്ഞ് ഗുസ്തിക്കാർ തങ്ങളുടെ ഉപരോധം ഉപേക്ഷിച്ചു. തങ്ങൾക്ക് നീതി ലഭിക്കാതായതോടെ താരങ്ങൾ ​ഗുസ്തിയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചും മെഡലുകളും അവർഡുകളും തിരിച്ചുനൽകിയും തങ്ങളുടെ രോഷം പ്രകടിപ്പിച്ചു.

ഐ.പി.എൽ ചാമ്പ്യന്മാരായി ചെന്നൈ സൂപ്പർ കിങ്സ്

ഐപിഎൽ പതിനാറാം സീസണിൽ ചെന്നൈ സൂപ്പർ കിങ്സ് വിജയകിരീടം ചൂടി. ഐ.പി.എല്ലിലെ അഞ്ചാം കിരീടമാണ് ചെന്നൈ നേടിയത്. കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസുമായി പൊരുതിയാണ് ചെന്നൈ സൂപ്പർ കിങ്സ് വിജയമുറപ്പിച്ചത്. ഗുജറാത്തിനെ അഞ്ച് വിക്കറ്റിനാണ് ചെന്നൈ തകർത്തത്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ഉദ്ഘാടന മത്സരത്തിൽ ഒരുമിച്ചെത്തിയ ടീമുകൾ അതേ വേദിയിൽ ഫൈനൽ മത്സരവും കളിച്ചു എന്ന പ്രത്യേകതയും ഈ വർഷമുണ്ടായിരുന്നു.

 

ജാവലിൻ ത്രോയിൽ നീരജ് ചോപ്രയുടെ മുന്നേറ്റം

നീരജ് ചോപ്രയുടെ വർഷമായിരുന്നു 2023 എന്ന് പറഞ്ഞാൽ അതിൽ ആശ്ചര്യപ്പെടാനൊന്നുമില്ല. കാരണം മികച്ച നേട്ടങ്ങളാണ് താരം ഈ കാലയളവിൽ നേടിയത്. ടോക്കിയോ ഒളിമ്പിക്‌സ് സ്വർണമെഡൽ ജേതാവ്, ലോക ചാമ്പ്യൻ, ഏഷ്യൻ ചാമ്പ്യൻ എന്നീ പദവികൾ തന്റെ പേരിനൊപ്പം നീരജ് എഴുതിച്ചേർത്തു. മെയ് മാസത്തിൽ ലോകത്തിലെ പുരുഷന്മാരുടെ ജാവലിൻ റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തുകയും ഓഗസ്റ്റിൽ ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 88 മീറ്ററിലധികം ത്രോയിലൂടെ ട്രാക്ക് ആന്റ് ഫീൽഡിലെ ആദ്യ ഇന്ത്യൻ ലോക ചാമ്പ്യനുമായി. ഡയമണ്ട് ലീഗിൽ ചോപ്ര രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കൂടാതെ, ഒക്ടോബറിലെ തന്റെ ഏറ്റവും മികച്ച ത്രോയിലൂടെ (88.88 മീറ്റർ) ഏഷ്യൻ ഗെയിംസ് സ്വർണ്ണ മെഡലും നേടി.

ബാഡ്മിന്റണിൽ ഇന്ത്യൻ താരങ്ങളുടെ പ്രകടനം

ബാഡ്മിന്റണിൽ ഇന്ത്യൻ താരങ്ങൾ വലിയ നേട്ടങ്ങൾ കൊയ്ത വർഷമായിരുന്നു 2023. വർഷത്തിന്റെ തുടക്കത്തിൽ തന്നെ 2023-ലെ ബാഡ്മിന്റൺ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സാത്വിക്‌ സായിരാജ് രങ്കിറെഡ്ഡി – ചിരാഗ് ഷെട്ടി സഖ്യം ചാമ്പ്യന്മാരായി. തുടർന്ന് ഇന്തോനേഷ്യ ഓപ്പൺ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ ജോഡിയുമായി ആവർ മാറി. ഏഷ്യൻ ഗെയിംസിലും ബാഡ്മിന്റൺ പുരുഷ ഡബിൾസ് ടീമിൽ ചിരാഗ് – സാത്വിക് സഖ്യം ഇന്ത്യയുടെ ആദ്യത്തെ സ്വർണവും നേടി. അതിനാൽ രാജ്യത്തെ ഏറ്റവും ഉയർന്ന കായിക ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേൽരത്‌ന അവാർഡ് ചിരാഗ് ഷെട്ടിയും സാത്വിക് സായ്രാജ് രങ്കിറെഡ്ഡിയും നേടുകയും ചെയ്തു. കൂടാതെ ലോക ബാഡ്മിന്റണ്‍ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനവും ഇരുവരും കരസ്ഥമാക്കി. ഇവർക്ക് പുറമെ ഏഷ്യൻ ഗെയിംസിൽ ബാഡ്മിന്റൺ പുരുഷ ടീം ഒരു വെള്ളിയും സിംഗിൾസിൽ എച്ച്എസ് പ്രണോയ് വെങ്കലവും നേടിയിരുന്നു. ബാഡ്മിന്റൺ താരങ്ങളായ പി.വി സിന്ധുവിനും ലക്ഷ്യ സെന്നിനും നിരാശാജനകമായ ഒരു വർഷമായിരുന്നു ഇത്.

ലോകകപ്പിന് തൊട്ടരികിൽ പ്ര​ഗ്നാനന്ദ

​ഗ്രാന്റ് മാസ്റ്റർ ആർ. പ്രഗ്നാനന്ദ ചെസിൽ ഇന്ത്യയുടെ ശിരസ് ഉയർത്തിയ വർഷമായിരുന്നു ഇത്. ചെസ് ലോകകപ്പിൽ മാഗ്നസ് കാൾസനോട് മികച്ച രീതിയിൽ പൊരുതിയെങ്കിലും പ്രഗ്നാനന്ദ രണ്ടാം സ്ഥാനത്തേയ്ക്ക് പിൻതള്ളപ്പെട്ടു. കാൾസനെ ആദ്യ രണ്ട് ഗെയിമുകളിൽ സമനിലയിൽ തളച്ച് മത്സരം ടൈബ്രേക്കർ വരെയെത്തിച്ചത് 19 വയസുകാരനായ പ്ര​ഗ്നാനന്ദയുടെ കരിയറിലെ മികച്ച നേട്ടം തന്നെയാണ്. ടൈബ്രേക്കറിലെ ആദ്യ ഗെയിം ജയിച്ചാണ് കാൾസൻ ലോകകപ്പ് വിജയം സ്വന്തമാക്കിയത്. വിശ്വനാഥൻ ആനന്ദിന് ശേഷം ചെസ് ലോകകപ്പിന്റെ ഫൈനൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് പ്രഗ്നാനന്ദ. കൂടാതെ പ്രഗ്നാനന്ദയുടെ സഹോദരി ആർ വൈശാലിയും ഈ വർഷം ചെസിൽ ഗ്രാന്റ് മാസ്റ്ററായി മാറി. ആദ്യത്തെ സഹോദര-സഹോദരി ജോഡികളായ ഗ്രാന്റ് മാസ്റ്റേഴ്സായും ഇതോടെ ഇരുവരും മാറി.

ഏഷ്യൻ ഗെയിംസിലെ മെഡൽ വേട്ട

ചരിത്രത്തിലാദ്യമായി ഇന്ത്യ ഏഷ്യൻ ഗെയിംസിൽ 107 മെഡലുകളുമായി ചരിത്ര നേട്ടം സ്വന്തമാക്കുന്നതിന് ഈ വർഷം സാക്ഷ്യം വഹിച്ചു. 28 സ്വർണവും 38 വെള്ളിയും 41 വെങ്കലവും നേടിയായിരുന്നു ഇന്ത്യയുടെ മെഡൽവേട്ട. ഇതോടെ ​ഗെയിംസിൽ ഇന്ത്യ നാലാം സ്ഥാനം നേടുകയും ചെയ്തു. ഇന്ത്യക്കായി ഷൂട്ടിങ് താരങ്ങളാണ് കൂടുതൽ മെഡലുകൾ വെടിവെച്ചിട്ടത്. അത്ലറ്റിക്സിൽ നീരജ് ചോപ്രയ്ക്കും ബാഡ്മിന്റണിൽ ചിരാഗ് – സാത്വിക് സഖ്യത്തിനുമൊപ്പം ആർച്ചറിയിലും കബഡിയിലും ക്രിക്കറ്റിലുമെല്ലാം താരങ്ങൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

വനിത ടി20-യിൽ കളിക്കുന്ന ആദ്യ മലയാളി താരമായി മിന്നു മണി

മിന്നു മണി എന്ന വനിത ക്രിക്കറ്ററുടെ കരിയറിലെ മികച്ച വർഷമായിരുന്നു 2023. ക്രിക്കറ്റ് ലോകം മിന്നു എന്ന താരത്തെ കൂടുതൽ അറിഞ്ഞതും ഈ വർഷമായിരുന്നു. വനിത ടി20 മത്സരത്തിൽ കളിക്കുന്ന ആദ്യ മലയാളി താരമായിരുന്നു മിന്നു മണി. ബം​ഗ്ലാദേശിനെതിരായ ടി20യിലായിരുന്നു മിന്നുവിന്റെ അരങ്ങേറ്റം. അരങ്ങേറ്റ മത്സരത്തിൽ തിളങ്ങിയ മിന്നു മൂന്നോവറിൽ 21 റൺസ് വഴങ്ങി ഒരു വിക്കറ്റാണെടുത്തത്. അന്നത്തെ മിന്നുവിന്റെ പ്രകടനം താരത്തെ ഇന്ത്യയുടെ എ ടീമിന്റെ ക്യാപ്റ്റനുമാക്കി മാറ്റി. ഇംഗ്ലണ്ട് എ ടീമിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ്‌ വനിതാ ടീമിനെയാണ് മിന്നുമണി നയിച്ചത്.

ക്രിക്കറ്റ് ലോകകപ്പും റെക്കോർഡുകളും

ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ച് റെക്കോർഡുകളുടെ പെരുമഴ തീർത്ത വർഷമാണ് 2023. ലോകകപ്പ് ഫൈനലിൽ ഇന്ത്യ പരാജയപ്പെട്ടുവെങ്കിലും ഏഷ്യാ കപ്പ് കിരീടവും നിരവധി വ്യക്തിഗത റെക്കോർഡുകളും കരസ്ഥമാക്കി. ഒരു ലോകകപ്പിൽ ഏറ്റവുമധികം റൺസടിച്ചതിന്റെ റെക്കോർഡ് സ്വന്തമാക്കിയതിനൊപ്പം ഏകദിനത്തിൽ സച്ചിന്റെ 49 സെഞ്ച്വറികൾ എന്ന നേട്ടവും കോലി ഈ ലോകകപ്പിൽ മറികടന്നു. തുടർച്ചയായ രണ്ട് ലോകകപ്പുകളിൽ 500 റൺസിന് മുകളിൽ നേടുന്ന ആദ്യ ബാറ്റ്സ്‌മാനായി രോഹിത് ശർമ മാറി. കൂടാതെ ടൂർണമെന്റിൽ സിക്സറുകളുടെ കാര്യത്തിലും രോഹിത് റെക്കോർഡിട്ടു. 31 സിക്‌സറുകളാണ് രോഹിത് അടിച്ചുകൂട്ടിയത്. ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ താരം മുഹമ്മദ് ഷമിയാണ്. 7 മത്സരങ്ങളിൽ നിന്നായി 24 വിക്കറ്റ് വീഴ്ത്തിയ പ്രകടനം ഷമിക്ക് അർജുന അവാർഡും നേടിക്കൊടുത്തു. സഞ്ജുവിനെ സംബന്ധിച്ച് 2023 കരിയറിലെ പ്രധാനപ്പെട്ട വർഷമാണ്. താരം രാജ്യാന്തര കരിയറിലെ തന്റെ കന്നി സെഞ്ച്വറി തികച്ച വർഷമാണിത്.

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിന് ഐസിസി അംഗീകാരം

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിന് ഐസിസി അംഗീകാരം നൽകി. 2024 സെപ്റ്റംബറിൽ ചൈനയിലെ ഹാങ്ചൗവിൽ ആരംഭിക്കുന്ന ഏഷ്യൻ ഗെയിംസിലെ ട്വന്റി20 ക്രിക്കറ്റ് മത്സരങ്ങൾക്കാണ് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ ഔദ്യോഗിക പദവി നൽകിയത്. ഇതോടെ ഗെയിംസിലെ മത്സര ഫലങ്ങളും പ്രകടനങ്ങളും റാങ്കിങ്ങിലേയ്ക്കും റെക്കോർഡുകളിലേയ്ക്കും പരിഗണിക്കപ്പെടും. 2010, 2014 ഏഷ്യൻ ഗെയിംസുകളിൽ ക്രിക്കറ്റ് ഉണ്ടായിരുന്നെങ്കിലും ഐസിസി അംഗീകരിച്ചിരുന്നില്ല. പുരുഷ വിഭാഗത്തിൽ 18 ടീമുകളും വനിത വിഭാ​ഗത്തിൽ 14 ടീമുകളുമാണ് ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ മത്സരിക്കുന്നത്.

ഫുട്ബോളിലെ ഇന്ത്യയുടെ നേട്ടം

2023-ൽ സുനിൽ ഛേത്രിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ഫുട്ബോൾ ടീം മൂന്ന് കിരീടങ്ങളാണ് നേടിയത്. ത്രിരാഷ്ട്ര രാജ്യാന്തര ഫുട്ബോൾ ടൂർണമെന്റ്, ഇന്റർകോണ്ടിനെന്റൽ കപ്പ്, 9-ാമത് സാഫ് ചാമ്പ്യൻഷിപ്പ് എന്നീ ടൂർണമെന്റുകളിലാണ് ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീം ഈ വർഷം വിജയം കൊയ്തത്.

ഐ.പി.എൽ താരലേലം

2023-ൽ ദുബായിൽ നടത്തിയ ഐപിഎൽ താരലേലത്തിൽ ഏറ്റവും വിലയേറിയ താരമായി ഓസ്ട്രേലിയയുടെ മിച്ചൽ സ്റ്റാര്‍ക്ക് മാറി. 24.75 കോടിക്കാണ് മിച്ചലിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത്. ഐപിഎൽ താരലേലത്തിലെ വിലയേറിയ രണ്ടാമത്തെ താരമായി മാറിയത് ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ആണ്. 20.50 കോടി രൂപയ്ക്കായിരുന്നു കമ്മിൻസിനെ സൺറൈസേഴ്സ് ഹൈദരാബാദ് വാങ്ങിയത്. ആദ്യമായി ഐപിഎൽ ലേലം ഇന്ത്യക്കുപുറത്തു വെച്ച് നടത്തപ്പെട്ടതും ഈ വർഷമായിരുന്നു.

ബിഷൻ സിംഗ് ബേദിയുടെ വേർപാട്

2023-ൽ ഇന്ത്യൻ കായിക മേഖലയുടെ ഏറ്റവും വലിയ നഷ്‌ടമായിരുന്നു ക്രിക്കറ്റ് ഇതിഹാസമായ ബിഷു എന്നറിയപ്പെട്ട ബിഷൻ സിംഗ് ബേദിയുടെ വേർപാട്. 2023 ഒക്ടോബർ 23-നായിരുന്നു ബേദിയുടെ അന്ത്യം. ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ നയിച്ച ഈ ഇതിഹാസ സ്പിന്നർ രാജ്യാന്തര വേദിയിൽ 67 ടെസ്റ്റും 10 ഏകദിനവും കളിച്ചു. ടെസ്റ്റിൽ 266-ഉം ഏകദിനത്തിൽ ഏഴും വിക്കറ്റ് ബിഷൻ സിംഗ് ബേദിക്കുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 370 മത്സരങ്ങൾ കളിച്ച ബേദി, 1,560 വിക്കറ്റ് സ്വന്തമാക്കിയിരുന്നു. 22 മത്സരങ്ങളിൽ അദ്ദേഹം ഇന്ത്യയെ നയിച്ചിട്ടുണ്ട്. 1970-ൽ രാജ്യം പദ്മശ്രീ പുരസ്കാരം നൽകി അദ്ദേഹത്തെ ആദരിച്ചു.

2024-നായുള്ള കാത്തിരിപ്പ്

ഒരുപിടി മികച്ച നേട്ടങ്ങൾക്കും ചില നിരാശകൾക്കും മൂകസാക്ഷിയായ ഒരു വർഷം അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. 2023 പടിയിറങ്ങാനൊരുങ്ങുമ്പോൾ ഇന്ത്യൻ കായികലോകം 2024-നെ ആവേശത്തോടെയാണ് ഉറ്റുനോക്കുന്നത്. ഇതിനിടെ 2024-ലെ പാരീസ് ഒളിമ്പിക്‌സിന് യോഗ്യത നേടിയ താരങ്ങൾ ഇന്ത്യയ്ക്ക് വിജയം സമ്മാനിക്കാനായി പരിശീലനവും ആരംഭിച്ചു കഴിഞ്ഞു. ഈ വർഷം സാധിക്കാതെപോയ നേട്ടങ്ങൾ അടുത്ത വർഷം നേടാൻ സാധിക്കുമെന്ന പ്രതീക്ഷയിലും ലഭിച്ച നേട്ടങ്ങളും റെക്കോർഡുകളും ഒരുപടി മുകളിൽ ഉറപ്പിക്കാമെന്ന ആത്മവിശ്വാസത്തിലുമാണ് ഓരോ കായിക താരവും.

 

ലിറ്റി ജോസ്
ലിറ്റി ജോസ്
ഏഷ്യ ലൈവ് റിപ്പോർട്ടർ

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദുബായിലെ ബസ് ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി ആർടിഎ

ദുബായിലെ ബസ് ​ഗതാ​ഗത ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി റോഡ്‌സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). യുഎഇയിലുടനീളമുള്ള യാത്രക്കാർക്ക് സുഗമവും കാര്യക്ഷമവുമായ ദൈനംദിന...

ഹിറ്റായി ‘പെരിയോനേ…’; ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയാ പുരസ്കാരം നേടി എ.ആർ റഹ്മാൻ

മലയാള സിനിമാ പ്രേക്ഷകരെ ഏറെ ആവേശത്തിലാഴ്ത്തിയ ചിത്രമാണ് ബ്ലെസി സംവിധാനം ചെയ്‌ത ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഇപ്പോൾ 2024-ലെ...

‘സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭ’; മേഘനാഥന്റെ വിയോ​ഗത്തില്‍ വേദനയോടെ മമ്മൂട്ടിയും മോഹന്‍ലാലും

നടൻ മേഘനാഥൻ്റെ വിയോ​ഗത്തിൽ അനുശോനം രേഖപ്പെടുത്തി താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. അഭിനയത്തിൽ സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭയുള്ള നടനായിരുന്നു മേഘനാഥനെന്ന് മോഹൻലാൽ കുറിച്ചപ്പോൾ മേഘനാഥന്റെ...

അക്ഷരപ്രേമികളുടെ സം​ഗമം; 47-ാമത് കുവൈത്ത് ഇന്റർനാഷണൽ പുസ്തകമേളക്ക് തുടക്കം

47-ാമത് കുവൈത്ത് ഇൻ്റർനാഷണൽ പുസ്‌തകമേളക്ക് തുടക്കമായി. മിഷ്റിഫ് അന്താരാഷ്ട്ര ഫെയർ ഗ്രൗണ്ടിൽ സാംസ്‌കാരിക - യുവജനകാര്യ മന്ത്രി അബ്‌ദുൽ റഹ്‌മാൻ അൽ മുതൈരിയാണ് പ്രദർശനം...