ഏകദിന ലോകകപ്പിലെ ഫൈനൽ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് കാലിടറിയതോടെ ഓസ്ട്രേലിയ കിരീട ജേതാക്കളായി. ആറ് വിക്കറ്റിന്റെ ആധികാരിക ജയത്തോടെയാണ് ഓസീസ് തങ്ങളുടെ ആറാം ലോകകപ്പ്കിരീടം ചൂടിയത്. ലോകകപ്പ് കിരീടം നഷ്ടപ്പെട്ടതിന് പിന്നാലെ ആദ്യപ്രതികരണം നടത്തിയിരിക്കുകയാണ് ഇന്ത്യയുടെ നായകൻ രോഹിത് ശർമ. കഴിവിന്റെ പരമാവധി ശ്രമിച്ചുവെങ്കിലും ഫൈനൽ ദിനം ഇന്ത്യയ്ക്ക് അനുകൂലമായില്ലെന്നുമാണ് രോഹിത് പ്രതികരിച്ചത്.
‘തുടക്കത്തിൽ ഇന്ത്യയ്ക്ക് പ്രതീക്ഷ ഉണ്ടായിരുന്നു. 270 മുതൽ 280 വരെ സ്കോർ ഉണ്ടായിരുന്നുവെങ്കിൽ ഇന്ത്യയ്ക്ക് വിജയിക്കാൻ സാധിക്കുമായിരുന്നു. എന്നാൽ വിക്കറ്റുകൾ നഷ്ടമായതോടെ ഇന്ത്യൻ സ്കോർ 241 റൺസിലേക്ക് എത്തി. ഈ സ്കോർ പ്രതിരോധിക്കാൻ തുടക്കത്തിൽതന്നെ വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്തു. എന്നാൽ ട്രാവിസ് ഹെഡിന്റെയും മാർനസ് ലബുഷെയ്നിന്റെയും പ്രകടനം തടയാൻ കഴിഞ്ഞില്ല’ എന്നും രോഹിത് വ്യക്തമാക്കി.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 241 റൺസിൽ ഓൾ ഔട്ടാകുകയായിരുന്നു. വിരാട് കോലിയുടെയും കെ എൽ രാഹുലിന്റെയും അർദ്ധ സെഞ്ച്വറികളും രാഹുലിന്റെ മികച്ച പ്രകടനവും ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചു. എന്നാൽ സെഞ്ച്വറി നേടിയ ട്രാവിസ് ഹെഡ് ആണ് ഇന്ത്യയുടെ വില്ലനായി മാറിയത്. ഹെഡ് 137 റണ്‍സെടുത്തപ്പോള്‍ ലബൂഷെയ്ന്‍ 58 റണ്‍സ് നേടി പുറത്താവാതെ നിന്നു.
ഇന്ത്യ ഇത്രയും മികച്ച ഫോമിൽ കളിച്ച മറ്റൊരു ലോകകപ്പ് ഉണ്ടായിട്ടില്ലെന്ന് തന്നെ പറയാം. ലോകകപ്പിലെ ആദ്യ മത്സരം മുതൽ എല്ലാ ടീമിനേയും തോല്‍പിച്ച ഏക ടീമെന്ന നിലയില്‍ രോഹിത്തും സംഘവും മടങ്ങുന്നത് തലയുയര്‍ത്തി തന്നെയാണ്.