2023 ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ മത്സരങ്ങൾ അവസാനിച്ചു. ചരിത്ര നേട്ടം സ്വന്തമാക്കിയാണ് ഇന്ത്യ ഏഷ്യന്‍ ഗെയിംസിന് വേദിയായ ചൈനയോട് വിട പറയുന്നത്. ചരിത്രത്തിലാദ്യമായി 107 മെഡലുകളുമായി അഭിമാനത്തോടെ മടങ്ങാനൊരുങ്ങിയിരിക്കുകയാണ് ഇന്ത്യൻ താരങ്ങൾ. 28 സ്വർണവും 38 വെള്ളിയും 41 വെങ്കലവുമാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്.
ഇന്ത്യയ്ക്ക് വേണ്ടി ചെസ്സിൽ പുരുഷ വനിതാ ടീമുകൾ വെള്ളി നേടിയതോടെ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും അവസാനിച്ചു. ഏഷ്യൻ ഗെയിംസ് ഇന്നാണ് അവസാനിക്കുന്നതെങ്കിലും ഇന്ന് ഇന്ത്യയ്ക്ക് മത്സരങ്ങളൊന്നുമില്ല. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഷൂട്ടിങ്, അത്ലറ്റിക്സ് എന്നീ രംഗങ്ങളിൽ നിന്നാണ് ഇന്ത്യ ഏറ്റവുമധികം മെഡലുകൾ സ്വന്തമാക്കിയത്. അത്ലറ്റിക്സിൽ നിന്ന് മാത്രം 28 മെഡലുകളാണ് ഇന്ത്യൻ താരങ്ങൾ കരസ്ഥമാക്കിയത്. 2018ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ ഇന്ത്യ 16 സ്വർണവും 23 വെള്ളിയും 31 വെങ്കലവും ഉൾപ്പെടെ 70 മെഡലുകളായിരുന്നു സ്വന്തമാക്കിയത്.