11 വർഷത്തെ കാത്തിരിപ്പിനൊടുവിൽ സ്വപ്‌ന കിരീടത്തിൽ മുത്തമിട്ട് ടീം ഇന്ത്യ. ക്യാപ്റ്റനെന്ന നിലയിൽ ഇന്ത്യയെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച് രോഹിത് ശർമ ധീരനായകനായി മാറി. കഴിഞ്ഞ വർഷം ഏകദിന ലോകകപ്പ് ഫൈനലിൽ ഒരു വിജയത്തിന് അകലെ സംഭവിച്ച കിരീട നഷ്ടത്തിൻ്റെ ക്ഷീണം 2024ലെ ഗംഭീര വിജയത്തോടെ രോഹിത് ശർമയും ടീമും തീർത്തു എന്നതാണ് വാസ്തവം. ഇതോടെ ഇന്ത്യയ്ക്കായി ലോകകിരീടം നേടിക്കൊടുത്ത ഇതിഹാസനായകൻമാരുടെ പട്ടികയിലേക്ക് രോഹിത് ശർമയുടെ പേരും എഴുതിച്ചേർക്കപ്പെട്ടു.
ആദ്യ ലോകകപ്പ് ഫൈനലിൽ കിരീടം മോഹിച്ചെത്തിയ എയ്‌ഡൻ മാർക്രത്തിനും സംഘത്തിനും കണ്ണീരോടെ മടക്കം. ഇന്ത്യ ഉയർത്തിയ 177 റൺസെന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്‌ടത്തിൽ 169 റൺസേ നേടാനായുള്ളൂ. ഏഴ് റൺസിനാണ് ഇന്ത്യ വിജയമുറപ്പിച്ചത്. മത്സരത്തിന്റെ അവസാനം സൂര്യകുമാറിൻ്റെ ക്യാച്ചിൽ ഇന്ത്യ ജീവൻ തിരികെ പിടിച്ചു. ഡികോക്കിന്റേയും ക്ലാസന്റേയും ഇന്നിങ്സുകളുടെ ബലത്തിൽ ദക്ഷിണാഫ്രിക്ക പൊരുതിയെങ്കിലും വിജയത്തിലെത്തിയില്ല.
ഇന്ത്യ ഉയർത്തിയ 177 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്ക തുടക്കംതന്നെ പതറി. ടീം സ്കോർ ഏഴിൽ നിൽക്കേ ഓപ്പണർ റീസ ഹെൻഡ്രിക്‌സിനെ നഷ്ടമായി. എന്നാൽ മൂന്നാം വിക്കറ്റിൽ ഒന്നിച്ച ഡി കോക്കും ട്രിസ്റ്റൺ സ്റ്റബ്‌സും ദക്ഷിണാഫ്രിക്കയെ മുന്നോട്ടുനയിച്ചു. ഇരുവരും ചേർന്ന് ടീം സ്കോർ അമ്പത് കടത്തി. എന്നാൽ 70 ൽ നിൽക്കേ ഈ കൂട്ടുകെട്ട് പൊളിച്ച് അക്ഷർ ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകി. 21 പന്തിൽ നിന്ന് 31 റൺസെടുത്താണ് സ്റ്റബ്‌സ് മടങ്ങിയത്. പിന്നാലെ ഹെന്റിച്ച് ക്ലാസനിറങ്ങി. ക്ലാസനുമായി ചേർന്നാണ് ഡി കോക്ക് പിന്നീട് ഇന്നിങ്സ് പടുത്തുയർത്തിയത്. പത്തോവറിൽ ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 81 റൺസെന്ന നിലയിലായിരുന്നു. ക്ലാസനും ട്രാക്കിലായതോടെ പ്രോട്ടീസ് സ്കോർ 12-ാം ഓവറിൽ നൂറുകടന്നു.
എന്നാൽ ഡി കോക്കിനെ പുറത്താക്കി ഇന്ത്യയ്ക്ക് നിർണായകമായ ബ്രേക്ക്ത്രൂ നൽകാൻ അർഷ്ദീപിനായി. പ്രോട്ടീസ് 106-4 എന്ന നിലയിൽ. എന്നാൽ ക്ലാസനും മില്ലറും അടിച്ചുതകർക്കാൻ തുടങ്ങിയതോടെ ഇന്ത്യ ആശങ്കയിലായി. ഇരുവരും ചേർന്ന് 15 ഓവറിൽ ടീമിനെ 147 ലെത്തിച്ചു. 17-ാം ഓവറിൽ ക്ലാസനെ ഹാർദിക് പാണ്ഡ്യ പുറത്താക്കിയത് ഇന്ത്യയ്ക്ക് നേരിയ പ്രതീക്ഷ നൽകി. അടുത്ത ഓവറിൽ ബുംറ യാൻസൻ്റെ വിക്കറ്റെടുത്തു. പിന്നാലെ രണ്ടോവറിൽ 20 റൺസ് ലക്ഷ്യം. അർഷ്ദീപിൻ്റെ ഓവറിൽ നാല് റൺസ് മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് നേടാനായത്. അതോടെ അവസാന ഓവറിൽ 16 റൺസ് ലക്ഷ്യം. ഹാർദിക് എറിഞ്ഞ ഓവറിലെ ആദ്യ പന്തിൽ മില്ലർ മടങ്ങി. സൂര്യകുമാറിൻ്റെ സൂപ്പർ ക്യാച്ചിൽ കളി മാറി. ഒടുക്കം എട്ട് വിക്കറ്റ് നഷ്ടത്തിൽ 169 റൺസിന് ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്സ് അവസാനിച്ചു. ഇതോടെ ഇന്ത്യ ടി20 ലോകകപ്പ് കിരീടം ചൂടുകയും ചെയ്തു.
നേരത്തേ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്‌ടത്തിൽ ഇന്ത്യ 176 റൺസാണെടുത്തത്. കോലിയുടേയും അക്ഷർ പട്ടേലിന്റേയും ഇന്നിങ്സുകളാണ് ഇന്ത്യയ്ക്ക് തുണയായത്. മൂന്നാം വിക്കറ്റിൽ 72 റൺസിൻ്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്. ശിവം ദുബൈ 16 പന്തിൽ നിന്ന് 27 റൺസെടുത്തു. രവീന്ദ്ര ജഡേജ രണ്ട് റൺസെടുത്ത് പുറത്തായി. ഹാർദിക് പാണ്ഡ്യ (5) പുറത്താവാതെ നിന്നു. കേശവ് മഹാരാജും ആന്റ്റിച്ച് നോർക്യേയും രണ്ട് വീതം വിക്കറ്റും വീഴ്ത്തി.