വീണ്ടും കിരീട നേട്ടത്തിൽ ഇന്ത്യ. പ്രഥമ ലോക ലെജൻഡ്സ് ചാംപ്യൻഷിപ്പിൽ കിരീടം ചൂടി ഇന്ത്യ. കലാശപ്പോരാട്ടത്തിൽ പാക്കിസ്ഥാനെ തോൽപ്പിച്ചാണ് യുവരാജ് സിങ്ങിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം കപ്പ് സ്വന്തമാക്കിയത്. ട്വന്റി20 ലോകകപ്പ് കിരീടം നേടി രണ്ടാഴ്ച തികയുമ്പോഴാണ് അടുത്ത കിരീടമെന്നത് ഇന്ത്യയുടെ അഭിമാനം വീണ്ടും ഉയർത്തുകയാണ്.
ബർമിങ്ഹാമിലെ എഡ്‌ജ്‌ബാസ്‌റ്റൺ സ്‌റ്റേഡിയത്തിൽ നടന്ന കലാശപ്പോരാട്ടത്തിൽ അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യം ബാറ്റു ചെയ്‌ത പാക്കിസ്ഥാൻ ചാംപ്യൻസ് ഉയർത്തിയ 157 റൺസ് വിജയലക്ഷ്യം 19.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടക്കുകയായിരുന്നു. അമ്പാട്ടി റായിഡുവാണ് പ്ലെയർ ഓഫ് ദ് മാച്ച്. യൂസഫ് പഠാന് പ്ലെയർ ഓഫ് ദ് ടൂർണമെന്റ്റായി.
സെമിഫൈനലിൽ ഓസ്ട്രേലിയ ചാംപ്യൻസിനെ തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിലെത്തിയത്. വെസ്റ്റിൻഡീസിനെ പരാജയപ്പെടുത്തിയായിരുന്നു പാക്കിസ്ഥാന്റെ ഫൈനൽ പ്രവേശനം. ഗ്രൂഫ് ഘട്ടത്തിൽ പാക്കിസ്ഥാനോടും ഓസ്ട്രേലിയയോടും ദക്ഷിണാഫ്രിക്കയോടും പരാജയപ്പെട്ട് നാലാം സ്ഥാനക്കാരായിട്ടാണ് യുവിയും സംഘവും സെമിയിലെത്തിയത്. എന്നാൽ കലാശപ്പോരാട്ടത്തിലെ മികച്ച പ്രകടനം നീലപ്പടയെ കിരീടത്തിലേയ്ക്ക് എത്തിക്കുകയായിരുന്നു.