ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ന്യൂസിലാൻഡിനെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിൽ. ന്യൂസിലൻഡിനെ 70 റൺസിന് തകർത്താണ് ഇന്ത്യ രാജകീയമായി ഫൈനലിലേക്ക് കടന്നത്. ഇരുടീമുകളും വിജയത്തിനായി മികച്ച പോരാട്ടം നടത്തിയെങ്കിലും ഇന്ത്യൻ ബൗളർമാർ ന്യൂസിലാന്റ് ബാറ്റർമാരെ പിടിച്ചുകെട്ടുകയായിരുന്നു. ഇന്ത്യ ഉയർത്തിയ കൂറ്റൻ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റുമായിക്രീസിൽ ഇറങ്ങിയ ന്യൂസീലൻഡിന്റെ മറുപടി 327 റൺസിൽ അവസാനിച്ചു. സ്കോർ: ഇന്ത്യ – 50 ഓവറിൽ 4ന് 397. ന്യൂസീലൻഡ് – 48.5 ഓവറിൽ 327ന് പുറത്ത്.
റെക്കോർഡ് പ്രകടനങ്ങളുമായി വിരാട് കോലിയും മുഹമ്മദ് ഷമിയും കളം നിറഞ്ഞാടിയപ്പോൾ ശ്രേയസ് അയ്യരും രോഹിത് ശർമയും, കിവീസ് നിരയിൽ ഡാരില്‍ മിച്ചലും വെടിക്കെട്ട് പ്രകടനം കാഴ്ചവച്ചു. എന്നാൽ സെഞ്ചുറി നേടിയ ഡാരിൽ മിച്ചലിന്റെ ഒറ്റയാൾ പോരാട്ടത്തിന് ന്യൂസീലൻഡിനെ ജയത്തിലെത്തിക്കാൻ കഴിഞ്ഞില്ല. മാത്രമല്ല, മുഹമ്മദ് ഷമിയുടെ പന്തിൽ വിക്കറ്റ് കീപ്പർ കെ.എൽ.രാഹുലിന് ക്യാച്ച് നൽകിയാണ് ഡെവോൺ കോൺവേയും രചിൻ രവീന്ദ്രയും പുറത്തായത്. ഇരുവരും 13 റൺസ് വീതമാണ് ന്യൂസിലാൻഡിന് വേണ്ടി നേടിയത്.
അതേസമയം ഇന്ത്യയുടെ ഷമി ലോകകപ്പിൽ 50 വിക്കറ്റു തികയ്ക്കുകയും ചെയ്തു. 2 പന്തുകൾ മാത്രം നേരിട്ട ടോം ലാഥം ഒരു റൺ പോലും എടുക്കാൻ കഴിയാതെയാണ് പുറത്തായത്. ഇതോടെ ഏറ്റവും കുറഞ്ഞ ഇന്നിങ്സുകളിൽ നിന്ന് (17) ഈ നേട്ടം സ്വന്തമാക്കുന്ന താരമായി ഷമി മാറി. മാത്രമല്ല, ഏറ്റവും കുറവ് പന്തുകളിൽനിന്നും ഈ നേട്ടത്തിലെത്തുന്ന താരം കൂടിയാണ് ഷമി. ഓസീസിന്‍റെ മിച്ചൽ സ്റ്റാര്‍ക്കിന്‍റെ റെക്കോർഡാണ് താരം തകർത്തത്.
ഇന്ത്യയുടെ ചരിത്രത്തിലെ മറ്റൊരു അസുലഭ നിമിഷത്തിന് കൂടിയ കളിക്കളം സാക്ഷിയായി. ക്രിക്കറ്റ് ദൈവം സച്ചിൻ ടെണ്ടുൽക്കറിനെ മറികടന്ന് ഏകദിന ലോകകപ്പിൽ 50 സെഞ്ചുറി തികച്ച് വിരാട് കോഹ്ലി റെക്കോഡ് തിരുത്തിയെഴുതി. 2003 ലോകകപ്പിൽ സച്ചിൻ നേടിയ 673 റൺസാണ് ഇതോടെ പഴങ്കഥയായത്. 452 ഇന്നിങ്‌സുകളില്‍ നിന്നാണ് സച്ചിന്‍ 49 ഏകദിന സെഞ്ച്വറി നേടിയത്. എന്നാല്‍ വെറും 279 ഇന്നിങ്‌സില്‍ നിന്നാണ് കോലി 50ാം ഏകദിന സെഞ്ചുറി എന്ന നേട്ടത്തിലേക്ക് എത്തിയത്. കൂടാതെ മത്സരത്തിൽ അർധ സെഞ്ച്വറി നേടിയതോടെ ഒരു ലോകകപ്പിൽ കൂടുതൽ തവണ 50-ന് മുകളിൽ സ്‌കോർ ചെയ്ത താരമെന്ന റെക്കോഡും കോഹ്ലിയുടെ പേരിലായി. നാളെ നടക്കുന്ന രണ്ടാം സെമിയിലെ ജേതാവുമായി ഞായറാഴ്ച ഇന്ത്യ ഫൈനലിൽ ഏറ്റുമുട്ടും.