ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് ഇന്ന് തുടക്കം. ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഇന്ത്യയുടെ ഒന്നാം ട്വന്റി20-യാണ് ഇന്ന് നടക്കുന്നത്. ഇന്ത്യൻ സമയം വൈകിട്ട് 7.30-ന് ഡർബനിലാണ് മത്സരം ആരംഭിക്കുക. മൂന്ന് വീതം ട്വന്റി 20, ഏകദിന മത്സരങ്ങളും രണ്ട് ടെസ്റ്റും ഉൾപ്പെടുന്നതാണ് പര്യടനം.
ആറ് മാസത്തിന് ശേഷം നടക്കാനിരിക്കുന്ന ട്വന്റി20 ലോകകപ്പിന് മുൻപുള്ള ഇന്ത്യയുടെ പ്രധാന മത്സരം കൂടിയാണിത്. ശുഭ്മൻ ഗിൽ, യശസ്വി ജയ്സ്വാൾ, ഋതുരാജ് ഗെയ്ക്വാദ്, ഇഷാൻ കിഷൻ എന്നിങ്ങനെ ബാറ്റിങ് ഓപ്പണിങ്ങിൽ മാത്രം 4 പേരാണ് സാധ്യതാ ലിസ്റ്റിലുള്ളത്. വിക്കറ്റ് കീപ്പർ സ്ഥാനത്ത് ഇഷൻ കിഷന് ഭീഷണിയായി ജിതേഷ് ശർമയുണ്ട്. ജസ്പ്രീത് ബുമ്രയ്ക്ക് വിശ്രമം അനുവദിച്ച പരമ്പരയിൽ പേസ് ബോളിങ്ങിൽ അർഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ദീപക് ചാഹർ എന്നിവരുടെ നിലവാരം ഇന്നളക്കും.
ട്വന്റി 20 മത്സരത്തിൽ ഇന്ത്യൻ ടീമിനെ സൂര്യകുമാർ യാദവാണ് നയിക്കുക. യശസ്വി ജയസ്വാൾ, ശുഭ്മാൻ ഗിൽ, ഋതുരാജ് ഗെയ്ക്വാദ്, തിലക് വർമ, റിങ്കു സിങ്, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ, ജിതേഷ് ശർമ, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, രവി ബിഷ്ണോയ്, കുൽദീപ് യാദവ്, അർഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ദീപക് ചാഹർ എന്നിവരാണ് ടീമിലെ മറ്റ് താരങ്ങൾ.