ടി20 ലോകകപ്പിൽ ക്രിക്കറ്റ് ആരാധകർ ആവേശത്തോടെ കാത്തിരുന്ന ഇന്ത്യ-പാക് പോരാട്ടത്തിൽ പാക്കിസ്ഥാനെ അടിച്ചൊതുക്കി ഇന്ത്യ. കൃത്യമായ പദ്ധതികളോടെ കളത്തിലിറങ്ങിയ നീലപ്പട പാക്കിസ്ഥാൻ ബാറ്റർമാരെ വരിഞ്ഞുകെട്ടുകയായിരുന്നു. ആറ് റൺസ് ജയത്തോടെ ഇന്ത്യ സൂപ്പർ എട്ട് പ്രതീക്ഷകൾ നിലനിർത്തുകയായിരുന്നു. കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ ഗ്രൂപ്പ് എയിൽ ഒന്നാമതെത്തുകയും ചെയ്തു.
ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റു ചെയ്‌ത ഇന്ത്യയെ 19 ഓവറിൽ 119 റൺസിന് പുറത്താക്കിയ പാക്കിസ്ഥാൻ വിജയം ഏകദേശം ഉറപ്പിച്ചാണ് മറുപടി ബാറ്റിങ്ങിനിറങ്ങിയത്. എന്നാൽ, ബോളർമാരുടെ കരുത്തിൽ കളി തിരിച്ചടിച്ച ഇന്ത്യ പാക്കിസ്ഥാനെ 20 ഓവറിൽ 7ന് 113 എന്ന സ്കോറിൽ തളച്ച് 6 റൺസിന്റെ ആവേശജയം പിടിച്ചെടുത്തു. ഇതോടെ ഇന്ത്യ സൂപ്പർ എട്ട് പ്രതീക്ഷകൾ സജീവമാക്കി. അതേസമയം കളിച്ച രണ്ട് മത്സരങ്ങളും തോറ്റ പാക്കിസ്ഥാന്റെ നില പരുങ്ങലിലാണ്.
15–ാം ഓവറിൽ 3 റൺസ് മാത്രം വിട്ടുനിൽകിയ ബുമ്രയെ 19–ാം ഓവറിൽ ക്യാപ്റ്റൻ രോഹിത് ശർമ വീണ്ടും പന്തേൽപിച്ചതാണ് നിർണായകമായത്. 3 റൺസ് മാത്രം വഴങ്ങി വീണ്ടും ബുമ്ര പാക്കിസ്ഥാൻ ബാറ്റർമാരെ വരിഞ്ഞുമുറുക്കി. 4 ഓവറിൽ 14 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്രയാണ് പ്ലെയർ ഓഫ് ദ് മാച്ച്.