ചിന്നസ്വാമി സ്റ്റേഡിയത്തിൽ അടിപതറി ഇന്ത്യ. ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്‌റ്റിൽ 46 റൺസിന് ഇന്ത്യ പുറത്തായി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് ആത്മവിശ്വാസത്തോടെയായിരുന്നെങ്കിലും 46 റൺസിന് പുറത്താകുകയായിരുന്നു.
ഇന്ത്യൻ ബാറ്റർമാരിൽ അഞ്ച് പേർ റണ്ണൊന്നുമെടുക്കാതെ പുറത്തായപ്പോൾ 49 പന്തിൽ 20 റൺസെടുത്ത വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്കോറർ. വിരാട് കോലി, സർഫറാസ് ഖാൻ, കെ.എൽ രാഹുൽ, രവീന്ദ്ര ജഡേജ, ആർ. അശ്വിൻ എന്നിവരാണ് ഇന്ത്യൻ നിരയിൽ പൂജ്യത്തിന് പുറത്തായത്. 63 പന്തുകൾ നേരിട്ട ഓപ്പണർ യശസ്വി ജയ്‌സ്വാൾ 13 റൺസെടുത്തും പുറത്തായി.
ഏഴാം ഓവറിൽ പേസർ ടീം സൗത്തിയുടെ പന്തിൽ രോഹിത് ബോൾഡാകുകയായിരുന്നു. വിൽ ഒറൂകിൻ്റെ പന്തിൽ ഗ്ലെൻ ഫിലിപ്സ് ക്യാച്ചെടുത്തതോടെ കോലിയും മടക്കി. പിന്നാലെ മാറ്റ് ഹെൻറിയുടെ പന്തിൽ സർഫറാസും പുറത്തായി. ആറ് പന്തുകൾ നേരിട്ട രാഹുലിനെ കിവീസ് വിക്കറ്റ് കീപ്പർ ടോം ബ്ലണ്ടൽ ക്യാച്ചെടുത്തു മടക്കി. മാറ്റ് ഹെൻറിയുടെ പന്തിൽ ജഡേജയും പുറത്തായി. ലഞ്ചിനു പിന്നാലെ നേരിട്ട ആദ്യ പന്തിൽ അശ്വിനും പുറത്തായി. സ്കോർ 39ൽ നിൽക്കെ ഋഷഭ് പന്തിനെ മാറ്റ് ഹെൻറി ടോം ലാഥത്തിൻ്റെ കൈകളിലുമെത്തിച്ചു.
ടെസ്‌റ്റിൽ ഇന്ത്യയുടെ മൂന്നാമത്തെ ചെറിയ സ്കോറാണിത്. 2020-ൽ ഇന്ത്യ ഓസ്ട്രേലിയയ്ക്കെതിരെ 36 റൺസിന് പുറത്തായിട്ടുണ്ട്. 1974ൽ ഇംഗ്ലണ്ടിനോട് ഒരു ഇന്നിങ്സിൽ 42 റൺസിനും ഓൾ ഔട്ടായിരുന്നു.