ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ തകർപ്പൻ ജയവുമായി ഇന്ത്യ. 106 റൺസിനായിരുന്നു ഇന്ത്യയുടെ ജയം. 399 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ 292 റൺസിന് കൂടാരം കയറി. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര നിലവിൽ സമനിലയിലായിലാണ്.
നാലാം ദിനം 67-1 എന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് റെഹാൻ അഹ്‌മദിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 23 റൺസെടുത്ത താരത്തെ അക്ഷർ പട്ടേൽ പുറത്താക്കി. പിന്നാലെയിറങ്ങിയ ഒലി പോപ്പുമൊത്ത് സാക് ക്രോളി മത്സരം തുടർന്നപ്പോൾ 23 റൺസെടുത്ത ഒലി പോപ്പിനെ മടക്കി അശ്വിൻ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെയെത്തിയ ജോ റൂട്ടിന് അധികനേരം ക്രീസിൽ നിലയുറപ്പിക്കാനായില്ല. 10 പന്തിൽ നിന്ന് 16 റൺസെടുത്ത റൂട്ടിനെ ആശ്വിൻ അക്ഷറിന്റെ കൈകളിലെത്തിച്ചു. ഇതോടെ ഇംഗ്ലണ്ട് 154-4 എന്ന നിലയിലേക്ക് വീണു.
എന്നാൽ സാക് ക്രോളിന്റെ പ്രകടനം ഇംഗ്ലണ്ടിന് പ്രതീക്ഷ നൽകി. ക്രീസിലിറങ്ങിയ ജോണി ബെയർസ്‌റ്റോയുമൊത്ത് ഭേദപ്പെട്ട കൂട്ടുകെട്ട് പടുത്തുയർത്തിയെങ്കിലും ടീം സ്കോർ 194-ൽ നിൽക്കേ ഇരുവരുടേയും വിക്കറ്റ് നഷ്‌ടമായതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിലായി. 73 റൺസെടുത്ത സാക് ക്രോളിയെ കുൽദീപ് യാദവ് പുറത്താക്കിയപ്പോൾ ബെയർസ്റ്റോയെ ബുംറയും മടക്കി. 26 റൺസാണ് ബെയർസ്റ്റോ നേടിയത്. പിന്നീട് ബെൻ സ്റ്റോക്‌സും ബെൻ ഫോക്‌സും ഇംഗ്ലണ്ടിനായി പൊരുതാനിറങ്ങി. ടീം സ്കോർ 220-ൽ നിൽക്കേ കാര്യമായ പോരാട്ടം കാഴ്ചവെക്കാനാവാതെ സ്‌റ്റോക്‌സ് മടങ്ങി. 11 റൺസെടുത്ത താരം റൺഔട്ടായി.
പിന്നീടിറങ്ങിയ ടോം ഹാർട്ലിയുമൊന്നിച്ച് ഫോക്‌സ് സ്കോർ 250- കടത്തി. ബുംറ ഈ കൂട്ടുകെട്ട് പൊളിച്ചു. 36 റൺസെടുത്ത ബെൻ ഫോക്സാണ് കൂടാരം കയറിയത്. പിന്നാലെ ക്രീസിലിറങ്ങിയ ഷൊയ്ബ് ബാഷിറും(0) വേഗത്തിൽ മടങ്ങി. മുകേഷ് കുമാർ താരത്തെ വിക്കറ്റ് കീപ്പർ ഭരതിന്റെ കൈകളിലെത്തിച്ചു. പിന്നാലെ ആൻഡേഴ്‌സണെ പുറത്താക്കി ബുംറ ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചു. ഇന്ത്യയ്ക്കായി അശ്വിനും ബുംറയും മൂന്ന് വിക്കറ്റെടുത്തപ്പോൾ കുൽദീപ് യാദവ്, അക്ഷർ പട്ടേൽ. മുകേഷ് കുമാർ എന്നിവർ ഓരോ വിക്കറ്റെടുത്തു.