ഏകദിന ലോകകപ്പിൽ കരുത്തരായ ഓസ്ട്രേലിയയെ 6 വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ. ലോകകപ്പിലെ ആദ്യ മത്സരത്തിൽ തന്നെ കിരീട രാജാക്കന്മാരെ മുട്ടുകുത്തിച്ചിരിക്കുകയാണ് കോലിയും രാഹുലും ഉൾപ്പെടുന്ന ഇന്ത്യൻ പട. തുടക്കത്തിലെ തകർച്ചയിൽ നിന്ന് തിരിച്ചെത്തിയ ഇന്ത്യ 52 പന്ത് ബാക്കിനിൽക്കേ വിജയലക്ഷ്യമായ 200 റൺസ് മറികടന്നു. വിരാട് കോലിയുടേയും നായകൻ കെ.എൽ. രാഹുലിന്റേയും ഇന്നിങ്സുകൾ ഇന്ത്യൻ വിജയത്തിൽ നിർണായകമായി. കോലി 116 പന്തിൽ നിന്ന് 85 റൺസ് നേടിയപ്പോൾ രാഹുൽ 115 പന്തിൽ നിന്ന് 97 റൺസ് നേടി പുറത്താകാതെ നിന്നു. പാറ്റ് കമ്മിൻസിന്റെ പന്തിൽ സിക്സർ അടിച്ചാണ് രാഹുൽ വിജയറൺ പാറിച്ചത്.
ആദ്യം ബാറ്റുചെയ്ത ഓസ്ട്രേലിയയെ, ഇന്ത്യ സ്പിന്നർമാരുടെ മികവിൽ 199 റൺസിൽ തളച്ചു. 49.3 ഓവറിൽ 199ന് ഓസീസ് പുറത്തായി. 46 റൺസ് നേടിയ സ്റ്റീവ് സ്മിത്ത് ആണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറർ. രണ്ട് ഓവറിനിടെ മൂന്നു പ്രധാന ബാറ്റർമാരെ പുറത്താക്കിയ രവീന്ദ്ര ജഡേജയാണ് ഓസ്ട്രേലിയയുടെ നടുവൊടിച്ചത്. പത്തിൽ ആറ് വിക്കറ്റും സ്പിന്നർമാരാണ് സ്വന്തമാക്കിയത്.
ഓസ്ട്രേലിയയ്ക്കായി ജോഷ് ഹെയ്സൽവുഡ് 3 വിക്കറ്റു വീഴ്ത്തി. സ്കോർ: ഓസ്ട്രേലിയ 49.3 ഓവറിൽ 199ന് പുറത്ത്, ഇന്ത്യ 41.2 ഓവറിൽ 4 വിക്കറ്റു നഷ്ടത്തിൽ 201. മറുപടി ബാറ്റിങ്ങിൽ തകർച്ചയോടെയാണ് ഇന്ത്യ ആരംഭിച്ചത്. സ്കോർ ബോർഡിൽ 2 റൺസ് ചേർക്കുന്നതിനിടെ മൂന്ന് മുൻനിര ബാറ്റർമാരെ ഇന്ത്യയ്ക്ക് നഷ്ടമായി. രോഹിത് ശർമ, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ എന്നിവരാണ് മടങ്ങിയത്. 19 വർഷത്തിനുശേഷമാണ് ഇന്ത്യയുടെ രണ്ട് ഓപ്പണർമാരും പൂജ്യത്തിന് പുറത്താകുന്നത്. ഏകദിനത്തിൽ ഇന്ത്യയുടെ ആദ്യ നാല് ബാറ്റർമാരിൽ മൂന്നുപേർ പൂജ്യത്തിന് പുറത്താകുന്ന ആദ്യ മത്സരവുമാണിത്.
നാലാം വിക്കറ്റിൽ ക്രീസിൽ ഒന്നിച്ച വിരാട് കോലിയും കെ.എൽ.രാഹുലും ടീമിനെ വമ്പൻ തകർച്ചയിൽനിന്ന് കൈപിടിച്ചുയർത്തി. 3 വിക്കറ്റ് നഷ്ടത്തിൽ 2 റൺസെന്ന നിലയിൽ തകർന്ന ഇന്ത്യയെ ഇരുവരും ചേർന്ന് രക്ഷിക്കുകയായിരുന്നു. 26-ാം ഓവറിൽ ടീം സ്കോർ 100 കടന്നു. ഇതിനിടെ 76 പന്തിൽ നിന്ന് കോലി അർധസെഞ്ച്വറി നേടി. പിന്നാലെ രാഹുലും അർധസെഞ്ച്വറി സ്വന്തമാക്കി. 72 പന്തിലാണ് രാഹുൽ 50 പൂർത്തിയാക്കിയത്. 30 ഓവർ പിന്നിട്ടതോടെ സ്കോറിങിന് വേഗത കൂടി. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 165 റൺസ് കൂട്ടിച്ചേർത്തു.
38-ാം ഓവറിൽ സ്കോർ 167ൽ നിൽക്കേ ലബുഷെയ്ക്ക് ക്യാച്ച് നൽകി കോലി മടങ്ങിയെങ്കിലും അപ്പോഴേക്കും ജയം ഉറപ്പാക്കിയിരുന്നു. 116 പന്തുകൾ നേരിട്ട കോലി 6 ഫോറുൾപ്പെടെ 85 റൺസാണ് നേടിയത്. ആറാമനായി ക്രീസിലെത്തിയ ഹാർദിക് പാണ്ഡ്യ 8 പന്തിൽ 11 റൺസ് നേടി. കെ.എൽ.രാഹുലാണ് കളിയിലെ താരം. 8 ഫോറും 2 സിക്സും അടങ്ങുന്നതാണ് രാഹുലിന്റെ ഇന്നിങ്സ്.