ഓസ്ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും. ഗുവാഹത്തിയില്‍ വൈകിട്ട് ഏഴ് മണിക്കാണ് മത്സരം നടക്കുക. വിശാഖപട്ടണത്തും തിരുവനന്തപുരത്തും നടന്ന ആദ്യ രണ്ട് ട്വന്റി 20-കളിലും ഇന്ത്യ വിജയിച്ചിരുന്നു. രണ്ട് മത്സരങ്ങളിലും ജയിച്ച ഇന്ത്യ ഇന്ന് പരമ്പര സ്വന്തമാക്കാനാണ് ഇറങ്ങുന്നത്.
ആദ്യ മത്സരത്തിൽ രണ്ട് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. രണ്ടാം മത്സരത്തിൽ 44 റൺസിനായിരുന്നു ഇന്ത്യൻ ടീം ജയം ഉറപ്പിച്ചത്. ലോകകപ്പ് ഫൈനല്‍ തോല്‍വിക്ക് പകരമാകില്ലെങ്കിലും ഓസീസിനെതിരെ രണ്ട് മത്സരങ്ങൾ ജയിച്ചതിന്റെ ആത്മവിശ്വാസത്തിൽ തന്നെയാണ് ഇന്ത്യ മൂന്നാം അങ്കത്തിന് കളത്തിലിറങ്ങുന്നത്.
രണ്ട് കളികളിൽ ഓപ്പണര്‍മാരായി യശസ്വി ജയ്സ്വാളും റുതുരാജ് ഗെയ്കവാദും മികച്ച പ്രകടനം കാഴ്ചവെച്ചതിനാൽ ഇരുവരും ഇന്നും തുടരും. ആദ്യ രണ്ട് മത്സരങ്ങളിലും അര്‍ധസെഞ്ച്വറി നേടിയ ഇഷാന് കിഷൻ തുടര്‍ന്നാല്‍ പ്ലേയിംഗ് ഇലവനിലെത്താന്‍ ജിതേഷ് ശര്‍മ കാത്തിരിക്കേണ്ടിവരും. നായകന് സൂര്യകുമാര്‍ യാദവിന് ശേഷം എത്തുന്ന തിലക് വര്‍മക്ക് ആദ്യ രണ്ട് കളികളിലും കാര്യമായി ഒന്നും ചെയ്യാനായില്ലെങ്കിലും മൂന്നാം മത്സരത്തിലും അവസരം ഒരുങ്ങുമെന്നാണ് വിലയിരുത്തൽ.