ഓസ്ട്രേലിയക്കെതിരായ മൂന്നാം ട്വന്റി 20-യിൽ ഇന്ത്യയ്ക്ക് തിരിച്ചടി. 5 വിക്കറ്റിനാണ് ഓസീസ് ഇന്ത്യയ്ക്കെതിരെ വിജയമുറപ്പിച്ചത്. ഗ്ലെൻ മാക്‌സ്‌വെല്ലിൻ്റെ മികച്ച പ്രകടനമാണ് ഓസീസിനെ വിജയത്തിലെത്തിച്ചത്. സെഞ്ച്വറി നേടിയ മാക്‌സ്‌വെൽ അവസാന പന്തിൽ ബൗണ്ടറി നേടി ഓസീസിന് അഞ്ച് വിക്കറ്റിന്റെ ജയം സമ്മാനിക്കുകയായിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 2-1 എന്ന നിലയിലായി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങേണ്ടിവന്ന ഇന്ത്യ ഋതുരാജ് ഗെയ്ക്വാദിന്റെ സെഞ്ച്വറി മികവിലാണ് മൂന്നു വിക്കറ്റ് നഷ്‌ടത്തിൽ 222 റൺസെടുത്തത്. 57 പന്തുകൾ നേരിട്ട ഋതുരാജ് 13 ഫോറും ഏഴ് സിക്സും പറത്തി 123 റൺസോടെ പുറത്താകാതെ നിന്നു. ട്വൻ്റി 20-യിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഉയർന്ന രണ്ടാമത്തെ സ്കോർ എന്ന നേട്ടവും ഋതുരാജ് സ്വന്തമാക്കി. ആദ്യ 22 പന്തുകളിൽ 22 റൺസ് മാത്രമെടുത്ത താരം പിന്നീട് നേരിട്ട 35 പന്തുകളിൽ നിന്നാണ് 101 റൺസ് അടിച്ചുകൂട്ടിയത്. കഴിഞ്ഞ മത്സരങ്ങളിൽ തിളങ്ങിയ യശസ്വി ജയ്‌സ്വാൾ (6) രണ്ടാം ഓവറിൽ തന്നെ പുറത്തായി. തൊട്ടടുത്ത ഓവറിൽ അക്കൗട്ട് തുറക്കും മുമ്പ് ഇഷാൻ കിഷനും (0) മടങ്ങിയതോടെ ഇന്ത്യയുടെ തുടക്കം പാളി.
എന്നാൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ക്രീസിലെത്തിയതോടെ ഇന്ത്യൻ ഇന്നിങ്സിന് ഉണർവ് വന്നു. എന്നാൽ 11-ാം ഓവറിൽ ആരോൺ ഹാർഡിയുടെ പന്തിൽ സൂര്യയ്ക്ക് പിഴച്ചു. 29 പന്തിൽ നിന്ന് രണ്ട് സിക്‌സും അഞ്ച് ഫോറുമടക്കം 39 റൺസായിരുന്നു താരത്തിൻ്റെ സമ്പാദ്യം. ഋതുരാജിനൊപ്പം 57 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമായിരുന്നു സൂര്യയുടെ പുറത്താകൽ. എന്നാൽ പിന്നീട് ഋതുരാജ് മികച്ച പ്രകടനം കാഴ്ചവെച്ചു. തിലക് വർമ്മയുമായി ചേർന്ന് 141 റൺസിൻ്റെ കൂട്ടുകെട്ടാണ് ഋതുരാജ് പടുത്തുയർത്തിയത്. 24 പന്തുകൾ നേരിട്ട തിലക് 31 റൺസോടെ പുറത്താകാതെ നിന്നു. 142 റൺസാണ് അവസാന 10 ഓവറിൽ ഇന്ത്യ അടിച്ചെടുത്തത്. മാക്‌സ്‌വെൽ എറിഞ്ഞ അവസാന ഓവറിൽ 30 റൺസാണ് ഇന്ത്യ അടിച്ചെടുത്തത്. 23 റൺസ് ഓസീസ് ബൗളർമാർ അധികമായി വഴങ്ങുകയും ചെയ്തു.
223 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഓസീസിന്റേത് മികച്ച തുടക്കമായിരുന്നു. ട്രാവിസ് ഹെഡും ആരോൺ ഹാർഡിയും ചേർന്ന് ഇന്ത്യൻ ബൗളിങ്ങിനെ കടന്നാക്രമിച്ചു. എന്നാൽ അഞ്ചാം ഓവറിൽ ഹാർഡിയെ മടക്ക് അർഷ്ദീപ് സിങ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു. 12 പന്തിൽ നിന്ന് 16 റൺസായിരുന്നു ഹാർഡിയുടെ സമ്പാദ്യം. പിന്നാലെ തകർത്തടിച്ച ഹെഡിനെ മടക്കി ആവേശ് ഖാൻ ഇന്ത്യയ്ക്ക് പ്രതീക്ഷയേകി. 18 പന്തിൽ നിന്ന് എട്ട് ബൗണ്ടറിയടക്കം 35 റൺസെടുത്താണ് ഹെഡ് മടങ്ങിയത്.
തുടർന്ന് അപകടകാരിയായ ജോഷ് ഇംഗ്ലിസിനെ (10) രവി ബിഷ്ണോയ് പുറത്താക്കി. എന്നാൽ നാലാം വിക്കറ്റിൽ ഒന്നിച്ച മാക്സ്വെൽ – മാർക്കസ് സ്റ്റോയ്നിസ് സഖ്യം 60 റൺസ് ചേർത്തതോടെ ഓസീസിന് പ്രതീക്ഷ കൈവന്നു. പിന്നാലെ സ്റ്റോയ്നിസ് പുറത്തായി. 21 പന്തിൽ നിന്ന് 17 റൺസായിരുന്നു സ്റ്റോയ്‌നിസിന്റെ സമ്പാദ്യം. പിന്നാലെ വമ്പനടിക്കാരൻ ടിം ഡേവിഡിനെ (0) അക്കൗണ്ട് തുറക്കാനനുവദിക്കാതെ ബിഷ്ണോയ് മടക്കി. തുടർന്നായിരുന്നു മാക്സ്വെൽ – വെയ്‌ഡ് കൂട്ടുകെട്ട്. ആറാം വിക്കറ്റിൽ ഒന്നിച്ച മാക്‌സ്വെൽ – ക്യാപ്റ്റൻ മാത്യു വെയ്‌ഡ് സഖ്യമാണ് ടീമിന് ജയം സമ്മാനിച്ചത്. ഇരുവരും നാല് ഫോറും ഒരു സിക്സും പറത്തിയതോടെ ഓസീസ് അനായാസം ജയം കണ്ടു. അക്ഷർ പട്ടേൽ എറിഞ്ഞ 19-ാം ഓവറിൽ ഇരുവരും ചേർന്ന് 22 റൺസടിച്ചിരുന്നു. 48 പന്തുകൾ മാത്രം നേരിട്ട മാക്‌സ്‌വെൽ എട്ട് വീതം സിക്‌സും ഫോറുമടക്കം 104 റൺസോടെ പുറത്താകാതെ നിന്നു. വെയ്‌ഡ് 16 പന്തിൽ നിന്ന് 28 റൺസോടെയും പുറത്താകാതെ നിന്നു.