ട്വൻ്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ഓസ്ട്രേലിയക്കെതിരെ തകർപ്പൻ ജയം സ്വന്തമാക്കി ഇന്ത്യ. 44 റൺസിനായിരുന്നു ഇന്ത്യൻ ടീമിന്റെ ജയം. നിർണായകമായ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ ലെഗ് സ്പിന്നർ രവി ബിഷ്ണോയിയാണ് ഇന്ത്യയുടെ വിജയത്തിന് ചുക്കാൻ പിടിച്ചത്. 236 റൺസിൻ്റെ വമ്പൻ വിജയലക്ഷ്യം പിന്തുടർന്ന ഓസീസിന് ഒമ്പത് വിക്കറ്റ് നഷ്‌ടത്തിൽ 191 റൺസെടുക്കാനേ സാധിച്ചുള്ളൂ.
നേരത്തേ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മൂന്ന് താരങ്ങളുടെ അർധ സെഞ്ച്വറി മികവിൽ, നാല് വിക്കറ്റ് നഷ്ടത്തിൽ 235 റൺസെടുത്തിരുന്നു. യശസ്വി ജയ്സ്വാൾ, ഋതുരാജ് ഗെയ്ക്വാദ്, ഇഷാൻ കിഷൻ എന്നിവരാണ് അർധ സെഞ്ച്വറികൾ നേടിയത്. ഓപ്പണർ യശസ്വി ജയ്‌സ്വാൾ അർധ സെഞ്ച്വറി തികച്ചതോടെ ഇന്ത്യൻ സ്കോർ ഉയരുകയായിരുന്നു. 25 പന്തിൽ നിന്ന് രണ്ട് സിക്സും ഒമ്പത് ഫോറുമടക്കം 53 റൺസുമായി താരം മടങ്ങുമ്പോൾ ഇന്ത്യൻ സ്കോർ 77-ൽ എത്തിയിരുന്നു. രണ്ടാം വിക്കറ്റിൽ ഒന്നിച്ച ഋതുരാജ് ഗെയ്ക്വാദ് – ഇഷാൻ കിഷൻ സഖ്യത്തിന് തുടക്ക ഓവറുകളിൽ സ്കോർ ഉയർത്താൻ സാധിച്ചില്ലെങ്കിലും 12-ാം ഓവറിന് ശേഷം ഇരുവരും കുതിക്കുകയായിരുന്നു. എന്നാൽ 50 തികച്ചതിന് പിന്നാലെ താരത്തെ മാർക്കസ് സ്റ്റോയ്നിസ് പുറത്താക്കി. 32 പന്തിൽ നിന്ന് നാല് സിക്‌സും മൂന്ന് ഫോറുമടക്കം 52 റൺസായിരുന്നു കിഷൻ്റെ സമ്പാദ്യം. രണ്ടാം വിക്കറ്റിൽ ഋതുരാജിനൊപ്പം 87 റൺസ് ചേർത്ത ശേഷമാണ് കിഷൻ മടങ്ങിയത്.
43 പന്തുകൾ നേരിട്ട ഋതുരാജ് രണ്ട് സിക്‌സും മൂന്ന് ഫോറുമടക്കം 58 റൺസെടുത്തു. ക്യാപ്റ്റൻ സൂര്യകുമാർ 10 പന്തിൽ നിന്ന് 19 റൺസുമായി മടങ്ങി. അഞ്ചാമനായി ഇറങ്ങി മികച്ച പ്രകടനം പുറത്തെടുത്ത റിങ്കു സിങ്ങാണ് ഇന്ത്യൻ സ്കോർ 222-ൽ എത്തിച്ചത്. വെറും ഒമ്പത് പന്തുകൾ നേരിട്ട റിങ്കു നാല് ഫോറും രണ്ട് സിക്‌സും പറത്തി 31 റൺസുമായി പുറത്താകാതെ നിന്നു. തിലക് വർമ രണ്ട് പന്തിൽ നിന്ന് ഏഴ് റൺസെടുത്തു. ഓസ്ട്രേലിയക്കായി നഥാൻ എല്ലിസ് മൂന്ന് വിക്കറ്റും വീഴ്ത്തി.
236 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഓസീസിനായി സ്റ്റീവ് സ്‌മിത്ത് – മാത്യു ഷോട്ട് ഓപ്പണിങ് സഖ്യം നന്നായി പൊരുതി. 10 പന്തിൽ 19 റൺസെടുത്ത ഷോട്ട് പുറത്തായി. പിന്നാലെ അപകടകാരിയായ ജോഷ് ഇംഗ്ലിസിനെയും (2) മടക്കിയ ബിഷ്ണോയ് ഓസീസിനെ പ്രതിരോധത്തിലാക്കി. ആറാം ഓവറിൽ ഗ്ലെൻ മാക്‌സ്‌വെല്ലിനെ (12) വീഴ്ത്തി അക്ഷർ പട്ടേലും ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകി. പിന്നാലെ എട്ടാം ഓവറിൽ സ്‌മിത്തും (19) മടങ്ങിയതോടെ ഓസീസ് നാലിന് 58 എന്ന നിലയിലേക്ക് വീണു. പക്ഷേ അഞ്ചാം വിക്കറ്റിൽ ഒന്നിച്ച മാർക്കസ് സ്റ്റോയ്നിസ് – ടിം ഡേവിഡ് സഖ്യം ഇന്ത്യയ്ക്ക് വെല്ലുവിളി ഉയർത്തി. 7.2 ഓവറിൽ 58 റൺസുണ്ടായിരുന്ന സ്കോർ ഇരുവരും ചേർന്ന് 13.2 ഓവറിൽ 139-ൽ എത്തിച്ചു.
എന്നാൽ 14-ാം ഓവറിലെ നാലാം പന്തിൽ ഡേവിഡിനെ വീഴ്ത്തി ബിഷ്ണോയ് വീണ്ടും ടീമിന്റെ രക്ഷയ്ക്കെത്തി. 22 പന്തിൽ നിന്ന് രണ്ട് സിക്‌സും നാല് ഫോറുമടക്കം 37 റൺസായിരുന്നു ഡേവിഡ് നേടിയത്. തുടർന്ന് 25 പന്തിൽ നിന്ന് നാല് സിക്‌സും രണ്ട് ഫോറുമടക്കം 45 റൺസെടുത്ത സ്‌റ്റോയ്‌നിസിനെ മടക്കി മുകേഷ് കുമാറും ടീമിന് പ്രതീക്ഷ നൽകി. 81 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്. ക്യാപ്റ്റൻ മാത്യു വെയ്‌ഡ് 23 പന്തിൽ നിന്ന് നാല് സിക്‌സും ഒരു ഫോറുമടക്കം 42 റൺസുമായി പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല.