ഒരു മത്സരം ബാക്കിനിൽക്കെ അഫ്‌ഗാനിസ്ഥാനെതിരായ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ. പരമ്പരയിലെ രണ്ടാം മത്സരത്തിൽ അഫ്ഗാനെ ആറ് വിക്കറ്റിന് തകർത്താണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. അഫ്ഗാൻ ഉയർത്തിയ 173 റൺസ് വിജയലക്ഷ്യം 15.4 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടത്തിൽ ഇന്ത്യ മറികടക്കുകയായിരുന്നു. മൂന്നാം വിക്കറ്റിൽ യശസ്വി ജയ്സ്വാളും ശിവം ദുബെയും കൂട്ടിച്ചേർത്ത 92 റൺസാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്. ജയ്സ്വാൾ 34 പന്തിൽ നിന്ന് അഞ്ച് ഫോറും ആറ് സിക്സുമടക്കം 68 റൺസെടുത്തപ്പോൾ ദുബെ 32 പന്തിൽ നിന്ന് അഞ്ച് ഫോറും നാല് സിക്സുമടക്കം 63 റൺസോടെ പുറത്താകാതെ നിന്നു.
ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാൻ 172 റൺസിന് ഓൾഔട്ടായി. അർധ സെഞ്ച്വറി നേടിയ ഗുൽബാദിൻ നയ്ബാണ് അഫ്ഗാന്റെ ടോപ് സ്കോറർ. നയ്‌ബ് ഒഴികെയുള്ള അഫ്ഗാൻ താരങ്ങൾക്കൊന്നും തന്നെ മത്സരത്തിൽ ഇന്ത്യൻ ബൗളർമാർക്കുമേൽ ആധിപത്യം സ്ഥാപിക്കാനായില്ല. നയ്ബ് 35 പന്തിൽ നിന്ന് 57 റൺസെടുത്താണ് മടങ്ങിയത്. അഞ്ച് ഫോറും നാല് സിക്‌സും അടങ്ങിയതായിരുന്നു താരത്തിൻ്റെ ഇന്നിങ്സ്.
റഹ്‌മാനുള്ള ഗുർബാസ് (14), ക്യാപ്റ്റൻ ഇബ്രാഹിം സദ്രാൻ (8), അസത്തുള്ള ഒമർസായ് (2), മുഹമ്മദ് നബി (14) എന്നിവരെല്ലാം കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. നജിബുള്ള സദ്രാർ 21 പന്തിൽ നിന്ന് 23 റൺസെടുത്തു. അവസാന ഓവറുകളിൽ തകർത്തടിച്ച കരിം ജനത്തും മുജീബുർ റഹ്‌മാനുമാണ് അഫ്ഗാൻ സ്കോർ 172-ൽ എത്തിച്ചത്. കരിം 10 പന്തിൽ നിന്ന് 20 റൺസെടുത്തപ്പോൾ ഒമ്പത് പന്തുകൾ നേരിട്ട മുജീബ് 21 റൺസ് നേടി. ഇന്ത്യയ്ക്കായി അർഷ്ദീപ് മൂന്ന് വിക്കറ്റ് വീഴ്ത്തി. രവി ബിഷ്ണോയ്, അക്ഷർ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീതമെടുത്തു.
173 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യൻ ഇന്നിങ്സിൽ നേരിട്ട ആദ്യ പന്തിൽ തന്നെ ക്യാപ്റ്റൻ രോഹിത് ശർമ (0) പുറത്തായി. പിന്നാലെ രണ്ടാം വിക്കറ്റിൽ ജയ്സ്വാൾ – വിരാട് കോലി സഖ്യം അഫ്ഗാൻ ബൗളർമാരെ അടിച്ചുപറത്തി 57 റൺസ് കൂട്ടിച്ചേർത്തതോടെ കളി ഇന്ത്യയുടെ കൈയിലായി. 16 പന്തിൽ നിന്ന് അഞ്ച് ബൗണ്ടറിയടക്കം 29 റൺസെടുത്ത കോലി ആറാം ഓവറിൽ നവീൻ ഉൾ ഹഖിന് മുന്നിൽ കാലിടറി വീണു. പിന്നീടാണ് ജയ്‌സ്വാൾ – ദുബെ കൂട്ടുകെട്ടിൽ വിജയതേരോട്ടം തുടങ്ങിയത്. മത്സരത്തിൽ റിങ്കു സിങ് ഒമ്പത് റൺസോടെ പുറത്താകാതെ നിന്നു. ജിതേഷ് ശർമയും റൺസൊന്നും നേടാനാകാതെ പുറത്തായി. അഫ്ഗാനിസ്ഥാന് വേണ്ടി കരിം ജനത് രണ്ട് വിക്കറ്റ് വീഴ്ത്തി.