വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പര നേടിയതിന് പിന്നാലെ ട്വന്റി20 പരമ്പര സ്വന്തമാക്കാൻ ടീം ഇന്ത്യ ഇന്നിറങ്ങും. 5 മത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് രാത്രി 8ന് ബയാൻ ലാറ സ്റ്റേഡിയത്തിൽ നടക്കും. ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ പൂർണ്ണമായും യുവനിരയാണ് ഇന്ത്യൻ ടീമിന് വേണ്ടി കളത്തിലിറങ്ങുക.
ടെസ്റ്റിലും ഏകദിനത്തിലുമായി അഞ്ച് മത്സരങ്ങളാണ് നിലവിൽ പൂർത്തിയായത്. അതിൽ ഒരു ഏകദിനം മാത്രമാണ് ഇന്ത്യ തോറ്റത്. അതും പ്രധാന താരങ്ങളെ പുറത്തിരുത്തിയപ്പോൾ. ഏകദിനത്തിൽ മൂന്ന് ഇന്നിങ്സിലും അർധസെഞ്ച്വറി നേടിയ ഇഷാൻ കിഷൻ, ശുഭ്മാൻ ഗിൽ, എന്നിവർക്കൊപ്പം ഏകദിനത്തിൽ ഇല്ലാതിരുന്ന യശസ്വി ജയ്സ്വാൾ, തിലക് വർമ എന്നിവരും ബാറ്റിങ് നിരയിലുണ്ട്. ഓപ്പണിങ് സ്ഥാനത്തേക്ക് ഇഷാൻ, യശസ്വി, ഗിൽ എന്നിവരാണ് പരിഗണനയിലുള്ളത്.
വൈസ് ക്യാപ്റ്റൻ സൂര്യകുമാർ യാദവും മലയാളി താരം സഞ്ജു സാംസണും ടീമിലുണ്ട് എന്നത് കളിക്ക് അവേശം പകരുന്നതാണ്. സ്പിൻ വിഭാഗത്തിൽ, കുൽദീപ് യാദവിന് പകരം യുസ്വേന്ദ്ര ചാഹൽ ഇറങ്ങും. സ്പിന്നർ ഓൾറൗണ്ടർ അക്സർ പട്ടേൽ, രവി ബിഷ്ണോയ് എന്നിവരും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. ഏകദിനത്തിൽ ഇല്ലാതിരുന്ന പേസ് ബൗളർമാരായ ആവേശ് ഖാൻ, അർഷ്ദീപ് സിങ് എന്നിവരും ട്വന്റി 20 ടീമിലുണ്ട്. സീനിയേഴ്സിനെ കളിയിൽ ഉൾപ്പെടുത്തിയിട്ടില്ലാത്തതിനാൽ യുവതാരങ്ങൾക്ക് തങ്ങളുടെ കഴിവ് തെളിയിക്കാൻ സാധിക്കുന്ന ഒരു വേദി കൂടിയായിരിക്കും പരമ്പര.