ഇന്ത്യയ്ക്ക് ഇത് അഭിമാനമുഹൂർത്തം. റാഞ്ചിയിൽ ഇംഗ്ലണ്ടിനെതിരെ നടന്ന നാലാം ടെസ്റ്റിൽ ഇന്ത്യ അഞ്ച് വിക്കറ്റിനാണ് ജയം ഉറപ്പിച്ചത്. ഇതോടെ അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പര നീലപ്പട തൂത്തുവാരുകയും ചെയ്തു (3-1). ആദ്യ ടെസ്റ്റിൽ തോറ്റ ഇന്ത്യ, പിന്നീടുള്ള മൂന്ന് ടെസ്റ്റുകളും ജയിക്കുകയായിരുന്നു. ബാസ് ബോൾ കാലത്തെ ഇംഗ്ലണ്ടിന്റെ ആദ്യ ടെസ്റ്റ് പരമ്പര തോൽവിയാണിത്. അവസാന ടെസ്റ്റ് മാർച്ച് ഏഴിന് ധരംശാലയിൽ നടക്കും.
ഒരു ഘട്ടത്തിൽ വിക്കറ്റ് നഷ്ടമില്ലാതെ 84 എന്ന നിലയിലായിരുന്ന ഇന്ത്യ, 36 റൺസ് ചേർക്കുന്നതിനിടെ അഞ്ചു വിക്കറ്റുകൾ കളഞ്ഞു. പിന്നീട് ശുഭ്മാൻ ഗില്ലും വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറേലും ചേർന്ന് നടത്തിയ രക്ഷാ പ്രവർത്തനമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ഇംഗ്ലണ്ടിനുവേണ്ടി ഷുഐബ് ബഷീർ മൂന്ന് വിക്കറ്റുകൾ നേടി. രണ്ട് ഇന്നിങ്സുകളിലുമായി എട്ട് വിക്കറ്റുകൾ നേടി ഷുഐബ് ബഷീറാണ് വിക്കറ്റ് വേട്ടക്കാരിൽ മുൻപന്തിയിൽ. ഇന്ത്യക്കായി ആർ അശ്വിൻ രണ്ട് ഇന്നിങ്സുകളിലുമായി ആറ് വിക്കറ്റാണ് സ്വന്തമാക്കിയത്.
ശുഭ്‌മാൻ ഗിൽ 52 റൺസും ധ്രുവ് ജുറേൽ 37 റൺസും നേടി പുറത്താവാതെ നിന്നു. രോഹിത് ശർമ (55) അർധ സെഞ്ച്വറി നേടിയപ്പോൾ 44 പന്തിൽ 37 റൺസുമായി യശസ്വി ജയസ്വാൾ ആദ്യം പുറത്തായി. ടീം സ്കോർ 99-ൽ നിൽക്കേ, ബെൻ ഫോക്‌സിന് ക്യാച്ച് നൽകി രോഹിത് ശർമയും മടങ്ങി. പിന്നാലെയെത്തിയ രജത് പാട്ടിദർ ഒരിക്കൽക്കൂടി നിരാശപ്പെടുത്തി. ഷുഐബ് ബഷീറിൻ്റെ പന്തിൽ ഒലീ പോപ്പിന് ക്യാച്ച് നൽകി മടങ്ങി (പൂജ്യം). രവീന്ദ്ര ജഡേജ (4), സർഫറാസ് ഖാൻ (പൂജ്യം) എന്നിവരും പുറത്തായി.
ആദ്യ ഇന്നിങ്സിലെ സെഞ്ച്വറി ഉൾപ്പെടെ 133 റൺസ് നേടിയ ഇംഗ്ലണ്ടിന്റെ ജോറൂട്ടാണ് റൺ വേട്ടക്കാരിൽ മുൻപിൽ. രണ്ട് ഇന്നിങ്സുകളിലുമായി ധ്രുവ് ജുറേൽ 129 റൺസ് നേടി. നേരത്തേ ഇംഗ്ലണ്ട് ജോ റൂട്ടിൻ്റെ സെഞ്ചുറി ബലത്തിൽ ഒന്നാം ഇന്നിങ്സിൽ 353 റൺസെടുത്തിരുന്നു. നാല് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റ് നേടിയ ആകാശ് ദീപും രണ്ട് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജുമാണ് ഇംഗ്ലണ്ടിനെ 353-ൽ തളച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് 307 റൺസെടുക്കുന്നതിനിടെ പത്ത് വിക്കറ്റും നഷ്‌ടമായി. ഇതോടെ ഇന്ത്യ 46 റൺസിന് പിറകിലായി.
ഒരു ഘട്ടത്തിൽ 177-ൽ ആറ് എന്ന നിലയിൽ തകർന്ന ഇന്ത്യയെ വിക്കറ്റ് കീപ്പർ ധ്രുവ് ജുറേലിൻ്റെ ഇന്നിങ്സാണ് (90 റൺസ്) 300 കടത്തിയത്. യശസ്വി ജയസ്വാൾ 73 റൺസെടുത്തു. ഇംഗ്ലണ്ടിൻ്റെ ഷുഐബ് ബഷീറാണ് ഇന്ത്യയെ 307-ൽ ഒതുക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത്. അഞ്ച് വിക്കറ്റാണ് ഷുഐബിൻ്റെ നേട്ടം. ടോം ഹാർട്ട്ലി മൂന്നും ജെയിംസ് ആൻഡേഴ്‌സൻ രണ്ടും വിക്കറ്റുകൾ നേടി.
എന്നാൽ, രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിന് ആദ്യത്തേതുപോലെ പ്രകടനം കാഴ്ചവെയ്ക്കാനായില്ല. വെറും 145 റൺസെടുക്കുന്നതിനിടെ എല്ലാവരും മടങ്ങി. അശ്വിൻ്റെ അഞ്ച് വിക്കറ്റ് നേട്ടവും കുൽദീപ് യാദവിൻ്റെ നാല് വിക്കറ്റ് നേട്ടവുമാണ് ഇംഗ്ലണ്ടിനെ 150 പോലും കടക്കാനാവാത്ത വിധത്തിൽ തകർത്തത്. രവീന്ദ്ര ജഡേജ ഒരു വിക്കറ്റും നേടി. 60 റൺസ് നേടിയ ഓപ്പണർ സാക് ക്രോലി മാത്രമാണ് ഇംഗ്ലീഷ് നിരയിൽ കാര്യമായി പിടിച്ചുനിന്നത്. 53.5 ഓവർ മാത്രമാണ് ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സ് കളിച്ചത്.