വിൻഡീസിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ, സീനിയർ താരം വിരാട് കോലി എന്നിവരെ ട്വന്റി20 ടീമിൽനിന്ന് ഒഴിവാക്കി. അഞ്ച് മത്സരങ്ങളുള്ള പരമ്പരയ്ക്ക് 15 അംഗ ടീമിനെ പ്രഖ്യാപിച്ചപ്പോൾ മലയാളി താരം സഞ്ജു സാംസണെ ടീമിലുൾപ്പെടുത്തി. ഇഷാൻ കിഷനൊപ്പം വിക്കറ്റ് കീപ്പറായാണ് സഞ്ജുവിനെ ടീമിൽ എടുത്തിരിക്കുന്നത്. ഏകദിന പരമ്പരയിലും സഞ്ജു വെസ്റ്റിൻഡീസിനെതിരെ കളിക്കുന്നുണ്ട്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അജിത് അഗാർക്കർ മുഖ്യ സിലക്ടറായി ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ ടീം തിരഞ്ഞെടുപ്പായിരുന്നു ഇത്.
ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യൻ ടീം ക്യാപ്റ്റൻ, ഐപിഎൽ സീസണിലെ തകർപ്പൻ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ യശസ്വി ജയ് സ്വാൾ ട്വന്റി 20 ടീമിൽ ഇടം നേടി. ഐപിഎല്ലിൽ 16 മത്സരങ്ങളിൽ നിന്ന് 625 റൺസെടുത്തതോടെയാണ് യശസ്വി ജയ് സ്വാൾ ടീമിലെത്തിയത്. വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലും ജയ് സ്വാൾ കളിക്കുന്നുണ്ട്. ഐപിഎൽ സീസണുകളിൽ തുടർച്ചയായി തിളങ്ങിയ മുംബൈ ഇന്ത്യൻസ് ബാറ്റർ തിലക് വർമയും ഏഷ്യാകപ്പിൽ ഹോങ്കോങ്ങിനെതിരെ അവസാന മത്സരം കളിച്ച പേസർ ആവേശ് ഖാൻ ടീമിൽ മടങ്ങിയെത്തി.
വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം അംഗങ്ങൾ ഇഷാൻ കിഷൻ, ശുഭ്മൻ ഗിൽ, യശസ്വി ജയ്സ്വാൾ, തിലക് വർമ, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ, യുവേന്ദ്ര ചെഹൽ, കുൽദീപ് യാദവ്, രവി ബിഷ്ണോയ്, അർഷ്ദീപ് സിങ്, ഉമാൻ മാലിക്ക്, അവേശ് ഖാൻ, മുകേഷ് കുമാർ എന്നിവരാണ്.